ഇന്തോനേഷ്യ: നമുക്കെന്നും വേദന സമ്മാനിക്കുന്ന ഒന്നാണ് മരണം. മരിച്ചവര്‍ നമുക്ക് പ്രിയപ്പെട്ടവരാണെങ്കിൽ അതിന്‍റെ ആഴമേറും. എന്നാൽ കാലം മായ്ക്കാത്ത മുറിവുകളുണ്ടാകില്ലെന്ന് പറയുന്നത് പോലെ ആ വേദനകളും നാം പതിയെ മറക്കും. മറവി ഒരനുഗ്രഹമായി മാറുന്നത് അപ്പോഴാണ്. പിന്നെ ഓർമ്മ ദിവസത്തെ അനുസ്‌മരണങ്ങളിലും മറ്റും ഒതുങ്ങും നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമകൾ. ഇതാണ് നമ്മളെ സംബന്ധിച്ചിടത്തോളം മരണമെന്ന യാത്രാമൊഴി.
എന്നാൽ നമ്മുടെ ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപുകളിലെ അവസ്ഥ ഇതല്ല. അവിടെയുള്ള ടൊറാജൻ വിഭാഗത്തിലെ ആളുകൾ മരണത്തിന് ശേഷവും അവരുടെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിക്കും. തീർത്തും വ്യത്യസ്‌തമായ രീതിയിലാണ് ടൊറാജൻ ജനത മരണത്തെ കാണുന്നത്.
സാധാരണയായി ഒരാൾ മരിച്ച് കഴിഞ്ഞാൽ മൃതശരീരം മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതാണ് നമ്മുടെ രീതി. എന്നാൽ ടൊറാജൻ വിഭാഗം മരണശേഷവും ആ മൃതശരീരങ്ങൾ സൂക്ഷിച്ചുവയ്‌ക്കും. ഒന്നോ രണ്ടോ ദിവസത്തേക്കല്ല ആഴ്‌ചകളും മാസങ്ങളും വർഷങ്ങളും അവർ ജീവൻ വെടിഞ്ഞ ശരീരങ്ങളെ കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ തന്നെ അവർ മരിച്ച് പോയവർക്കും സ്ഥാനം നൽകുന്നു.
മരണത്തോടെ ജീവിതം അവസാനിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് ടൊറാജന്‍ ഗോത്രക്കാര്‍. മരണത്തിന് ശേഷവും ആ ബന്ധം അതുപോലെ നിലനിൽക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിനാല്‍, പൂര്‍ണമായ ആഘോഷത്തോട് കൂടി പ്രിയപ്പെട്ടവരെ മരണാനന്തര ജീവിതത്തിലേക്ക് അയക്കണമെന്നാണ് അവർ കരുതുന്നത്. അതുകൊണ്ടുതന്നെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്ക് ആവശ്യമായ പണം സ്വരൂപിക്കാന്‍ കഴിയുന്നതുവരെ, മൃതദേഹം അഴുകാതെ വീട്ടില്‍ അവര്‍ സൂക്ഷിക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മറ്റുള്ളവർക്ക് നൽകുന്നത് പോലെ തന്നെ നാല് നേരവും അവർക്ക് മുന്നിൽ ഭക്ഷണമെത്തും. ദിവസങ്ങൾക്ക് ശേഷം സംഗീത അകമ്പടികളോടെയും നൂറോളം പേർക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കിയും മൃതദേഹത്തെ ബെഡിൽ നിന്നും ശവപ്പെട്ടിയിലേക്ക് മാറ്റും. പിന്നീട് മാസങ്ങൾക്ക് ശേഷമേ അവർ ശവസംസ്‌കാരം നടത്തുകയുള്ളൂ. അതുവരെയും മൃതദേഹം ശവപ്പെട്ടിക്കുള്ളിൽ ഭദ്രമായിരിക്കും.
അടക്കം ചെയ്യുന്നത് വരെ അടുത്ത ബന്ധുക്കൾ മൃതദേഹത്തിന് അരികിൽ തന്നെ ഉണ്ടായിരിക്കും. മരിച്ച വ്യക്തിയെ ഒറ്റയ്‌ക്കാക്കരുത് എന്ന ആചാരം മുൻനിർത്തിയാണിത്. ഇത് അവർക്ക് നൽകുന്ന ബഹുമാനവും ആദരവുമായാണ് കണക്കാക്കുന്നത്. മാത്രമല്ല മരിച്ചവരുടെ ശരീരത്തിൽ നിന്നും ദുർഗന്ധം വരാതിരിക്കാനും ആ ശരീരം അഴുകാതിരിക്കാനും ഫോർമാലിൻ പോലുള്ള രാസവസ്‌തുക്കളും മറ്റ് ഔഷധച്ചെടികളും ഉപയോഗിക്കാറുമുണ്ട്.
ചടങ്ങുകള്‍ നടത്താന്‍ കഴിയുന്ന സമയത്ത് ഗ്രാമവാസികള്‍ക്ക് സമൃദ്ധമായ വിരുന്ന് നല്‍കി ശവസംസ്‌കാരദിനമായി ആഘോഷിക്കും.
ടൊറാജൻ വിഭാഗക്കാരുടെ ശവസംസ്‌കാര രീതി: ശവശരീരം വീടുകളിൽ സൂക്ഷിക്കുന്നത് പോലെ ഇവരുടെ ശവസംസ്‌കാര രീതിയും വിചിത്രമാണ്. മരിച്ചവരുടെ ശരീരം പെട്ടിക്കുള്ളിലാക്കി ദൂരെ കൊണ്ടുപോയി പാറകൾ തുരന്ന് കുഴിയുണ്ടാക്കി അതിലേക്ക് കയറ്റിവയ്‌ക്കും. പെട്ടെന്ന് ഒരാൾക്ക് അതെടുക്കാൻ സാധിക്കാത്ത രീതിയിലാകും ശവപ്പെട്ടി വയ്‌ക്കുക. എത്രത്തോളം ഉയരത്തിൽ ഈ ശവപ്പെട്ടി വയ്‌ക്കുന്നോ അത്രത്തോളം പെട്ടെന്ന് അവർക്ക് സ്വർഗത്തിലെത്താൻ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം.
അതേസമയം കുട്ടികളാണ് മരിച്ചതെങ്കിൽ അവരുടെ ശവശരീരം മറ്റൊരു രീതിയിലാണ് അടക്കം ചെയ്യുന്നത്. അവരെ വീട്ടിൽ കുറച്ചുകാലം സൂക്ഷിക്കും. ശേഷം ഇവരുടെ മൃതദേഹം ഒരു പെട്ടിക്കുള്ളിലാക്കി വലിയ മരങ്ങളിൽ തുരങ്കം പോലെയുണ്ടാക്കി അതിലേക്ക് ഈ പെട്ടി ഇറക്കിവയ്‌ക്കും. പിന്നീട് പാംഫൈബർ കൊണ്ടിത് മൂടിവയ്‌ക്കും.
മരണാനന്തര ജീവിതത്തിലേക്കുള്ള വാഹനമായി കരുതുന്ന വെള്ളപ്പോത്തിനെ അവരുടെ ശവസംസ്‌കാര ചടങ്ങിൽ ബലിയർപ്പിക്കുന്നത് വരെ ഒരാൾ യഥാർഥത്തിൽ മരിക്കുന്നില്ലെന്നാണ് അവരുടെ വിശ്വാസം. മരിച്ച് കഴിഞ്ഞാലും അവരുടെ ആത്മാവ് ആ ശരീരത്തിൽ തന്നെയുണ്ടാകുമെന്നും അത് ആ കുടുംബത്തെ സംരക്ഷിക്കുമെന്നുമാണ് ഈ ജനത വിശ്വസിക്കുന്നത്. ഏറ്റവും ചെലവേറിയ ചടങ്ങ് അടക്കം ചെയ്യലാണ്. 100 കണക്കിന് പോത്തുകളെയാണ് അവർ അന്ന് ബലിയർപ്പിക്കുന്നത്.
ടൊറാജൻ വിഭാഗക്കാരുടെ മാനെനെ ചടങ്ങ്: വര്‍ഷം തോറുമുള്ള ഓഗസ്റ്റ് മാസത്തില്‍ ടൊറാജന്‍ വിഭാഗത്തിന് ഒരു പ്രത്യേക ആഘോഷമുണ്ട്. അതാണ് മാനെനെ. മരിച്ചുപോയ പ്രിയപ്പെട്ടവരെ ശവപ്പെട്ടി തുറന്ന് പുറത്തെടുത്ത് അവര്‍ക്ക് വസ്‌ത്രവും ഭക്ഷണവും നല്‍കുന്ന ചടങ്ങാണിത്.
തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ കഴിയുമെന്ന സന്തോഷമാണവർക്ക്. ദൈവസ്‌തുതികളുടെയും ബൈബിൾ വചനങ്ങളുടെയും അകമ്പടിയോടെയാണ് ചടങ്ങ് നടക്കുക. ടൊറാജൻ വിഭാഗക്കാർ എത്രകാലമായി ഈ ആചാരം പിന്തുടരുന്നുവെന്നതിനെ സംബന്ധിച്ച് ഇന്നും വ്യക്തതയില്ല.
ടൊറാജൻ സംസ്‌കാരം രേഖളിൽ എഴുതപ്പെടാതെ വായ്മൊഴികളിലൂടെ കൈമാറുന്നതാണ് അതിന് പ്രധാന കാരണം. ഇങ്ങനെയാണെങ്കിലും ടൊറോജൻ ശവകുടീരങ്ങളുടെ ശേഷിപ്പുകളിൽ കാർബൺ ഡേറ്റിങ് നടത്തിയ പുരാവസ്‌തു ഗവേഷകർ ഈ ആചാരത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്.
Also Read: കുടകിന്‍റെ പച്ചപ്പിനിടയില്‍ കുതിച്ചെത്തുന്ന വെളളച്ചാട്ടം; ഒഴുകിയെത്തി സഞ്ചാരികളും