ശ്രീനഗർ: തണുപ്പ് കാലമായാല്‍ സഞ്ചാരികളുടെ പറുദീസയാണ് കശ്‌മീര്‍. ഇന്ത്യയിലും വിദേശത്തും നിന്നുമായി നിരവധി സഞ്ചാരികളാണ് വെള്ളപ്പരവതാനി വിരിച്ച കശ്‌മീരിന്‍റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. മഞ്ഞു വീഴ്‌ച ആരംഭിച്ചതോടെ സ്‌കീയർമാരുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രമാവുകയാണ് ശ്രീനഗറിലെ ഗുൽമാർഗ്. താപനില മൈനസ് 9ല്‍ നില്‍ക്കുന്ന താഴ്‌വര, സഞ്ചാരികള്‍ക്ക് 'മസ്റ്റ് ട്രൈ' സ്‌പോട്ട് ആണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗുൽമാർഗിൽ മാത്രമല്ല, കശ്‌മീരിലെ മറ്റ് മലയോര മേഖലകളിലും ഇന്ന് പൂജ്യത്തിന് താഴെയാണ് താപനില രേഖപ്പെടുത്തിയത്. കിഷ്ത്വാറിലെ പാഡറിൽ താപനില മൈനസ് 7.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ ശ്രീനഗർ - ലഡാക്ക് ഹൈവേയിലെ സോനാമാർഗ് മൈനസ് 7-ൽ തണുത്തുറഞ്ഞു. ശ്രീനഗറിനെ ലേയിലേക്ക് ബന്ധിപ്പിക്കുന്ന സോജില പർവത പാത പൂജ്യത്തേക്കാൾ 20 ഡിഗ്രി താഴെയായിരുന്നു.
ക്രിസ്‌മസിനോ പുതുവർഷത്തിലോ ഗുൽമാർഗ് യാത്ര പ്ലാനിലുണ്ടോ?
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പൈൻ മരങ്ങളാല്‍ സമ്പന്നമാണ് ഗുല്‍മാര്‍ഗ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രം കൂടിയാണിത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികളും സ്‌കീയർമാരും ദിവസേന ഗുല്‍മാര്‍ഗിലെത്തുന്നുണ്ട്. ക്രിസ്‌മസ്, പുതുവത്സര സീസണില്‍ സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാകും. സ്‌കീയിങ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഗുൽമാർഗ് ബെസ്റ്റ് ഓപ്‌ഷനാണ്. അറിയേണ്ട കാര്യങ്ങൾ ഇതാ...
സമയക്രമീകരണം
ക്രിസ്‌മസിനോ പുതുവത്സരാഘോഷത്തിനോ നിങ്ങൾക്ക് ഗുൽമാർഗിൽ വരാം. പക്ഷേ മഞ്ഞ് വീഴ്‌ച ഇല്ലെങ്കിൽ യാത്ര അൽപ്പം നിരാശാജനകമാകാന്‍ ഇടയുണ്ട്. പൊതുവെ ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ ഗുൽമാർഗിൽ നല്ല മഞ്ഞുവീഴ്ച ലഭിക്കാറുണ്ട്. ഇത് സ്കീയിങ്ങിനും അനുയോജ്യമാണ്. അതിനാൽ, നിങ്ങളുടെ യാത്ര തുടരുന്നതിന് മുമ്പ് കാലാവസ്ഥ മുൻകൂട്ടി പരിശോധിക്കുക.
എങ്ങനെ എത്താം ഗുല്‍മാര്‍ഗില്‍?
ഇന്ത്യയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ശ്രീനഗറിലേക്ക് നേരിട്ടുള്ളതോ അല്ലെങ്കിൽ കണക്ഷൻ ഫ്ലൈറ്റുകളോ ലഭിക്കും. ശ്രീനഗർ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് 51 കിലോമീറ്റർ അകലെയാണ് ഗുൽമാർഗ്. ഇതിൽ അവസാനത്തെ 13 കിലോമീറ്റര്‍ കാടുകൾക്കിടയിലൂടെയുള്ള ഡ്രൈവ് ആയിരിക്കും.
റോഡ് മാർഗവും കശ്‌മീരിലെത്താം. ട്രെയിനിൽ ജമ്മുവിലെത്തിയാല്‍ ഇവിടെ നിന്ന് ക്യാബിലോ ബസിലോ ഗുല്‍മാര്‍ഗിലേക്ക് യാത്ര ചെയ്യാം. എഞ്ചിനീയറിങ് മികവിന്‍റെ അത്‌ഭുതങ്ങള്‍ ആസ്വദിച്ച് ചുരങ്ങളിലൂടെയും തുരങ്കങ്ങളിലൂടെയുമാവും ഈ യാത്ര.
താങ്മാർഗിൽ എത്തുമ്പോൾ മഞ്ഞ് വീഴ്‌ചയുണ്ടെങ്കിൽ, മുകളിലേക്കുള്ള റൈഡ് അല്‍പ്പം സാഹസികമാകും. ഗുൽമാർഗിലേക്ക് ഡ്രൈവ് ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന സ്റ്റോപ്പാണ് താങ്മാര്‍ഗ്. ഇവിടെ വാഹനം നിര്‍ത്തി ടയര്‍ തെന്നുന്നില്ലെന്ന് ഉറപ്പുവരുത്തണം. അഥവാ ടയറുകൾ തെന്നുന്നുണ്ടെങ്കില്‍ ടയറുകള്‍ ചങ്ങലയിൽ കെട്ടേണ്ടി വന്നേക്കാം.
ഗുൽമാർഗിലെ താമസം
എല്ലാ ബഡ്‌ജറ്റിനും അനുയോജ്യമായ ധാരാളം ഹോട്ടലുകൾ ഗുൽമാർഗിലുണ്ട്. അതിനാൽ താമസം വലിയ പ്രശ്‌നമാവില്ല. എന്നാല്‍ സീസണ്‍ സമയത്തെ തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി ബുക്കിങ് ചെയുന്നതാണ് ഉത്തമം. ഇതുവഴി ഹോട്ടലുടമകൾ ഉയര്‍ത്തുന്ന നിരക്കില്‍ നിന്നും രക്ഷപെടാം.
ഗുല്‍മാര്‍ഗിലെ സ്‌കീയിങ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്‌കീയിങ് ചരിവുകളിൽ ചിലത് ഗുൽമാർഗിലാണ്. ഗുല്‍മാര്‍ഗിലെ മഞ്ഞ് സ്‌കീയർമാർക്ക് ഒരു വിരുന്നാണ്. തുടക്കക്കാർ മുതൽ വിദഗ്‌ധർ വരെയുള്ള എല്ലാ സ്‌കീയിങ് ലെവലുകൾക്കും ഈ ഏരിയ അനുയോജ്യമാണ്.
ഗുൽമാർഗിലെ ബൗൾ ഏരിയ തുടക്കക്കാർക്കുള്ളതാണ്. അതേസമയം പരിചയ സമ്പന്നരായ സ്‌കീയർമാർക്ക് അഫർവത് പീക്ക് അത്യന്തം ആവേശകരമായ അനുഭവം സമ്മാനിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്‌കീ ലിഫ്റ്റുകളിലൊന്നായ ഗുൽമാർഗ് ഗൊണ്ടോളയില്‍ നിങ്ങള്‍ക്ക് അഫർവത് കുന്നിന്‍റെ മുകളിലെത്താം.
സ്‌കീയിങ് ഗിയറുകള്‍ക്ക് എന്ത് ചെയ്യും?
നിങ്ങൾക്ക് സ്വന്തമായി സ്‌കീയിങ് ഗിയർ ഇല്ലെങ്കിൽ വിഷമിക്കേണ്ട. ഉയർന്ന നിലവാരമുള്ള ഗിയറുകള്‍ നല്‍കുന്ന ധാരാളം വാടക കടകൾ ഗുൽമാർഗിലുണ്ട്. മാർഗ നിർദേശത്തിനായി നിരവധി സ്‌കീ സ്‌കൂളുകളും ഇൻസ്ട്രക്‌ടർമാരും ഇവിടെയുണ്ട്.
സ്‌കീസ്, പോൾ, ബൂട്ട്, ഹെൽമെറ്റുകൾ, മറ്റ് ഗിയർ എന്നിവ പ്രാദേശിക കടകളിൽ നിന്ന് മിതമായ നിരക്കിൽ വാടകയ്ക്ക് എടുക്കാം. ചൂടന്‍ കുപ്പായവും, വാട്ടർപ്രൂഫ് ജാക്കറ്റുകളും കൊടും തണുപ്പിനെ നേരിടാൻ നിങ്ങളെ സഹായിക്കുന്ന തെർമലുകൾ ഇവിടെ ലഭിക്കും.
ഗൊണ്ടോളയുടെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഗുൽമാർഗ് സ്‌കീ ഷോപ്പിൽ സ്‌കീയിങ് ഗിയർ വാടകയ്ക്ക് ലഭിക്കും. ഉപകരണങ്ങളുടെ തരവും വാടക സമയവും ആശ്രയിച്ച് വിലകൾ വ്യത്യാസപ്പെടും. ഒരു ഫുൾ സ്‌കീയിങ് കിറ്റിന് ഒരു ദിവസത്തേക്ക് ഏകദേശം 1,500 രൂപ മുതൽ 3,000 രൂപ വരെ നൽകേണ്ടി വരും. വാടകയ്‌ക്ക് എടുക്കുന്നതിന് മുമ്പ് ഉപകരണങ്ങളുടെ ഗുണനിലവാരവും അനുയോജ്യതയും പരിശോധിച്ച് ഉറപ്പാക്കുക.
Also Read: ഊബറില്‍ ബുക്ക് ചെയ്യാം ശിക്കാര വള്ളം; ദാല്‍ ലേക്കിലെ സവാരി ഇനി ഈസി, ഏഷ്യയില്‍ ഇതാദ്യം