പ്രമുഖ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിന്‍റെ സേവനങ്ങൾ ലോകവ്യാപകമായി സ്‌തംഭിച്ചു. പല യൂസർമാർക്കും വീഡിയോ കാണാനും അപ്‌ലോഡ് ചെയ്യാനും സാധിക്കുന്നില്ല. റിയൽടൈം സോഫ്ട്‍വെയർ ആയ ഡൌൺ ഡിറ്റക്റ്ററില്‍ നിരവധി ഉപഭോക്താക്കളാണ് യൂട്യൂബ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്.
ഉച്ചക്ക് ഒരുമണിയോടെയാണ് പല ഉപയോക്താക്കൾക്കും പ്രശ്‌നം നേരിട്ടുതുടങ്ങിയത്. വീഡിയോ അപ്‌ലോഡ് സാധ്യമാകുന്നില്ലെന്ന പരാതിയായിരുന്നു ഭൂരിഭാഗം പേർക്കും. പലർക്കും ഫോണിൽ യൂട്യൂബ് ആപ്പ് തുറക്കാൻ കഴിയുന്നുണ്ടായില്ല. യൂട്യൂബ് വെബ്‌സൈറ്റിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
thanks for flagging this! we're checking it out rn, we'll reach back out if we need any extra info!
— TeamYouTube (@TeamYouTube) July 22, 2024
അതേസമയം പ്രശ്നത്തെപ്പറ്റി പരിശോധിച്ചുവരികയാണെന്ന് യൂട്യൂബ് പ്രതികരിച്ചു. തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ ആയ @TeamYouTube ൽ ആണ് യൂട്യൂബ് തങ്ങളുടെ വിശദീകരണം പോസ്‌റ്റ് ചെയ്‌തത്. “ഇത് ഫ്ലാഗുചെയ്‌തതിന് നന്ദി! ഞങ്ങൾ അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്, എന്തെങ്കിലും അധിക വിവരങ്ങൾ വേണമെങ്കിൽ ഞങ്ങൾ വീണ്ടും ബന്ധപ്പെടും!" എന്നാണ് ഒരു യൂസർ പോസ്‌റ്റ് ചെയ്‌ത പരാതിക്ക് മറുപടിയായി യൂട്യൂബ് ട്വീറ്റ് ചെയ്‌തത്.