പെൻഷൻ മുടങ്ങിയിട്ട് 6 മാസം ; ജീവിതം വഴിമുട്ടി ശാരീരിക വെല്ലുവിളി നേരിടുന്ന യുവാവ് - വികലാംഗ പെന്‍ഷന്‍ മുടങ്ങി
🎬 Watch Now: Feature Video
Published : Jan 28, 2024, 12:14 PM IST
ഇടുക്കി : പെൻഷൻ മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് ഉപ്പുതറ സ്വദേശി വിഷ്‌ണു പൊന്നപ്പൻ എന്ന ശാരീരിക വെല്ലുവിളി നേരിടുന്ന യുവാവ്. 2004 മുതൽ മുടക്കം ഇല്ലാതെ ലഭ്യമായിരുന്ന പെൻഷനാണ് ഇപ്പോൾ ആറ് മാസമായി മുടങ്ങിക്കിടക്കുന്നത്. പലവട്ടം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും നടപടി ഉണ്ടാകുന്നില്ല എന്നാണ് ഈ യുവാവിന്‍റെ പരാതി. ജന്മനാ കാലിന് സ്വാധീനം ഇല്ലാത്ത ആളാണ് വിഷ്‌ണു. ശാരീരിക പ്രശ്‌നം മൂലം ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 2004 മുതൽ വിഷ്‌ണു സർക്കാരിന്‍റെ വികലാംഗ പെൻഷന് അർഹനായി. അന്നുമുതൽ മുടക്കം ഇല്ലാതെ പെൻഷൻ ലഭ്യമായിരുന്നു. അതിനിടെ 2019 ൽ മാതാവ് മരണപ്പെട്ടു. ശേഷം 2023 ൽ പിതാവും മരണമടഞ്ഞു. ഉപജീവനത്തിനായി ലോട്ടറി വില്‍പ്പന ഉണ്ടായിരുന്നെങ്കിലും വാഹനം കേടുപാടുവന്ന് നഷ്‌ടമായതോടെ ഉണ്ടായിരുന്ന വരുമാനവും നിലച്ചു. പിന്നീട് സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ മാത്രമായിരുന്നു വിഷ്‌ണുവിന്‍റെ ഏക ആശ്രയം. തുടർന്നാണ് 2023 ജൂലൈ മുതൽ ലഭ്യമായിക്കൊണ്ടിരുന്ന പെൻഷനും നിലച്ചത്. ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഈ യുവാവ്. പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് പെൻഷൻ സസ്പെൻഡ് ചെയ്യാൻ കാരണം. എന്നാൽ ഇത് പരിഹരിക്കാൻ നിരവധി തവണയാണ് പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയത്. 2023 ഡിസംബർ മാസം തന്നെ വേണ്ട എല്ലാ രേഖയും പഞ്ചായത്തിൽ സമർപ്പിച്ചു. ഉടൻതന്നെ പെൻഷൻ ലഭ്യമാകും എന്ന വാക്ക് മാത്രമാണ് പഞ്ചായത്ത് അധികൃതരിൽ നിന്നും ലഭിച്ചത്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ മറ്റൊരാളെ ആശ്രയിച്ച് മാത്രമേ വിഷ്‌ണുവിന് ജീവിക്കാൻ സാധിക്കൂ. മാതാപിതാക്കൾ മരണപ്പെട്ടതോടെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ഈ യുവാവ്.