ഡിസംബര്‍ മാസം ആഘോഷങ്ങളുടേത് മാത്രമല്ല, അവധികളുടേതും കൂടിയാണ്. ക്രിസ്‌മസ് ആഘോഷവും ക്രിസ്‌മസ് അവധിയും ഒന്നിച്ചെത്തുമ്പോള്‍ എങ്ങനെ കളറാക്കാം എന്നാലോചിക്കുകയാണോ നിങ്ങള്‍? ഏറ്റവും മനോഹരമായ ഈ തണുപ്പ് കാലത്ത് വീട്ടില്‍ ഒതുങ്ങി കൂടാതെ പുറത്തേക്കൊന്ന് ഇറങ്ങിയാലോ? മഞ്ഞുവീഴുന്ന ശൈത്യകാലത്ത് മാത്രം സുന്ദര ഭൂമിയാകുന്ന നിരവധി സ്ഥലങ്ങളുണ്ട് നമ്മുടെ രാജ്യത്ത്.
പ്രിയപ്പെട്ടവരോടൊത്ത്, അങ്ങനെയൊരു അനുഗ്രഹീത ഭൂമിയില്‍, നമുക്കിഷ്‌ടപ്പെട്ട ദിവസം ആഘോഷിക്കുക എന്നാല്‍, അത് വല്ലാത്തൊരു അനുഭൂതിയാണ്. ഇത്തവണത്തെ ക്രിസ്‌മസ് ആഘോഷവും അവധിക്കാലവും അങ്ങനെ ഒരിടത്തേക്കായാലോ? അങ്ങനൊരിടം ഇന്‍റര്‍നെറ്റില്‍ തെരഞ്ഞ് ബുദ്ധിമുട്ടേണ്ട. ഇവയാണ് ആ സ്ഥലങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉദയ്‌പൂര്‍ (രാജസ്ഥാന്‍) : ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദയ്‌പൂര്‍. തടാകങ്ങളുടെ നഗരം എന്ന് ഓമനപ്പേരുള്ള അതിമനോഹര ഭൂമിക. ഉദയ്‌പൂരിന്‍റെ പ്രൗഢി വിളിച്ചോതുന്ന സിറ്റി പാലസ്, ജഗ് മന്ദിർ തുടങ്ങിയ കൊട്ടാരങ്ങൾ, പിച്ചോള തടാകത്തിലെ ഓളങ്ങളെ തഴുകിയുള്ള ബോട്ട് സവാരി, തടാകങ്ങളിലേക്ക് തുറക്കുന്ന കവാടങ്ങളുള്ള ഹെറിറ്റേജ് റിസോര്‍ട്ടുകള്‍... ഇങ്ങനെ ഉദയ്‌പൂരിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക ശില്‍പഗ്രാം കരകൗശലമേള ഉദയ്‌പൂരിന്‍റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാണ്. ഇവിടുത്തെ താമസത്തിന് സ്വകാര്യ വില്ലകള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും നിരവധി ഓപ്‌ഷനുകളുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികളും നിരവധിയുണ്ട്. ശാന്തത ആഗ്രഹിക്കുന്നവരാണെങ്കില്‍ മറ്റൊന്നും ചിന്തിക്കാതെ നേരെ ഉദയ്‌പൂരിലേക്ക് വണ്ടിപിടിക്കാം.
മെചുക (അരുണാചല്‍ പ്രദേശ്) : നിഗൂഢത നിറഞ്ഞ ഭൂപ്രകൃതിയാല്‍ 'വിലക്കപ്പെട്ട താഴ്‌വര' എന്നറിയപ്പെടുന്ന മെചുക. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന്, പുല്‍ത്തകിടികളാലും മഞ്ഞ് മൂടിയ മലകളാലും ചുറ്റപ്പെട്ട മനോഹരമായ ഒരിടം. ഗോത്രവർഗ സംസ്‌കാരമായ മൊൺപ ഈ പ്രദേശത്തിന്‍റ മറ്റൊരു പ്രത്യേകതയാണ്. പ്രകൃതിയുടെ മടിത്തട്ടിലെ താമസത്തിന് ഹോംസ്റ്റേകളും ഹോട്ടലുകളും നിരവധി. അവയില്‍ പ്രധാനപ്പെട്ടവയാണ് യാർഗ്യാപ്-ചു കോട്ടേജ് ഹോംസ്റ്റേ, ദി മിസ്റ്റ് ഹോട്ടൽ, ഹോട്ടൽ ഝക്ത്സാങ് എന്നിവ.
കസോലി (ഹിമാചല്‍ പ്രദേശ്) : പ്രശാന്ത സുന്ദരമായ കുന്നുകളാൽ ചുറ്റപ്പെട്ട കസോലി. കൊളോണിയല്‍ കാലത്തിന്‍റെ ശേഷിപ്പുകളുണ്ട് ഇന്നും കസോലിയുടെ മണ്ണില്‍. നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നകന്ന് കുറച്ചുനാള്‍ ശാന്തത ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കസോലി പറ്റിയൊരിടമാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം കസോലിയിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ ഇനി വൈകേണ്ടതില്ല. മനോഹരമായ ലാന്‍ഡ് സ്‌കേപ്പുകളിലെ താമസവും ഇവിടെ അനായാസം ലഭ്യമാകും. ലക്ഷ്വറി ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പുറമെ സ്വകാര്യ വില്ലകളും നിരവധിയാണ്.
സന്ദക്‌ഫു (പശ്ചിമ ബംഗാള്‍) : ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ച് കൊടുമുടികളിൽ നാലെണ്ണത്തിന്‍റെ (എവറസ്റ്റ്, ലോത്സെ, മകാലു, കാഞ്ചൻജംഗ) വശ്യമനോഹാരിത അത്രമേല്‍ വെളിപ്പെടുന്ന ഇടമാണ് സന്ദക്‌ഫു. ഹിമാലയത്തിന്‍റെ മടിത്തട്ടിലാണ് സന്ദക്‌ഫുവിന്‍റെ സ്ഥാനം. ശൈത്യകാലത്തെ സന്ദക്‌ഫുവിന്‍റെ തെളിഞ്ഞ ആകാശം ഫോട്ടോഗ്രാഫര്‍മാരെ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. റോഡോഡെൻഡ്രോൺ പൂക്കള്‍ നിറഞ്ഞ കുന്നിന്‍ചെരിവുകള്‍, മനോഹരമായ ഗ്രാമങ്ങള്‍, വൈവിധ്യമായ പ്രകൃതി എന്നിവ താണ്ടി വേണം സന്ദക്‌ഫുവിലേക്ക് എത്തിച്ചേരാന്‍. ഹിമാലയത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട ഇടമാണ് സന്ദക്‌ഫു. ഉഡാൻ ഹിമാലയൻ സ്യൂട്ടുകളും സ്‌പായും മെയ്ഫെയർ ഹിൽ റിസോർട്ടും ക്രസൻ്റ് റിസോർട്ടും സന്ദക്‌ഫുവിലെ താമസം അടിപൊളിയാക്കും.
റാന്‍ ഓഫ് കച്ച് (ഗുജറാത്ത്) : വിശാലമായ ഉപ്പ് മരുഭൂമി, റാന്‍ ഓഫ് കച്ചിനെ ഒറ്റവാക്കില്‍ ഇങ്ങനെ പറയാമെങ്കിലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പല ഘടകങ്ങളുണ്ടിവിടെ. ഒട്ടക സവാരി, നാടോടി കലകളും സംസ്‌കാരവും തുടങ്ങി നക്ഷത്രനിബിഡമായ ആകാശത്തിന് കീഴിലുള്ള റാന്‍ ഓഫ് കച്ചിന്‍റെ അതിശയകരമായ ഭൂപ്രകൃതി വരെ ആരെയും അതിശയിപ്പിക്കും. നവംബർ 1 മുതൽ ഫെബ്രുവരി 20 വരെ നടക്കുന്ന റാൻ ഉത്സവില്‍ പ്രാദേശിക കരകൗശല വസ്‌തുക്കളും പരമ്പരാഗത സംഗീതവും രുചികരമായ ഗുജറാത്തി പാചകരീതിയും അനുഭവിച്ചറിയാം. കൂടാരങ്ങളിലെ താമസം കൂടിയാകുമ്പോള്‍ നിങ്ങൾക്ക് സമ്പന്നമായ കച്ചി സംസ്‌കാരത്തെ നേരിട്ട് അറിയാനാകും. വിന്ദാം ഗാന്ധിധാം ഷൈനയ്, റമീ, ദി ശ്രീനിവാസ് പാലസ് എന്നിവ നിങ്ങള്‍ക്ക് താമസത്തിനായി തെരഞ്ഞെടുക്കാം.
Also Read: മഞ്ഞുമലകളും തണുപ്പും ആവോളം ആസ്വദിക്കാം; വരൂ ഭൂമിലെ സ്വർഗത്തിലേക്ക് പോകാം