യാത്രകള്‍ എപ്പോഴും മനുഷ്യന് ഉല്ലാസകരമാണ്. യാത്ര പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരു ജന്മം കൊണ്ട് കണ്ടു തീര്‍ക്കാന്‍ കഴിയാത്ത അത്ര അതിശയങ്ങളാണ് ഭൂമി അതിന്‍റെ മാറില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത്. അത് തൊട്ടറിയാന്‍ പർവതാരോഹണം, കടലിന്‍റെ ഉളളറകളിലേക്കുളള യാത്ര, മറ്റ് സാഹസിക യാത്ര തുടങ്ങിയവയിലൂടെ കഴിയും.
കൃത്യമായ പ്ലാനിങ് യാത്രകളെ കൂടുതല്‍ മനോഹരമാക്കും. ആശങ്കയില്ലാതെ യാത്ര ആസ്വദിക്കുന്നതിനും പ്ലാനിങ്ങ് സഹായിക്കും. ഒരു യാത്ര പോകുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
യാത്ര എങ്ങോട്ട്?
കുറേ കാലമായി സ്വപ്‌നം കാണുന്ന, പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്കായിരിക്കും പലരും യാത്ര തിരിക്കുക. എന്നാല്‍ കുറച്ച് പേര്‍ക്കെങ്കിലും എങ്ങോട്ട് യാത്ര പോകണം എന്നതില്‍ സംശയമുണ്ടാകും. ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതയുണ്ടാകും അവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ ഒരു സമയവും. അതുകൊണ്ടുതന്നെ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സീസൺ, സമയം, ബജറ്റ് എന്നിവയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബജറ്റിന് അനുസരിച്ചുളള സ്ഥലം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. സ്ഥലം തെരഞ്ഞെടുക്കാന്‍ സഹായം ആവശ്യമെങ്കില്‍ അതിന് സഹായിക്കുന്ന ആപ്ലിക്കേഷന്‍സ് ഉപയോഗിക്കുക. ഇത്തരം ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ യാത്ര പ്ലാന്‍ ചെയ്യാൻ സാധിക്കും. അതിലൂടെ പ്ലാനിങ്ങിന്‍റെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.
എവിടെ താമസിക്കും?
എവിടെ പോകണം എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ ഉയരുന്ന അടുത്ത ചോദ്യം എവിടെ താമസിക്കും എന്നതാണ്. പണത്തിന് അനുസരിച്ച് സൗകര്യങ്ങളുളള സ്ഥലം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. ടൂറിസ്റ്റ് കേന്ദ്രത്തിന് അടുത്തുളള താമസ കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും എന്നതും ശ്രദ്ധിക്കുക.
ടൂറിസ്റ്റ് ഹോട്ടലുകളില്‍ വാരാന്ത്യത്തില്‍ പണം കൂടുതലും ബിസിനസ് ഹോട്ടലുകളില്‍ വാരാന്ത്യത്തില്‍ പണം കുറവുമായിരിക്കും. സുഹൃത്തുക്കളും കുടുംബവുമായി യാത്ര ചെയ്യുന്ന പലരും വില്ലകളാണ് താമസത്തിനായി ഇപ്പോള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്.
എന്ത് ഭക്ഷണം, എവിടുന്ന് കഴിക്കും?
യാത്ര എങ്ങോട്ടായാലും ഭക്ഷണം പ്രധാനമാണ്. യാത്രയിലുടനീളം ആരോഗ്യവാനായിരിക്കാന്‍ നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പുതിയ സ്ഥലത്തെ സംസ്‌കാരത്തെ അടുത്തറിയാന്‍ അവിടുത്തെ ഭക്ഷണത്തിലൂടെ സാധിക്കും.
ഇത്തരത്തില്‍ ആരോഗ്യകരവും വ്യത്യസ്‌തവുമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. ആളുകളോട് നേരിട്ട് ചോദിക്കുന്നത് വഴി പ്രദേശത്തെ പ്രത്യേക ഭക്ഷണത്തെ കുറിച്ചും നല്ല ഹോട്ടലുകളെ കുറിച്ചും മനസിലാക്കാന്‍ സാധിക്കും. കൂടാതെ സൊമാറ്റോ പോലുളള ആപ്പുകള്‍ വഴിയും നല്ല ഹോട്ടലുകള്‍ കണ്ടെത്താന്‍ കഴിയും. ഫുഡ് ബ്ലോഗ് വായിക്കുന്നതിലൂടെ ചില രഹസ്യ രുചികൂട്ടിലേക്ക് എത്തിച്ചേരാനും കഴിയും.
ടിക്കറ്റ് ബുക്കിങ്ങ് എങ്ങനെ?
യാത്ര പ്ലാന്‍ ചെയ്‌ത് കഴിഞ്ഞാല്‍ പിന്നീട് ചെയ്യേണ്ടത് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക എന്നതാണ്. ബസ്, ട്രെയിൻ, വിമാന മാര്‍ഗം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പണം ലാഭിക്കാനും അവസാന നിമിഷത്തെ സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കും. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും എളുപ്പം. പോകാന്‍ മാത്രമല്ല തിരിച്ച് വരാനുളള ടിക്കറ്റും ബുക്ക് ചെയ്‌തിട്ട് യാത്ര പുറപ്പെടുന്നതാണ് നല്ലത്.
ബാഗ് പാക്ക് ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
ടിക്കറ്റ് ബുക്കിങ് കഴിഞ്ഞാന്‍ പിന്നീട് വരുന്ന പ്രധാന കാര്യം പാക്കിങ്ങാണ്. സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്‌ത്രങ്ങളും സാധനങ്ങളും എടുത്തുവയ്ക്കാന്‍ ശ്രദ്ധിക്കുക.
എന്തൊക്കെ പരിപാടികള്‍ ചെയ്യാനാണോ തീരുമാനിച്ചിരിക്കുന്നത് അതിനനുസരിച്ചുളള സാധനങ്ങള്‍ എടുത്തുവയ്ക്കുക. ആവശ്യമായ മരുന്നും മറ്റു വസ്‌തുക്കളും നേരത്തെ എടുത്തുവയ്ക്കാന്‍ ശ്രദ്ധിക്കുക. ഒരുപാട് സാധനങ്ങള്‍ കൊണ്ടുപോകാത്തതാകും യാത്രയ്ക്ക് സൗകര്യം.