ഓണം എന്ന് കേൾക്കുമ്പോൾ ഭക്ഷണ പ്രിയരായ നമ്മൾ മലയാളികൾ ആദ്യം ഓർക്കുക സദ്യയാകും. നല്ല തൂശനിലയിൽ പച്ചടി, കിച്ചടി, അച്ചാർ, തോരൻ, അവിയൽ, ചോറ്, പായസം മറ്റ് കറികൾ ആഹാ ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. ഇലയുടെ അറ്റത്ത് ആദ്യം സ്ഥാനം പിടിക്കുന്ന വിഭവമാണ് പച്ചടി. അതുകൊണ്ട് തന്നെ സദ്യയിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഒരു വിഭവമാണത്.
വെള്ളരിക്ക പച്ചടി, ബീറ്റ്‌റൂട്ട് പച്ചടി, പൈനാപ്പിൾ പച്ചടി ഇതെല്ലാം നമുക്ക് സുപരിചിതമാണ്. ഈ ഓണത്തിന് നമുക്ക് ഈന്തപ്പഴം പച്ചടി ഉണ്ടാക്കി നോക്കിയാലോ. ഈന്തപ്പഴം അച്ചാറുകൾ പലരും പരീക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ നമുക്ക് ഓണസദ്യയിൽ കുറച്ച് വെറൈറ്റി പിടിക്കാം. ഈന്തപ്പഴം കൊണ്ട് ഒന്നാന്തരം ഒരു പച്ചടി ഉണ്ടാക്കാം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമുള്ള ചേരുവകള്‍:
- ഈന്തപ്പഴം 200 ഗ്രാം
- തൈര് അരക്കപ്പ്
- തേങ്ങ നാല് ടേബിള്‍ സ്‌പൂണ്‍
- കടുക് ഒരു ടീസ്‌പൂൺ
- ജീരകം ഒരു ടീസ്‌പൂൺ
- പച്ചമുളക് രണ്ട്
- മഞ്ഞള്‍പ്പൊടി കാല്‍ ടീസ്‌പൂണ്‍
- ഉപ്പ് പാകത്തിന്
- വെള്ളം ആവശ്യത്തിന്
- വെളിച്ചെണ്ണ രണ്ട് ടീസ്‌പൂൺ
- കറിവേപ്പില ആവശ്യത്തിന്
- ഉണക്കമുളക് രണ്ട്
തയ്യാറാക്കുന്ന വിധം:
ഈന്തപ്പഴം കുരു നീക്കി നാല് കഷണങ്ങളാക്കണം. തേങ്ങ, ജീരകം, അര ടീസ്‌പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കാം. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് ഈന്തപ്പഴം വഴറ്റുക. ഉപ്പും മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിള്‍ സ്‌പൂണ്‍ വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കണം. ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളച്ച് വരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളില്‍ ഒഴിക്കാം. ഇപ്പോൾ ടേസ്‌റ്റിയായ ഈന്തപ്പഴം പച്ചടി തയ്യാർ.
Also Read: ഓണസദ്യയ്‌ക്ക് കിടിലന്‍ വെറൈറ്റി വിഭവം; നാവില്‍ കൊതിയൂറും മുരിങ്ങക്കായ അച്ചാര്‍