മൂന്നാറില്‍ ട്രെയിനുണ്ട്... കരടിപ്പാറ നിറയെ കാഴ്‌ചകൾ...
🎬 Watch Now: Feature Video
Published : Feb 1, 2024, 3:16 PM IST
|Updated : Feb 1, 2024, 3:55 PM IST
ഇടുക്കി: പ്രകൃതി സമ്മാനിക്കുന്ന സുന്ദര കാഴ്‌ചകൾ. അതിനൊപ്പം തണുപ്പും കൂടി ചേരുമ്പോൾ ഭൂമിയിലെ സ്വർഗഭൂമിയെന്നാണ് മൂന്നാറിനെ കുറിച്ച് സഞ്ചാരികൾ പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും മൂന്നാറിലേക്ക് ട്രെയിന്‍ ഗതാഗതമില്ല. പക്ഷേ വർഷങ്ങൾക്ക് മുൻപ് മൂന്നാറില്‍ ട്രെയിൻ ഓടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് ചരിത്രം.
ആ കാഴ്‌ചകൾ മൂന്നാറില്‍ തിരിച്ചെത്തുകയാണ്. അതിങ്ങനെയാണ്...വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറിന്‍റെ കുന്നിന്‍ ചരിവുകളിലൂടെ ചൂളം വിളിച്ചോടിയിരുന്ന ആദ്യകാല ട്രെയിൻ മാതൃകയാണിത്. പള്ളിവാസല്‍ കരടിപ്പാറയില്‍ സഞ്ചാരികള്‍ക്കായി തുറന്ന ടേക്ക് എ ബ്രേക്ക് (Take a Break project opened for tourists at Pallivasal Karadipara).
ബോഗികളും, എഞ്ചിനും, റെയില്‍പ്പാളവുമെല്ലാം അതുപോലെ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമായുള്ള പ്രത്യേക ശുചിമുറികള്‍, ടി കഫെ എന്നിവയും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.
കരടിപ്പാറ: ഹൈറേഞ്ചിന്‍റെ വിദൂര കാഴ്ച്ചയാണ് കരടിപ്പാറയുടെ പ്രത്യേകത. ഈ കാഴ്ച്ചകള്‍ കൂടുതല്‍ ഉയരത്തില്‍ നിന്നാസ്വദിക്കാന്‍ വാച്ച് ടവറും നിര്‍മ്മിച്ച് കഴിഞ്ഞു. കുട്ടികള്‍ക്കായുള്ള ഉദ്യാനം വൈകാതെ ഇവിടെ ഒരുക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
വെറുമൊരു ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയെന്നതിനപ്പുറം സഞ്ചാരികളെ എങ്ങനെ കൂടുതലായി ആകര്‍ഷിക്കാമെന്ന ചിന്തയില്‍ നിന്നാണ് മൂന്നാറിലെ ആദ്യകാല ട്രെയിൻ രൂപത്തിലേക്ക് നിര്‍മ്മാണം എത്തിയതെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാര്‍ പറഞ്ഞു.