ന്യൂഡൽഹി: നോക്കിയ, എറിക്‌സൺ, സാംസങ് എന്നീ കമ്പനികളുമായി 30,000 കോടി രൂപയുടെ കരാർ ഒപ്പിട്ട് വോഡഫോൺ ഐഡിയ. മൂന്ന് വർഷത്തേക്ക് 4ജി, 5ജി നെറ്റ്‌വർക്ക് ഉപകരണങ്ങൾ നല്‍കുന്നതിനാണ് കരാറില്‍ ഒപ്പിട്ടത്. ഈ വർഷം ഒരു ഇന്ത്യൻ ടെലികോം ഓപ്പറേറ്റർ ഒപ്പിടുന്ന ഏറ്റവും വലിയ കരാറാണിത്.
4ജി കവറേജ് 1.03 ബില്യണിൽ ആളുകളില്‍ നിന്ന് 1.2 ബില്യണായി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. പ്രധാന വിപണികളിൽ 5ജി അവതരിപ്പിക്കുന്നതിനും ഡാറ്റ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതും ഇതുവഴി വോഡഫോൺ ഐഡിയ കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനി നിക്ഷേപം ആരംഭിച്ചതായും അത് തുടരുമെന്നും വോഡഫോൺ ഐഡിയ സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു.
പുതിയ ഉപകരണങ്ങള്‍ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തും. ഈ പുതിയ ദീര്‍ഘകാല കരാറുകളുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കും. മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം നല്‍കുന്നതിനായി ഏറ്റവും പുതിയ അത്യാധുനിക ഉപകരണങ്ങള്‍ വേഗത്തില്‍ പ്രയോജനപ്പെടുത്താന്‍ ഈ കരാറുകള്‍ കമ്പനിയെ സഹായിക്കും.
മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതിനായി വളര്‍ന്നുവരുന്ന നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വോഡഫോണ്‍ ഐഡിയയുടെ സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു. നോക്കിയയും എറിക്‌സണും തുടക്കം മുതൽ ഞങ്ങളുടെ പങ്കാളികളാണ്. ഈ കരാര്‍ പങ്കാളിത്തത്തിലെ മറ്റൊരു നാഴികക്കല്ലാണെന്നും അക്ഷയ മൂന്ദ്ര കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സാംസങ്ങുമായി പുതിയ പങ്കാളിത്തം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും വോഡഫോണ്‍ ഐഡിയയുടെ സിഇഒ അറിയിച്ചു. 2018 ഓഗസ്റ്റിൽ വോഡഫോൺ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിൻ്റെയും ലയനത്തോടെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി വോഡഫോൺ ഐഡിയ മാറിയിരുന്നു. നിലവില്‍ 21.5 കോടി മൊബൈൽ സേവന വരിക്കാരാണ് വിഐയ്‌ക്കുളളത്. ഇക്വിറ്റി വിൽപ്പനയിലൂടെ വോഡഫോൺ ഐഡിയ അടുത്തിടെ 24,000 കോടി രൂപ സമാഹരിച്ചിരുന്നു.