9 വര്‍ഷം മുന്‍പായിരുന്നു ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ 'വാട്‌സ്‌ആപ്പ്' തങ്ങളുടെ ആപ്ലിക്കേഷനില്‍ ആദ്യമായി കോളിങ് സൗകര്യം കൊണ്ടുവന്നത്. പിന്നീട്, കാലക്രമേണ ഇതിലും മാറ്റം വരുത്താൻ അവര്‍ക്കായി. ഗ്രൂപ്പ് കോളുകളും വീഡിയോ കോളുകളും ഉള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളായിരുന്നു വാട്‌സ്‌ആപ്പ് നടത്തിയത്.
വാട്‌സ്‌ആപ്പിലെ വീഡിയോ കോളിങ് ഫീച്ചറില്‍ ഇപ്പോള്‍ കൂടുതല്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മൊബൈല്‍, ഡെസ്‌ക്ടോപ്പ് ഡിവൈസുകള്‍ക്കായാണ് കമ്പനിയുടെ പുതിയ അപ്‌ഡേറ്റുകള്‍. ഒരേസമയം, വീഡിയോ കോളില്‍ പങ്കെടുക്കാൻ സാധിക്കുന്ന പരമാവധി ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചത് ഉള്‍പ്പടെ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ആപ്പില്‍ കമ്പനി വരുത്തിയിരിക്കുന്നത്.
വീഡിയോ കോളില്‍ 32 പേര്‍: വാട്‌സ്‌ആപ്പിലൂടെയുള്ള വീഡിയോ കോളില്‍ ഇനി മുതല്‍ ഏത് ഡിവൈസിലൂടെയും ഒരേ സമയം 32 പേര്‍ക്ക് പങ്കെടുക്കാൻ സാധിക്കും. നേരത്തെ, മൊബൈല്‍ ഫോണുകളില്‍ മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. പുതിയ അപ്‌ഡേറ്റോടെ വിന്‍ഡോസ്, മാക് ഒഎസ് ഉപയോക്താക്കള്‍ക്കും വീഡിയോ കോളില്‍ 32 പേരായി പങ്കെടുക്കാം. നേരത്തെ, വിന്‍ഡോസില്‍ 16, മാക് ഒഎസില്‍ 18 പേര്‍ക്കുമായിരുന്നു ഒരു സമയം വീഡിയോ കോളില്‍ പങ്കെടുക്കാൻ സാധിച്ചിരുന്നത്.
സ്‌ക്രീൻ ഷെയറിങ് ഇനി ശബ്‌ദത്തോടെ: കഴിഞ്ഞ ഓഗസ്റ്റില്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ച സ്‌ക്രീൻ ഷെയര്‍ ഫീച്ചറിലും പുതിയ അപ്‌ഡേറ്റിലൂടെ വമ്പൻ മാറ്റമാണ് വരുന്നത്. ഇതിലൂടെ സ്ക്രീൻ ഷെയര്‍ ചെയ്യുന്നതിനൊപ്പം അതിലെ ശബ്‌ദവും മറ്റുള്ളവരുമായി പങ്കുവെയ്‌ക്കാൻ സാധിക്കും. ഇതുവഴി, ഒരുമിച്ച് സിനിമയും മറ്റ് വീഡിയോകളും കാണാനും ഉപയോക്താക്കള്‍ക്കാകും. ഒരു ഗ്രൂപ്പ് വീഡിയോ കോളില്‍ സംസാരിക്കുന്ന വ്യക്തിയുടെ വിൻഡോ സ്‌ക്രീനില്‍ കാണുന്ന സ്‌പീക്കര്‍ ഹൈലൈറ്റ് അപ്‌ഡേറ്റും കമ്പനി ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്.
സൗണ്ട് ക്വാളിറ്റിയും മാറും: വാട്‌സ്‌ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി ഉയര്‍ത്താൻ മെറ്റാ ലോ ബിട്രേറ്റ് (MLow) കോഡെക്കും ആപ്പിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മോശം നെറ്റ്‌വര്‍ക്ക് ആണെങ്കില്‍പ്പോലും ഇതിലൂടെ കോളിന്‍റെ ക്വാളിറ്റി മെച്ചപ്പെടുത്താൻ സാധിക്കും. ഇൻസ്റ്റഗ്രാം, മെസഞ്ചര്‍ കോളുകളില്‍ ലഭ്യമായിട്ടുള്ള ഈ സംവിധാനം വാട്‌സ്‌ആപ്പിലും പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലണ് മെറ്റ.