മരിച്ച ശേഷവും ടിപിയെ കുലംകുത്തിയെന്ന് വിളിച്ചയാളാണ് പിണറായി, ഹംസയുടെ സ്ഥാനാർഥിത്വം സിപിഎമ്മിൻ്റെ രാഷ്‌ട്രീയ പാപ്പരത്തം : കെ സുധാകരൻ - കെ സുധാകരൻ
🎬 Watch Now: Feature Video
Published : Feb 23, 2024, 1:22 PM IST
കോട്ടയം: കെഎസ് ഹംസയുടെ സ്ഥാനാർഥിത്വം സിപിഎമ്മിൻ്റെ രാഷ്‌ട്രീയ പാപ്പരത്തമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. പിണറായിയെ കഴുത്തിന് പിടിച്ച് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട ആളാണ് ഹംസ. ആ പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. മരിച്ച ശേഷവും ടി പിയെ കുലംകുത്തി എന്ന് വിളിച്ചയാളാണ് പിണറായി. അവർക്കിടയിലെ വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും കെ സുധാകരൻ പറഞ്ഞു. കുഞ്ഞനന്തന്‍റെ മരണമടക്കം എല്ലാ ദുരൂഹതകളും മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ടി പി കേസിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം നടത്തേണ്ട സമയമിതാണെന്നും അന്വേഷണം നടന്നാൽ അത് എവിടെ എത്തി നിൽക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. വന്യജീവി ആക്രമണ വിഷയത്തില്‍ നിഷ്ക്രിയത്വവും നിസ്സംഗതയുമാണ് സർക്കാരിന്‍റെ മുഖമുദ്രയെന്നും വി ഡി സതീശൻ പറഞ്ഞു. ഈ മാസം 25 ന് യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കും. മുസ്ലിംലീഗുമായി ചർച്ച നടക്കാനിരിക്കുമ്പോൾ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.