ഇടുക്കി: തമിഴ്‌നാട്ടിലെ കമ്പത്തിനിത് മുന്തിരിയുടെ വിളവെടുപ്പ് കാലം. പഴുത്ത് പാകമായ മുന്തിരി കുലകള്‍ കണ്ണിനും മനസിനും ഏറെ കുളിര് പകരും. കിലോമീറ്ററുകളോളം ദൂരത്തിലാണ് പച്ച വിരിച്ച് പടര്‍ന്ന് കിടക്കുന്ന ഈ മുന്തിരിത്തോപ്പുള്ളത്. കമ്പത്തോട് ചേര്‍ന്ന് കിടക്കുന്ന ഗൂഢല്ലൂര്‍, ചുരുളിപെട്ടി, കെകെ പെട്ടി, തേവര്‍ പെട്ടി എന്നിവിടങ്ങളിലാണ് മുന്തിരി വിളവെടുപ്പിനൊരുങ്ങിയിട്ടുള്ളത്.
മുന്തിരി കുലകള്‍ പാകമായതറിഞ്ഞ് തോപ്പുകളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണിപ്പോള്‍. കാഴ്‌ചക്കാരിലാകട്ടെ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരും. അവധി ദിവസമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സന്ദര്‍ശകരുടെയെണ്ണം ഇരട്ടിയാകും. ഓണക്കാലത്ത് മുന്തിരിത്തോപ്പിലേക്ക് മലയാളികളുടെ ഒഴുക്കായിരുന്നു. അവധിക്കാലം കഴിഞ്ഞെങ്കില്‍ അതിപ്പോഴും നിലച്ചിട്ടില്ല. കൊള്ളാം, ഇവിടുത്തെ ആമ്പിയന്‍സൊക്കെ അടിപൊളിയാണെന്നാണ് സന്ദര്‍ശകര്‍ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇടുക്കിയുടെ കാഴ്‌ചകൾ തേടിയെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഭൗമസൂചിക പദവി നേടിയ ഈ മുന്തിരിപ്പാടവും സന്ദർശിച്ചാണ് മടങ്ങുക. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സാധാരണ മുന്തിരി വിളവെടുപ്പ് കാലം. എന്നാല്‍ ഇവിടെയാകട്ടെ വര്‍ഷം മുഴുവന്‍ വിളവെടുക്കാവുന്ന രീതിയിലാണ് കൃഷിയിറക്കിയിട്ടുള്ളത്. സീസണില്‍ കിലോയ്‌ക്ക് 50 രൂപ മുതലായിരിക്കും വില. എന്നാല്‍ സീസണ്‍ കഴിയുമ്പോഴും ഇവിടെ മുന്തിരി വിളയുമ്പോള്‍ അതിന് ഡിമാന്‍ഡ് ഏറും. വിളവെടുപ്പിന് ശേഷം വിവിധയിടങ്ങളിലേക്ക് ഇവിടെ നിന്നും മുന്തിരി കയറ്റി അയയ്‌ക്കും. തോപ്പിലെത്തുന്ന സന്ദര്‍ശകര്‍ക്കും അവിടെ നിന്ന് മുന്തിരി വാങ്ങാം. നല്ല ഫ്രഷ് മുന്തിരിയും കഴിച്ച് തോപ്പിലൂടെ നടക്കുമ്പോള്‍ അത് മനസിന് ഏറെ ആശ്വാസം പകരും.
Also Read: മലനിരകളെ പുല്‍കി കോടമഞ്ഞും കുളിരും; ട്രിപ്പ് വൈബാക്കാന്‍ പറ്റിയൊരിടം, വിസ്‌മയമായി രണ്ടാംമൈല്‍ വ്യൂപോയിന്‍റ്