രാഷ്ട്രീയം ഉപേക്ഷിക്കുന്നത് ശരിയാണോ, പിണറായിയുടെ വാക്കുകള്‍ തിരികെയെത്തിച്ചു : ജോണി നെല്ലൂർ
🎬 Watch Now: Feature Video
Published : Feb 6, 2024, 9:50 PM IST
കോഴിക്കോട് : രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന് കാരണക്കാരനായത് പിണറായി വിജയനെന്ന് ജോണി നെല്ലൂർ. രാഷ്ട്രീയം ഉപേക്ഷിച്ച് റേഷൻ ഡീലേഴ്‌സിന്‍റെ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു. നവകേരള സദസിൽ റേഷൻ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നൽകാൻ പോയിരുന്നു. വർഷങ്ങളായി ബന്ധം കാത്തുസൂക്ഷിക്കുന്ന പിണറായി ചോദിച്ചു. ''താൻ എന്തിനാ രാഷ്ട്രീയം ഉപേക്ഷിച്ച് ഇങ്ങനെ ഇരിക്കുന്നത്, അത് ശരിയാണോ. താങ്കളെപ്പോലുള്ളവര്‍ എപ്പോഴും രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കേണ്ടതല്ലേ. ഞങ്ങളുടെ കൂടെ കൂടണ്ട, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ചേര്‍ന്ന് പ്രവർത്തിക്ക്''. ഈ ചോദ്യമാണ് ജോണി നെല്ലൂരിനെ ചിന്തിപ്പിച്ചത്. ഒടുവിൽ വളർത്തി വലുതാക്കിയ മാതൃസംഘടനയിൽ, കേരള കോൺഗ്രസ് എമ്മിൽ തിരിച്ചെത്തി. യുഡിഎഫ് വിട്ട ജോണി നെല്ലൂർ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഏഴ് മാസമായി രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിലൂടെയാണ് ജോണി നെല്ലൂര്‍ നിയമസഭാ സാമാജികനാകുന്നത്. പാര്‍ട്ടിയുടെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ടി എം ജേക്കബ് കേരള കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ 1996, 2001 കാലങ്ങളില്‍ എംഎല്‍എയും ചെയര്‍മാനുമായി ജോണി നെല്ലൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഔഷധിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നെങ്കിലും അവിടം വിട്ട് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി രൂപീകരിച്ചു. 30 വര്‍ഷം നീണ്ട യുഡിഎഫ് ബന്ധം ഉപേക്ഷിച്ചായിരുന്നു ഇത്. ക്രൈസ്‌തവരുടെ വക്താക്കള്‍ എന്ന നിലയിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ഈ സമയത്ത് തന്നെയായിരുന്നു ബിജെപി ക്രൈസ്‌തവ സഭകളുമായി അടുക്കാനുള്ള നീക്കം നടത്തിയത്. ഇതോടെ ബിജെപിയുടെ ഭാഗമാകാനാണ് എന്‍പിപി രൂപീകരിച്ചത് എന്ന വിമര്‍ശനം ഉയര്‍ന്നു. അതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടി വിടുകയും ചെയ്‌തു. പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കി.