കേരളത്തിന് ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് കര്‍ണാടകയിലെ മൈസൂരു. കാലങ്ങള്‍ പഴക്കമുള്ള രാജകൊട്ടാരം മുതല്‍ പ്രകൃതി ഭംഗിയേറെയുള്ള ഹൊഗനക്കല്‍ വെള്ളച്ചാട്ടം വരെ നിരവധി കാഴ്‌ചകള്‍ ഇവിടെയെത്തിയാല്‍ ആസ്വദിക്കാം. ഇവിടേക്ക് യാത്ര ചെയ്യുന്നവരാരും ഒരിക്കലും വിടാതെ സന്ദര്‍ശിക്കുന്ന ഒരിടമാണ് മൈസൂരു പാലസ്.
യാത്രകള്‍ക്കിടെ പലരും നിരവധി തവണ കൊട്ടാരം സന്ദര്‍ശിച്ചിട്ടുണ്ടാകാം. എന്നാല്‍ പലര്‍ക്കും കൊട്ടാരത്തെ കുറിച്ച് അധികമൊന്നും അറിയാനിടയില്ല. അത്തരക്കാര്‍ക്കുള്ളതാണ് ഇന്നത്തെ കുറിപ്പുകള്‍.
മൈസൂരു ഭരിച്ചിരുന്ന വാഡിയാര്‍ രാജവംശത്തിന്‍റെ കാലത്താണ് മൈസൂരു കൊട്ടാരം നിര്‍മിക്കപ്പെട്ടത്. അംബാ വിലാസ് കൊട്ടാരം എന്നാണിതിനെ പ്രാദേശികമായി അറിയപ്പെടുന്നത്. 14ാം നൂറ്റാണ്ടിലാണ് വാഡിയാര്‍ രാജവംശം ഇത് നിര്‍മിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് പല തവണ ഇത് തകര്‍ക്കപ്പെടുകയും ഒരിക്കല്‍ വലിയ അഗ്നിക്കിരയാകുകയും ചെയ്‌തിട്ടുണ്ട്.
തകര്‍ക്കപ്പെട്ടതിനെല്ലാം ശേഷം 1897ലാണ് നാം ഇന്ന് കാണുന്ന കൊട്ടാരം നിര്‍മിച്ചത്. 1912ലാണ് ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. ഇന്‍ഡോ സാര്‍സനിക് വാസ്‌തുവിദ്യ പ്രകാരമാണ് കൊട്ടാരത്തിന്‍റെ നിര്‍മാണം. ഹിന്ദു, ഇസ്‌ലാം, രജപുത്ര, ഗോതിക് വാസ്‌തി വിദ്യകളുടെ സങ്കര രൂപമാണ് ഇന്‍ഡോ സാര്‍സനിക് വാസ്‌തു വിദ്യ. വലിയ ഉദ്യാനത്താല്‍ ചുറ്റപ്പെട്ട ഇത് മൂന്ന് നില മന്ദിരമാണ്. ബ്രിട്ടീഷുകാരനായ ഹെന്‍റി ഇര്‍വിന്‍ എന്ന വാസ്‌തു ശില്‍പിയാണ് ഇത് രൂപകല്‍പന ചെയ്‌തത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊട്ടാര സമുച്ചയത്തിന് അകത്താകട്ടെ 12 ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. ഇതില്‍ ഏറ്റവും പഴക്കമേറിയത് 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്. ഏറ്റവും പുതിയത് 1953ല്‍ പണികഴിപ്പിച്ചതും.
കത്തിയമര്‍ന്ന ആദ്യ കൊട്ടാരം: മൈസൂരുവിലെ ആദ്യ കൊട്ടാരം അഗ്നിക്കിരയായ കാര്യം പലര്‍ക്കും അറിയില്ലെന്നതാണ് വാസ്‌തവം. വാഡിയാര്‍ രാജക്കന്മാര്‍ മൈസൂര്‍ പിടിച്ചടക്കുമ്പോള്‍ കോട്ടയ്‌ക്കുള്ളില്‍ തടി ഉപയോഗിച്ച് ഒരു കൊട്ടാരം നിര്‍മിച്ചിരുന്നു. പില്‍ക്കാലത്ത് ഇത് പലതവണ പുതുക്കി പണിതിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ കാണാം. എന്നാല്‍ കൊട്ടാരത്തിലെ രാജകുമാരിയായിരുന്ന ജയലക്ഷമാന്നിയുടെ വിവാഹ സമയത്ത് കൊട്ടാരം കത്തിനശിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഇര്‍വിനെ കൊണ്ട് ഇന്ന് കാണുന്ന രീതിയിലുള്ള കൊട്ടാരം രൂപകല്‍പന ചെയ്‌തതും നിര്‍മിക്കപ്പെട്ടതും.
കൊട്ടരത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്: വര്‍ഷം തോറും കൊട്ടാരം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിവര്‍ഷം 27 ലക്ഷത്തോളം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊട്ടാരം സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 100 രൂപയാണ് പ്രവേശന നിരക്ക്. എന്നാല്‍ വിദേശികളില്‍ നിന്നും 200 രൂപയാണ് ഈടാക്കുന്നത്.
സന്ദര്‍ശന സമയത്ത് കൊട്ടാരത്തിന് അകത്തേക്ക് പാദരക്ഷകള്‍ അനുവദിക്കില്ല. പ്രവേശന കവാടത്തിന് തൊട്ടരികില്‍ സജീകരിച്ചിട്ടുള്ള കൗണ്ടറുകളില്‍ ഇവ സൂക്ഷിക്കാവുന്നതാണ്. കൊട്ടാരത്തിന് അകത്ത് ഫോട്ടോയെടുക്കുന്നതിനും വിലക്കുണ്ട്.
Also Read: ഹൈദരാബാദിലെ മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍; പ്രധാനപ്പെട്ടത് ഇവയെല്ലാം