thumbnail

By ETV Bharat Kerala Team

Published : Feb 18, 2024, 9:26 PM IST

ETV Bharat / Videos

അണ്ടലൂര്‍ കാവില്‍ കളിയാട്ടം തുടങ്ങി; വൻ ഭക്തജനത്തിരക്ക്

കണ്ണൂര്‍: അണ്ടലൂര്‍ കാവില്‍ വന്‍ ഭക്തജനത്തിരക്ക്. ബാലി സുഗ്രീവ യുദ്ധവും സീതയും ലവകുശന്‍മാരും ഭക്തജനങ്ങളുടെ മനസ്സില്‍ നിറഞ്ഞു നിന്നു. ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധത്തിനിടയില്‍ മദ്ധ്യസ്ഥനായ ബപ്പൂരന്‍ ഇരുവര്‍ക്കും മധ്യത്തില്‍ നിലയുറപ്പിച്ചതോടെ ഇന്നത്തെ യുദ്ധത്തിന് പര്യവസാനമായി. അങ്കത്തട്ടില്‍ യുദ്ധം കാണാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങളെത്തി. അങ്കവിക്ഷേപങ്ങളിലൂടെ പോരിന് തയ്യാറെന്ന മുന്നറിയിപ്പ് നല്‍കി കളിയാട്ട മുറ്റത്ത് തിങ്ങിക്കൂടിയ പുരുഷാരത്തെ ഉദ്വേഗത്തിന്‍റെ മുള്‍ മുനയില്‍ നിര്‍ത്തി അങ്കം കുറിയ്‌ക്കുയായിരുന്നു. വൈകിട്ട് പ്രധാന ആരാധനാ മൂര്‍ത്തിയായ ദൈവത്താര്‍ ഈശ്വരന്‍ തിരുമുടിയണിഞ്ഞ് അരങ്ങത്തെത്തിയപ്പോള്‍ അനുഗ്രഹം തേടാന്‍ ജനം തിക്കിത്തിരക്കി. പൊന്‍മുടിയണിഞ്ഞ ദൈവത്താര്‍ ശ്രീരാമന്‍റെ പ്രതീകമാണ്. മേലേക്കാവില്‍ ഭക്തരെ അനുഗ്രഹിച്ചശേഷം രാത്രി സഹചാരികളായ അങ്കക്കാരനും ബപ്പൂരനുമൊപ്പം താഴെക്കാവിലേക്ക് ആട്ടത്തിനായി എഴുന്നെള്ളും. തുടര്‍ന്ന് മേലേക്കാവില്‍ തിരിച്ച് എഴുന്നെള്ളിയാണ് അന്നത്തെ കളിയാട്ടം അവസാനിക്കുക. സീതയും ലവകുശന്‍മാരും ഇവിടെ അറിയപ്പെടുന്നത് അതിരാളവും മക്കളും എന്ന പേരിലാണ്. ഇളം കരുവന്‍, പൂതാടി, നാഗകണ്‌ഠന്‍, നാഗഭഗവതി, പൊന്‍മകന്‍, പുതുചേകോന്‍, വേട്ടയ്‌ക്കൊരുമകന്‍, ബപ്പൂരന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടുന്നു. സൂര്യാസ്‌തമനത്തോടു കൂടിയാണ് ശ്രീരാമനായി സങ്കല്‍പ്പിക്കുന്ന ദൈവത്താറും സഹചാരികളായ ലക്ഷ്‌മണന്‍ അങ്കക്കാരനായും ഹനുമാനായി ബപ്പൂരനായും തിരുമുടിയണിഞ്ഞെത്തുക. താഴെക്കാവില്‍ രാത്രിയാണ് എഴുന്നെള്ളത്ത് നടക്കുക. ഇവിടെ രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങളെ ആസ്‌പദമാക്കിയുള്ള തെയ്യാട്ടം നടക്കും. 20 -ാം തീയതി വരെ പൊലിമയോടെ തെയ്യങ്ങള്‍ ഉറഞ്ഞാടും. 21 ബുധനാഴ്‌ച പുലര്‍ച്ചെ തിരുവാഭരണം അറയില്‍ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.