ഹൈദരാബാദ് : ഹലീം, നവാബുമാരുടെ തീന്‍മേശയില്‍ തലയെടുപ്പോടെ ഇടംപിടിച്ചിരുന്ന വിഭവം. ഇന്നത് സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായ ഭക്ഷണമാണ്. ഹലീം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉമിനീര്‍ ഗ്രന്ഥികള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അത്രയ്‌ക്ക് രുചിയും അതിനൊപ്പം ഗുണവുമുള്ള വിഭവമാണ് ഹലീം.
റംസാന്‍ മാസം പിറന്നാല്‍ ഹൈദരാബാദിന്‍റെ തെരുവോരങ്ങള്‍ കീഴടക്കി ഹലീം സ്റ്റാളുകള്‍ നിരന്ന് തുടങ്ങും. ഇത്രയ്‌ക്ക് ആരാധകരുള്ള ഹലീം ഫ്രീ ആയിട്ട് നല്‍കുന്നു എന്നറിഞ്ഞാല്‍ എന്താകും അവസ്ഥ. ആളുകളുടെ തിക്കും തിരക്കും ബഹളവും, അങ്ങനെ വല്ലാത്തൊരു സാഹചര്യമായിരിക്കും അല്ലേ. എന്നാല്‍ ഊഹങ്ങള്‍ക്കും അപ്പുറമായിരുന്നു ഇന്നലെ (12.03.2024) മലക്‌പേട്ട് ഹാജിബോ ഹോട്ടലില്‍ സംഭവിച്ചത്.
റംസാന്‍ വ്രതത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഒരു ദിവസം ഹലീം സൗജന്യമായി നല്‍കുന്നു എന്ന് ഹാജിബോ ഹോട്ടല്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നു. വിവരം അറിഞ്ഞ് ഹോട്ടലിനുമുന്നില്‍ ആളുകള്‍ എത്തി. ഒടുക്കം ഒരു ജനസാഗരം തന്നെയായി അത്.
ഹോട്ടലും പരിസരവും നിറഞ്ഞ്, ജനം റോഡില്‍ വരെ തിങ്ങി നിരന്നു. രൂക്ഷമായ ഗതാഗത കുരുക്കാണ് മേഖലയില്‍ പിന്നീട് അനുഭവപ്പെട്ടത്. ജനത്തിരക്ക് നിയന്ത്രിക്കാനാകാതെ അവസാനം ഹാജിബോ ഹോട്ടല്‍ മാനേജ്‌മെന്‍റിന് പൊലീസിനെ സമീപിക്കേണ്ടി വന്നു. പൊലീസ് എത്തി ലാത്തിവീശിയാണ് തിരക്ക് നിയന്ത്രിച്ചതും ഗതാഗതം പുനസ്ഥാപിച്ചതും (Free Haleem and lathi charge).
ഇത്ര സംഭവമാണോ ഹലീം എന്ന് തോന്നിയേക്കാം. നൈസാം രാജവംശം ഹൈദരാബാദിലേക്കെത്തിച്ച ഹലീം എങ്ങനെ ഇത്രയും ഡിമാന്‍ഡ് ഉള്ള വിഭവമായി എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ, അതിന്‍റെ രുചിയും പോഷക ഗുണവും. ഹൈദരാബാദില്‍ തയ്യാറാക്കുന്ന ഹലീമിന് ലോകമെമ്പാടുമാണ് ആരാധകര്‍.
ഹലീമില്‍ ഒളിഞ്ഞിരിക്കുന്ന മാജിക് : മാംസം, ഗോതമ്പുപൊടി, ബാര്‍ലി, പയര്‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് ഹലീമിന്‍റെ പാചക കൂട്ട് (Haleem recipe). ചിലര്‍ ഡ്രൈ ഫ്രൂട്‌സും മറ്റും ഒക്കെ ചേര്‍ത്ത് ഹലീമിനെ കുറച്ചുകൂടി റിച്ചാക്കും. ഹലീം തയ്യാറാക്കുന്ന രീതി വളരെ സവിശേഷമാണ്. പച്ചമുളക് ചേര്‍ത്ത് വേവിച്ചെടുത്ത മാംസത്തോടൊപ്പം ഗോതമ്പുപൊടി, ബാര്‍ലി, പയര്‍ എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുന്നു (what is Haleem).
ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഏലക്ക, ഗ്രാമ്പു, കുരുമുളക്, കറുവപ്പട്ട, റോസ് ഇതളുകള്‍, ഉപ്പ് ഇവ ഉപയോഗിച്ച് തയ്യാറാക്കിയ പേസ്റ്റ് മാംസത്തില്‍ ചേര്‍ക്കുന്നു. ഇത് ഒരു മണിക്കൂര്‍ തിളപ്പിക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണവും മണവും രുചിയും മാംസത്തില്‍ പിടിക്കുന്നതിന് വലിയ തവി ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുന്നു. അങ്ങനെ മണിക്കൂറുകള്‍ സ്ലോ കുക്ക് ചെയ്‌തെടുത്താല്‍ രുചികരമായ ഹലീം തയ്യാര്‍. കൺട്രോളർ ജനറൽ ഓഫ് പേറ്റന്‍റ്സ് ആന്‍റ് ട്രേഡ് മാർക്ക് ജിഐ ടാഗും സ്വന്തമാക്കിയിട്ടുണ്ട് ഹൈദരാബാദ് ഹലീം. 2010ലാണ് വിഭവം ഈ നേട്ടം കൈവരിച്ചത്.