ഇടുക്കി: രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്ന നിരവധി പരിപാടികളാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ തലസ്ഥാനത്ത് നടക്കുന്നത്. പരിപാടികൾ കാണാൻ നാനാഭാഗങ്ങളില്‍ നിന്ന് ആളുകൾ എത്തും. ഡല്‍ഹിയിലെ കര്‍ത്തവ്യ പഥിലെ പ്രൗഡഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കേരളത്തിന്‍റെ രുചി പെരുമയുമായി എത്തിയിരിക്കുകയാണ് നെടുങ്കണ്ടത്തെ ലക്ഷ്‌മി സ്‌പൈസസ് എന്ന വനിത സംരംഭ കൂട്ടായ്‌മ.
വെളിച്ചെണ്ണ, ഉപ്പിലിട്ട നെല്ലിക്ക തുടങ്ങി നിരവധി വിഭവങ്ങളുമായാണ് കുടുംബശ്രീയിലെ ഈ സംരംഭകര്‍ തലസ്ഥാനത്ത് എത്തിയത്. കര്‍ത്തവ്യപഥിലെ ബസാറിലാണ് രുചിവൈവിധ്യങ്ങളുമായി സംഘം സ്റ്റാള്‍ തുറന്നിരിക്കുന്നത്. ജനുവരി 23 മുതല്‍ ആരംഭിച്ച സ്റ്റാള്‍ 31 വരെയാണ് ബസാറിലുണ്ടാകുക.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി കുടുംബശ്രീ കൂട്ടായ്‌മകളില്‍ നിന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച വനിത സംരംഭ കൂട്ടായ്‌മയാണ് നെടുങ്കണ്ടം ലക്ഷ്‌മി സ്‌പൈസസ്. ധാന്യപൊടികള്‍, വിവിധയിനം മിക്‌സ്‌ച്ചെറുകള്‍, അച്ചാറുകള്‍ തുടങ്ങി വിവിധ തരം വിഭവങ്ങളാണ് സ്റ്റാളിന്‍റെ പ്രത്യേകത. കര്‍ഷകരില്‍ നിന്നും നേരിട്ട് ഉത്‌പന്നങ്ങള്‍ വാങ്ങി മൂല്യ വര്‍ധിത വസ്‌തുക്കളാക്കിയും സംഘം വിപണിയില്‍ എത്തിക്കുന്നുണ്ട്.
ഇവയ്‌ക്കെല്ലാം പുറമെ ഇടുക്കിയുടെ തനത് സുഗന്ധ വ്യഞ്ജനങ്ങളും അച്ചാറുകളും വിവിധ ഇനം പലഹാരങ്ങളും സ്റ്റാള്‍ ഇടം പിടിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫുഡ്‌കോര്‍ട്ടുകള്‍ക്ക് പുറമെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 സംരംഭ കൂട്ടായ്‌മകളുടെ ഉത്പന്നങ്ങളുടെയും സ്റ്റാളുകള്‍ ബസാറിലുണ്ട്.
2004ലാണ് അഞ്ച് വനിതകള്‍ ചേര്‍ന്ന് സംരംഭത്തിന് തുടക്കം കുറിച്ചത്. വെറും അച്ചാര്‍ നിര്‍മാണ യൂണിറ്റായാണ് സംരംഭം ആരംഭിച്ചത്. എന്നാല്‍ പിന്നീട് നിരവധി ഉത്‌പന്നങ്ങള്‍ സംരംഭത്തിന്‍റെ ഭാഗമാകുകയായിരുന്നു. 2020ല്‍ പ്രധാനമന്ത്രി എംപ്ലോയ്‌മെന്‍റ് ജനറേഷന്‍ പദ്ധതിയിലൂടെ 10 ലക്ഷം രൂപ സംഘത്തിന് വായ്‌പ ലഭിച്ചു. ഇതോടെയാണ് കറിപ്പൊടികള്‍, വെളിച്ചെണ്ണ, പലഹാരങ്ങള്‍ എന്നിവ കൂടി നിര്‍മിക്കുന്ന യൂണിറ്റായി ലക്ഷ്‌മി സ്‌പൈസസ് വളര്‍ന്നത്.
ഇപ്പോള്‍ 60ലധികം ഉത്‌പന്നങ്ങള്‍ കൂട്ടായ്‌മയിലൂടെ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്. തുടക്ക കാലം മുതല്‍ തന്നെ കൂട്ടായ്‌മയിലെ അംഗങ്ങള്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളിലെ എക്‌സിഹിബിഷനുകളില്‍ പങ്കെടുക്കാറുമുണ്ട്.
ഓണം അടക്കമുള്ള ഉത്സവ സീസണുകളില്‍ ഉത്‌പന്നങ്ങള്‍ ഡിമാന്‍ഡ് വളരെ കൂടുതലാണ്. നെടുങ്കണ്ടത്ത് സ്വന്തമായി ഇവര്‍ക്ക് ഔട്ട്‌ലെറ്റുമുണ്ട്. ഔട്ട്‌ലെറ്റില്‍ ആറ് പേരാണ് ദിവസവും ജോലിക്ക് എത്തുന്നത്. കേരളത്തിന്‍റെ തനത് രുചി രാജ്യത്തിന്‍റെ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം നിരവധി വനിതകള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുക കൂടിയാണ് ലക്ഷ്‌മി സ്‌പൈസസിന്‍റെ ലക്ഷ്യം.