കണ്ണൂര്‍ : പണ്ടൊക്കെ ബീഫും പൊറോട്ടയുമായിരുന്നു മലയാളികളുടെ ഇഷ്‌ട ഭക്ഷണങ്ങളിൽ ഒന്ന് എന്നാൽ ഇന്ന് പൊറോട്ടയുടെ സ്ഥാനം മറ്റൊരാൾ തട്ടിയെടുത്തിരിക്കുകയാണ്. അത് വേറാരുമല്ല സാക്ഷാൽ പഴംപൊരിയാണ്. നല്ല ചൂടുള്ള പഴംപൊരി ആവിപറക്കുന്ന ബീഫില്‍ മുക്കി കഴിച്ചിട്ടുണ്ടോ?
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ മലനിരകളെ തഴുകി നില്‍ക്കുന്ന നീണ്ടു നോക്കി ടൗണില്‍ പഴംപൊരിയും ബീഫും തയ്യാറാക്കി വിളമ്പുന്ന ഒരു ഹോട്ടലുണ്ട്. പ്രഭാത ഭക്ഷണത്തിന്‍റെ മൂര്‍ദ്ധന്യമായ രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ ഈ പഴംപൊരിയും ബീഫും ഇവിടെ റെഡിയാണ്. ഈ ഹോട്ടലിന്‍റെ പേരിലുമുണ്ട് പ്രത്യേകത.
എസി ഹോട്ടല്‍ ആന്‍റ് കാറ്ററിങ്ങ്. അമ്പാട്ട് ചാക്കോയുടെ മകന്‍ ജോസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. തറവാടിന്‍റേയും പിതാവിന്‍റെയും പേര് ചേര്‍ത്ത് ഹോട്ടലിന്‍റെ പേരിലും എസി ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യമായി കാണുന്നവര്‍ക്ക് ഇത് ശീതീകരിച്ച ഹോട്ടലാണെന്ന് തോന്നിപ്പോകും. അതിനാല്‍ പലരും ഒന്ന് കയറാന്‍ മടിക്കും. എന്നാല്‍ റോഡരികിലെ മറ്റൊരു ബോര്‍ഡില്‍ 'വരുവിന്‍ നമുക്ക് ഭക്ഷം കഴിച്ചിട്ട് പോകാം' എന്ന് കാണുമ്പോള്‍ ആ ആശങ്ക മാറും.
പശ്ചിമഘട്ട മലനിരകളില്‍ നിന്നും സൂര്യന്‍ പൊന്‍ കതിരായി മുഖം കാട്ടുമ്പോഴേക്കും ഇളം മഞ്ഞ നിറത്തിലുളള മുഴുവന്‍ പഴം ഇവിടെ പൊരിഞ്ഞ് പാകമാകും. ഒപ്പം ആവി പറക്കുന്ന ബീഫും റെഡി. മധുരവും എരിവും ചൂടും നാവില്‍ സംഗമിക്കുന്ന അത്യപൂര്‍വ്വ രുചി ആസ്വദിക്കാന്‍ ആളുകള്‍ എത്തിത്തുടങ്ങും.
വയനാട്ടിലേക്ക് പോകുന്ന സഞ്ചാരികളും തദ്ദേശീയരുമെല്ലാം എസി ഹോട്ടലില്‍ എത്തും. ഹോട്ടല്‍ വരാന്തയില്‍ ചെടികളൊക്കെ ഒരുക്കി കമനീയമാക്കിയിട്ടുണ്ട്. ഇവിടുത്തെ വൃത്തിയും വെടിപ്പും ആരെയും ആകര്‍ഷിക്കും. പെട്ടെന്ന് കഴിച്ച് പോകുന്നവര്‍ക്ക് വരാന്തയോട് ചേര്‍ന്ന ഡൈനിങ് ഹാളിരിക്കാം. ആസ്വദിച്ച് കഴിക്കാനും കൊച്ചു വര്‍ത്തമാനം പറയാനും അകത്ത് വിശാലമായ ഹാളുണ്ട്.
സുഗന്ധ വ്യഞ്ജനങ്ങളുടെ ഒരു കൂട്ടം തന്നെ ബീഫ് കറിയിലുണ്ട്. പ്ലേറ്റില്‍ നിന്ന് ആവി ഉയരുമ്പോളുളള ഗന്ധം തന്നെ രുചിയുടെ മത്ത് പിടിപ്പിക്കും. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, കുരുമുളക് എന്നിവയെല്ലാം ബീഫ് കറിയുടെ രുചിയില്‍ തെളിയും. ശരിയായ കൂട്ടിലും അരപ്പിലുമാണ് ബീഫ് കറിയുടെ രുചി. അതിന്‍റെ സീക്രട്ട് ജോസിന്‍റെ സ്വന്തം. എറണാകുളത്ത് വര്‍ഷങ്ങളോളം പാചകം ചെയ്‌ത പരിചയമാണ് തന്‍റെ കൈപുണ്യത്തിന് പിന്നിലെന്ന് ജോസ് പറയുന്നു.
പഴംപൊരി-ബീഫിന് പുറമേ മറ്റ് വിഭവങ്ങള്‍ക്കായും എ സി ഹോട്ടല്‍ ഭക്ഷണപ്രിയരെത്തുന്നു. പൊറോട്ട-ബീഫ്, കപ്പ-ബീഫ്, പൊരിച്ച കോഴി ബിരിയാണി, ചിക്കന്‍ കറി-നെയ്‌ച്ചോര്‍ എന്നിവയെല്ലാം രുചി പ്രേമികളെ ഈ ഹോട്ടലിലേക്ക് ആകര്‍ഷിക്കുന്നു.