അതിരപ്പിള്ളി- മലക്കപ്പാറ പാതയിൽ കരടി ഇറങ്ങി; ദൃശ്യങ്ങൾ പുറത്ത് - Bear found in Athirappilly - BEAR FOUND IN ATHIRAPPILLY
🎬 Watch Now: Feature Video
Published : May 1, 2024, 5:45 PM IST
തൃശൂർ: അതിരപ്പിള്ളിയിൽ കരടിയിറങ്ങി. അതിരപ്പിള്ളി പുളിയിലപ്പാറയിലാണ് കരടി ഇറങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്‌ച (ഏപ്രിൽ 29) രാത്രി ആണ് സംഭവം. വാഹനത്തിൽ പോവുകയായിരുന്ന വിനോദ സഞ്ചാരികളാണ് കരടിയെ കണ്ടത്. അതിരപ്പിള്ളി -മലക്കപ്പാറ പാതയിൽ വച്ചാണ് കരടിയെ കണ്ടത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം കണ്ടതോടെ കരടി കാട്ടിലേക്ക് ഓടി കയറുകയായിരുന്നു. വന്യജീവി സാന്നിധ്യമുള്ള മേഖലയാണ് അതിരപ്പിള്ളി. മേഖലയിൽ കാട്ടാന ശല്യവും രൂക്ഷമാണ്.
കഴിഞ്ഞ ശനിയാഴ്‌ച (ഏപ്രിൽ 27) അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തിരുന്നു. വനംവകുപ്പിന്‍റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒപ്പം ഒരു വാച്ചറും ബീറ്റ് ഫോറസ്‌റ്റ് ഓഫിസറും ഉണ്ടായിരുന്നു. ആന വരുന്നത് മനസിലാക്കി ജീപ്പ് വാച്ചർ പുറകോട്ടെടുത്തതോടെ കുറച്ചു ദൂരം ഓടിയ ആന തിരിച്ചു പോവുകയായിരുന്നു. അതിരപ്പിള്ളിയുടെ ഉൾവനത്തിൽ വനം വകുപ്പ് സംഘടിപ്പിക്കുന്ന ട്രക്കിങ് ആണ് ജംഗിൾ സഫാരി. അതിരപ്പിള്ളിയിലെ ജനവാസ മേഖലയിലും കാട്ടാന ശല്യം രൂക്ഷമായതിനാൽ ജനങ്ങൾ ഭീതിയിലാണ്.