കണ്ണൂര്‍: ജനപ്രിയ ഭക്ഷണങ്ങളുടെ കലവറയാണ് ധര്‍മ്മടത്തെ ആര്‍ആര്‍എ അനൂസ് ചായക്കട. കണ്ണൂര്‍-തലശ്ശേരി റോഡില്‍ ധര്‍മ്മടം ജുമാ മസ്‌ജിദിന് എതിര്‍വശത്തെ ഈ തട്ടുകട ഹോട്ടലായി രൂപാന്തരം പ്രാപിച്ചത് അടുത്ത കാലത്താണ്. എന്നാല്‍ ചായക്കടയായി തുടങ്ങിയ ഇവിടെ നാടന്‍ വിഭവങ്ങള്‍ രുചിക്കാനെത്തുന്നവരുടെ തിരക്കാണ്.
രാവിലെ ആറ് മുതല്‍ ഇഷ്‌ട ഭക്ഷണം ഇവിടെ ലഭിച്ചു തുടങ്ങും. പുട്ട്, പൂരി, പൊറോട്ട, നെയ്പ്പത്തല്‍ എന്നിവയോടെയാണ് രാവിലത്തെ തുടക്കം. മീന്‍കറി, കടല, പച്ചക്കറി, ചിക്കന്‍ കറി, ബീഫ് കറി എന്നിവ ഒപ്പം കൂട്ടാം. എന്നാല്‍ നാടന്‍ ഊണ്‍ കൂടി ലഭിക്കണമെന്ന ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് ഹോട്ടല്‍ ഉടമ കുന്നുമ്മല്‍ രമേശന്‍ പരീക്ഷണാര്‍ഥമാണ് ഹോട്ടലിൽ ഊണ്‍ നല്‍കി തുടങ്ങിയത്. അതോടെ കീശ കാലിയാകാതെ രുചികരമായ നാടന്‍ ഊണ്‍ തേടി ആളുകള്‍ എത്തിത്തുടങ്ങി.
നല്ല തേങ്ങയരച്ച മീന്‍ കറിക്കും സാമ്പാറിനും പച്ചടിക്കും പുറമേ തൊടുകറി, അച്ചാര്‍, പപ്പടം എന്നിവ ഊണിനൊപ്പം ലഭിക്കും. അമ്പത് രൂപയാണ് ഇവിടെ ഊണിന്‍റെ വില. അയല, മത്തി, ചെറുമീൻ എന്നിവ വറുത്തതിന് 35 രൂപ നല്‍കിയാല്‍ മതിയാകും. അതോടെ ഈ ഹോട്ടല്‍ ഭക്ഷണ പ്രേമികളുടെ ഇടയില്‍ സ്ഥാനം പിടിച്ചിരിക്കയാണ്.
തലശേരിക്കാരുടെ തനത് രുചിയിൽ ഭക്ഷണം പാചകം ചെയ്‌ത് നല്‍കുന്നതാണ് ഈ ഹോട്ടലിന്‍റെ മറ്റൊരു സവിശേഷത. ഒരിക്കല്‍ ഇവിടുത്തെ ഭക്ഷണം രുചിച്ചവര്‍ വീണ്ടും ഈ ഹോട്ടൽ തേടിയെത്തുന്നതും പതിവാണ്. ധര്‍മ്മടം സ്വദേശിയായ കുന്നുമ്മല്‍ രമേശനും ഷൈനി കൊട്ടുങ്ങലും ഉള്‍പ്പെടെ നാല് ബന്ധുക്കളാണ് ഹോട്ടലിന്‍റെ നടത്തിപ്പുകാർ. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം പോലെയാണ് ആര്‍ആര്‍എയിലെ ഓരോ വിഭവവും. ഇവിടുത്തെ ഭക്ഷണത്തെ കുറിച്ച് കേട്ടറിഞ്ഞും നേരിട്ട് അനുഭവിച്ചും ഭക്ഷണ പ്രിയര്‍ ഇവിടെ എത്താറുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉച്ചയൂണ് മാത്രമല്ല വൈകിട്ട് മൂന്ന് മണിയോടെ നല്ല പലഹാരങ്ങളും ഹോട്ടലിലെ ചില്ലലമാരയിൽ നിറയും. തലശേരി സ്‌പെഷലായ കോഴിക്കാല്‍, കിഴങ്ങുപൊരി എന്നിവയും പരിപ്പുവട, ബോണ്ട, സുഖിയന്‍, പക്കാവട എന്നീ പലഹാരങ്ങളും കഴിക്കനെത്തുന്നവർ ഏറെയാണ്.
ഇരുമ്പ് ചട്ടിയില്‍ എണ്ണയൊഴിച്ച് പൊരിച്ചെടുക്കുന്ന ഓരോ പലഹാരവും നാല് മണിക്ക് മുമ്പേ റെഡിയാകും. അപ്പോഴേക്കും വാഹനങ്ങളിലും മറ്റുമായി ആളുകള്‍ എത്തിത്തുടങ്ങും. ചില്ലലമാരയില്‍ പലഹാരങ്ങള്‍ അടുക്കി വയ്‌ക്കും. ഇതിന് മുമ്പ് തന്നെ പാഴ്‌സലായി വാങ്ങി കൊണ്ടു പോകാനും ആളുകൾ എത്തും. ഇത് വൈകിട്ട് ആറ് മണിവരെ തുടരും.
രാവിലെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ ജനപ്രിയ ഹോട്ടലില്‍ രാത്രി എട്ട് മണിവരെ രുചികരമായ ഭക്ഷണം ലഭിക്കും. നാടന്‍ രുചിയുടെ നന്മ വിളയുന്ന ആര്‍ആര്‍എ അനൂസ് ഹോട്ടല്‍ ഇത് വഴിയുള്ള യാത്രികര്‍ക്കും അനുഗ്രഹമായി മാറിയിരിക്കയാണ്.
Also Read: പേരും ബോർഡുമില്ലാതെ പേരുകേട്ട ഹോട്ടൽ; കുന്നിന്‍ചെരുവിലെ റീനയുടെ ഹോട്ടലിൽ തിരക്കോടു തിരക്ക്