ഇടുക്കി: പ്രകൃതിയൊരുക്കിയ അതിമനോഹരമായ മലഞ്ചെരിവുകളും, ഹരിത സാന്ദ്രമായ താഴ്വരകളും, തട്ടുകളായുള്ള കൃഷിരീതികളും കൊണ്ട് സമ്പന്നമായ വട്ടവട. ഇടുക്കി ജില്ലയിലെ മൂന്നാറിനോട് ചേർന്നുള്ള കാർഷിക ഗ്രാമം. പ്രകൃതി ഭംഗി മാത്രമല്ല വട്ടവടയുടെ കാർഷിക ഗ്രാമഭംഗിയും സഞ്ചാരികളുടെ മനസ്സ് നിറയ്ക്കും.
കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത കൃഷി രീതികൾ വട്ടവടയ്ക്ക് മാത്രം സ്വന്തം. കാരറ്റും, വെളുത്തുള്ളിയും, ഉരുള കിഴങ്ങും, സ്ട്രോബെറിയും എല്ലാം ഉള്‍പ്പെടും. മണ്ണില്‍ പൊന്ന് വിളയുന്ന വട്ടവടയുടെ കാഴ്‌ചകൾ തേടിയെത്തുന്ന സഞ്ചാരികൾക്കും സന്തോഷം (Agricultural views of Vattavada).
വട്ടവടയിൽ ഇപ്പോൾ സ്ട്രോബെറിയുടെ വിളവെടുപ്പ് കാലമാണ്. എങ്ങും നിറയെ പഴുത്തു തുടുത്ത സ്ട്രോബെറി തോട്ടങ്ങൾ. സ്ട്രോബെറിയ്ക്കൊപ്പം ബ്ലാക്ക്ബെറിയും പാകമായിട്ടുണ്ട്. കൃഷിയിടങ്ങൾക്ക് അഴകേകി സൂര്യകാന്തിയും പൂവിട്ടിരിയ്ക്കുന്നു. ഈ കർഷകരുടെ വിയർപ്പും അധ്വാനവും കൂടിയാണ് വട്ടവടയുടെ സൗന്ദര്യം.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 25 ഹെക്‌ടറോളം അധികം ഭൂമിയിലാണ് കൃഷി ഇറക്കിയിരിക്കുന്നത്. സഞ്ചാരികൾക്ക് സ്ട്രോബെറിയും വൈനും മറ്റ് ഉപ ഉത്പന്നങ്ങളും കൃഷിയിടങ്ങളിൽ നിന്ന് തന്നെ വാങ്ങാവുന്നതാണ്. സ്ട്രോബെറിയ്ക്ക് കിലോഗ്രാമിന് 500 രൂപ വരെയാണ് വില വരുന്നത്.