ഹൈദരാബാദ്: സന്ദേശമയക്കാനും വീഡിയോ, വോയ്‌സ് കോളുകൾ ചെയ്യാനുമായി നിരവധി പേർ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പാണ് വാട്‌സ്‌ആപ്പ്. ഇപ്പോൾ ഇടക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് വാട്‌സ്‌ആപ്പിനെ കൂടുതൽ ജനപ്രിയമാക്കാനൊരുങ്ങുകയാണ് കമ്പനി. ഉപയോക്താക്കൾക്ക് വീഡിയോ കോളിൽ ഓഗ്‌മെന്‍റഡ് റിയാലിറ്റി ഫീച്ചർ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്‌സ്‌ആപ്പ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഐഒഎസിലാണ് ടെസ്റ്റിങ് നടക്കുന്നതെങ്കിലും പിന്നീട് ആൻഡ്രോയ്‌ഡ് സിസ്റ്റത്തിലേക്കും വ്യാപിപ്പിക്കും.
വാട്‌സ്‌ആപ്പ് ഫീച്ചർ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റ ഇൻഫോയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി അറിയിച്ചത്. ഓഗ്‌മെന്‍റഡ് റിയാലിറ്റി ഫീച്ചർ വരുന്നതോടെ വാട്‌സ്‌ആപ്പ് കോളുകളിൽ ഫിൽടറുകളും ഇഫക്‌ടുകളും ഉപയോഗിക്കാൻ സാധിക്കും. കൂടാതെ മുഖം കൂടുതൽ ഭംഗിയാക്കാനുള്ള ടച്ച് അപ്പ് ടൂളും വെളിച്ചക്കുറവ് പരിഹരിക്കുന്നതിനുള്ള ലോ ലൈറ്റ് മോഡും ഉണ്ടായിരിക്കും. പരിമിതമായ വെളിച്ചമുള്ള സ്ഥലങ്ങളിലും, രാത്രി ചെയ്യുന്ന കോളുകൾക്കും ലോ-ലൈറ്റ് മോഡ് ഫീച്ചർ കൂടുതൽ ഉപയോഗപ്രദമാവും.
വാട്‌സ്‌ആപ്പ് വീഡിയോ കോൾ കൂടുതൽ ആകർഷകവും രസകരവുമാക്കുന്നതിനൊപ്പം വ്യക്തിഗത ഇഷ്‌ടങ്ങൾക്കനുസരിച്ച് സെറ്റ് ചെയ്യാവുന്നതാണ് വരാൻ പോകുന്ന ഓഗ്‌മെന്‍റഡ് റിയാലിറ്റി ഫീച്ചർ. കോൾ ചെയ്യുമ്പോൾ പശ്ചാത്തലം ബ്ലർ ചെയ്യാനും, പശ്ചാത്തലം മാറ്റി വാട്‌സ്‌ആപ്പിന്‍റെ ഡിഫോൾട്ട് ആയിട്ടുള്ള പശ്ചാത്തലങ്ങൾ സെറ്റ് ചെയ്യാനും പുതിയ ഫീച്ചർ വരുന്നതോടെ സാധിക്കും.
ഐഫോണുകളിലെ ഫേസ്‌ടൈം വീഡിയോ കോളിന് സമാനമായ ഫീച്ചറുകളായിരിക്കും വാട്‌സ്‌ആപ്പ് അവതരിപ്പിക്കുന്നത്. വീഡിയോ കോൾ രസകരമാക്കുന്ന തരത്തിലുള്ള ഫിൽട്ടറുകളും പുതിയ അപ്‌ഡേഷനിൽ ഉണ്ടാകും. മറ്റൊരാൾക്ക് മൊബൈൽ നമ്പർ നൽകാതെ തന്നെ 'യൂസർ നെയിം' ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നുണ്ട്.
ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ചാണ് വാട്‌സ്ആപ്പിന്‍റെ പുതിയ അപ്‌ഡേഷൻ വരുന്നത്. ഈ ഫീച്ചർ വരുന്നതോടെ പരിചയമില്ലാത്തവർ നിങ്ങളുടെ മൊബൈൽ നമ്പർ ചോദിച്ചാൽ നൽകേണ്ട ആവശ്യമില്ല, പകരം യൂസർ നെയിം മാത്രം നൽകിയാൽ മതി. യൂസർ നെയിം ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് സന്ദേശമയക്കാൻ സാധിക്കും.