വിപണന കേന്ദ്രമല്ല, മാലിന്യ കേന്ദ്രം; കുപ്പത്തൊട്ടിയായി ബ്ലോക് പഞ്ചായത്തിന്‍റെ മൂന്ന് നില കെട്ടിടം - മൂന്ന് നില കെട്ടിടത്തില്‍ മാലിന്യം
🎬 Watch Now: Feature Video
Published : Jan 27, 2024, 10:48 PM IST
ഇടുക്കി: ബ്ലോക് പഞ്ചായത്തിന്‍റെ മൂന്ന് നില കെട്ടിട സമുച്ചയം ഗ്രാമ പഞ്ചായത്ത് കുപ്പത്തൊട്ടിയാക്കി മാറ്റി. സേനാപതി പഞ്ചായത്തിലെ മാങ്ങാത്തൊട്ടിയിലാണ് നെടുങ്കണ്ടം ബ്ലോക് പഞ്ചായത്ത് മൂന്ന് നില കെട്ടിടം വിപണന കേന്ദ്രത്തിനായി പണികഴിപ്പിച്ചത്. നിലവില്‍ സേനാപതി പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യം വന്‍തോതില്‍ നിക്ഷേപിച്ചിരിക്കുകയാണ് ഇവിടെ. 2020 സെപ്റ്റംബറില്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്‌തതാണ് ഈ മൂന്ന് നില കെട്ടിടം. മാങ്ങാത്തൊട്ടിയിലെ ഒരു ട്രസ്റ്റിന്‍റെ ഭൂമി കൂടി ബ്ലോക് പഞ്ചായത്തിന് വിട്ട് നല്‍കിയാണ് കെട്ടിടം പണി കഴിപ്പിച്ചത്. നെടുംങ്കണ്ടം ബ്ലോക് പഞ്ചായത്ത് 30 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച കെട്ടിടം വനിതകള്‍ക്കായുള്ള കാര്‍ഷിക വിപണന കേന്ദ്രം എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ന് ഈ കെട്ടിട സമുച്ചയത്തിന്‍റെ ഓരോ മുറികളും പരിസരവും മാലിന്യം സൂക്ഷിക്കുന്ന ഇടമാക്കി മാറ്റി. സേനാപതി പഞ്ചായത്തിലെ ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടി ഓരോ മുറികളിലും നിക്ഷേപിച്ചിരിക്കുകയാണ്. കൂടാതെ കെട്ടിടത്തിന്‍റെ മുന്‍ഭാഗത്തും പരിസരത്തുമായി മാലിന്യ ചാക്കുകള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നു. കെട്ടിടത്തിനുള്ളിലെ ശൗചാലയത്തില്‍ പോലും മാലിന്യം നിക്ഷേപിച്ച നിലയിലാണ്. കെട്ടിടത്തില്‍ നിന്നും മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഡിഒ സേനാപതി പഞ്ചായത്തിന് നിരവധി തവണ കത്ത് മുഖേന ആവശ്യപ്പെട്ടെങ്കിലും ഇത് അവഗണിക്കുകയാണ് ചെയ്‌തത്. നിലവില്‍ ഇഴജന്തുകള്‍ ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ കെട്ടിടം. കൂടാതെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇടത്താവളം കൂടിയായെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി സംരംഭകര്‍ കെട്ടിടം ആവശ്യപ്പെട്ട് വന്നെങ്കിലും മാലിന്യം കൂമ്പാരമായ പരിസരം മൂലം പിന്‍തിരിഞ്ഞ് പോകുകയാണ് പതിവ്. സേനാപതി പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശിയാണ് മാലിന്യം നീക്കി നല്‍കുന്നതിന് വിലങ്ങുതടിയായിരിക്കുന്നതെന്നാണ് ബ്ലോക് പഞ്ചായത്തംഗം നല്‍കുന്ന വിവരം. ലക്ഷങ്ങള്‍ മുതല്‍ മുടക്കി നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയ പഞ്ചായത്ത് അധികൃതരുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.