ബജറ്റ് അവതരണത്തിനിടെ കൊച്ചി നഗരസഭയില്‍ സംഘർഷം; ബജറ്റ് കീറിയെറിഞ്ഞ് പ്രതിപക്ഷം - opposition protest
🎬 Watch Now: Feature Video
Published : Feb 6, 2024, 2:50 PM IST
എറണാകുളം: ബജറ്റ് അവതരണത്തിനിടെ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിക്ക് വേദിയായി കൊച്ചി നഗരസഭ കൗൺസിൽ ഹാൾ. രാവിലെ 10.30ന് ബജറ്റ് അവതരണം നടക്കുമെന്നറിയിച്ചിരുന്നുവെങ്കിലും മേയറും ഭരണ കക്ഷി അംഗങ്ങളും വൈകിയതോടെ പ്രതിപക്ഷം പ്ലക്കാർഡുകളുമേന്തി പ്രതിഷേധം തുടങ്ങുകയായിരുന്നു. ചട്ടങ്ങൾ പാലിക്കാത്തതിനാൽ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. മുനിസിപ്പൽ ആക്‌ട് 290 പ്രകാരം കോർപറേഷൻ സെക്രട്ടറി ബജറ്റ് മേശപ്പുറത്ത് വച്ചു. ബജറ്റ് ആമുഖം വായിക്കാനെത്തിയ മേയറെയും ബജറ്റ് പ്രസംഗത്തിനൊരുങ്ങിയ ഡെപ്യൂട്ടി മേയറെയും കൂവിയും മുദ്രാവാക്യം വിളിച്ചും യുഡിഎഫ് അംഗങ്ങൾ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഫിനാൻസ് കമ്മിറ്റി ചേരാതെയുള്ള ബജറ്റ് അവതരണം അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. ഒടുവിൽ ബജറ്റിൻ്റെ കോപ്പി കീറിയെറിഞ്ഞ് യുഡിഎഫ് പ്രതിഷേധം തുടർന്നു. ഡെപ്യൂട്ടി മേയർക്ക് ബജറ്റ് അവതരിപ്പിക്കാനാകാതെ വന്നതോടെ മേയറും ഭരണകക്ഷി അംഗങ്ങളും കൗൺസിൽ ഹാൾ വിടുകയായിരുന്നു (Budget Presentation In Kochi Corporation). ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്‌തതടക്കം അസാധാരണമായ സംഭവമാണ് കൗൺസിൽ ഹാളിൽ നടന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. അതേസമയം സിപിഎമ്മും, സിപിഐയും തമ്മിലുള്ള തർക്കം ബജറ്റ് അവതരണത്തെ ബാധിച്ചിട്ടില്ലെന്ന് മേയർ വ്യക്തമാക്കി. തലയില്ലാത്ത ബജറ്റ് എന്നാക്ഷേപിച്ച് പ്രതിപക്ഷം കൗൺസിലിന് പുറത്തും പ്രതിഷേധം തുടർന്നു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.