ശാന്തൻപാറയ്‌ക്ക് സമീപമുള്ള പാലം അപകടാവസ്ഥയിൽ ; പുനർനിർമിക്കാനുള്ള നടപടികൾ ഇഴയുന്നുവെന്ന് നാട്ടുകാര്‍
🎬 Watch Now: Feature Video
ഇടുക്കി : ശാന്തൻപാറയ്‌ക്ക് സമീപമുള്ള പാലം (Santhanpara bridge) അപകടാവസ്ഥയിൽ. മൂന്നാർ-കുമളി സംസ്ഥാന പാതയിൽ ശാന്തൻപാറയ്ക്ക് സമീപമാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ഈ പാലം പുനർനിർമിക്കുവാൻ ഇതുവരെ നടപടിയായില്ല. അറ്റകുറ്റപ്പണികൾ ഇല്ലാതെ അപകടക്കെണിയൊരുക്കി നിൽക്കുന്ന ഈ പാലത്തിൽ അധികൃതർ പലതവണ പരിശോധന നടത്തിയിരുന്നു. പൂപ്പാറയ്ക്കും ശാന്തൻപാറയ്ക്കും ഇടയിലുള്ള ഈ പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കാനുള്ള നടപടികൾ ഇഴയുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാറിൽ തുടങ്ങി നെടുങ്കണ്ടം, പുളിയന്മല, വണ്ടൻമേട് എന്നിവിടങ്ങളിലൂടെ കുമളിയിൽ അവസാനിക്കുന്ന എസ്എച്ച് 19 എന്നറിയപ്പെടുന്ന ഈ റോഡ്, സംസ്ഥാന രൂപീകരണത്തിന് മുൻപ് ജില്ലയിൽ നിർമ്മിച്ച പ്രധാന പാതയാണ്. 1952ല്‍ തിരു-കൊച്ചി സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി ചന്ദ്രശേഖര പിള്ളയാണ് ഈ റോഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. അന്ന് ദേവികുളം-കുമളി റോഡ് എന്നറിയപ്പെട്ടിരുന്ന ഈ പാതയിലെ ഏറ്റവും പഴക്കമുള്ള പാലമാണ് ശാന്തൻപാറയിലേത്. വർഷങ്ങൾക്ക് മുൻപ് പാലത്തിന്‍റെ കൈവരികൾ ബലപ്പെടുത്തിയത് മാത്രമാണ് ഇവിടെ നടത്തിയ ഏക നവീകരണ പ്രവർത്തനം. നിരവധി വാഹനാപകടങ്ങളാണ് ഈ പാലത്തിൽ ഉണ്ടായത്. ചരക്ക് വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ റോഡുകളെല്ലാം നന്നാക്കിയെങ്കിലും അപകടാവസ്ഥയിലായ ഇത്തരം പാലങ്ങൾ കൂടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.