ETV Bharat / technology

ഇടിമിന്നൽ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാമോ? സ്വയം രക്ഷയ്‌ക്കായി എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം? - MOBILE PHONE USAGE DURING LIGHTNING - MOBILE PHONE USAGE DURING LIGHTNING

ആകാശത്ത് നിന്നും അന്തരീക്ഷത്തിലേക്കെത്തുന്ന അമിതമായ വൈദ്യുത പ്രവാഹമാണ് ഇടിമിന്നലിന് കാരണമാകുന്നത്. ജീവന് വരെ അപകടകാരിയായ ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? സ്വയം രക്ഷയ്‌ക്കായി എന്തെല്ലാം മുൻകരുതലുകളെടുക്കണം? പരിശോധിക്കാം...

LIGHTNING PRECAUTIONS  TIPS TO SAVE LIFE FROM LIGHTNING  ഇടിമിന്നൽ മൊബൈൽ ഫോൺ  ഇടിമിന്നൽ മുൻകരുതലുകൾ
Representative image (ETV Bharat Kerala)
author img

By ETV Bharat Tech Team

Published : Oct 1, 2024, 1:56 PM IST

ഹൈദരാബാദ്: മഴയുള്ള സമയങ്ങളിൽ പലരും പുറത്തുപോകാൻ ഭയക്കുന്നതിന്‍റെ പ്രധാന കാരണം ഇടിമിന്നൽ തന്നെയാണ്. ഇടിമിന്നലിന്‍റെ ആഘാതം വളരെ വലുതാണെന്നതാണ് ഇതിന് പിന്നിലെ കാരണം. ഇടിമിന്നലേറ്റാൽ മരണം, ബലക്ഷയം, ഓർമ നഷ്‌ട്ടപ്പെടൽ, പൊള്ളൽ എന്നിവ വരെ സംഭവിക്കാം. ഇത്രയും അപകടകാരിയായ ഇടിമിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? പലരുടെയും സംശയമായിരിക്കും ഇത്. ഇടിമിന്നൽ എങ്ങനെ ഉണ്ടാകുന്നെന്നും, ഈ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാമോ എന്നും, ഇതിന് പിന്നിലെ ശാസ്‌ത്രീയവശം എന്തെന്നും, സ്വയം സുരക്ഷയ്‌ക്ക് എന്തൊക്കെ ചെയ്യാമെന്നും നോക്കാം.

മിന്നൽ ഉണ്ടാകുന്നതെങ്ങനെ?

അന്തരീക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി മേഘങ്ങളിലും ഭൗമോപരിതലത്തിലും സംഭരിക്കപ്പെടുന്ന വൈദ്യുത ചാർജാണ് ഇടിമിന്നലിന് കാരണമാകുന്നത്. മേഘങ്ങളിൽ വച്ച് ഐസ്, മഴ, മഞ്ഞ് എന്നിവ കൂട്ടിയുരസുമ്പോൾ മേഘങ്ങളിൽ നെഗറ്റീവ് ചാർജ് രൂപപ്പെടുന്നതിന് ഇടയാക്കുന്നു. അതേസമയം ഭൂമിയിലെ വസ്‌തുക്കൾ പോസിറ്റീവ് ചാർജായി മാറും. ഈ രണ്ട് വിപരീത ചാർജുകൾ തമ്മിൽ ആകർഷിക്കും. ഇതിന്‍റെ ഫലമായി ഈ രണ്ട് വിപരീത ചാർജുകൾക്കിടയിലൂടെ വൈദ്യുത പ്രവാഹമുണ്ടാകുന്നതാണ് മിന്നലിന് കാരണമാകുന്നത്.

ഇടിമുഴക്കം ഉണ്ടാകുന്നതെങ്ങനെ?

മിന്നലിന് തീവ്രമായ ചൂട് ആയിരിക്കും. ഇത് കാരണം അന്തരീക്ഷം കൂടുതൽ ചൂടാകും. താപനില ഉയരുന്നത് കാരണം അന്തരീക്ഷത്തിലെ വായു പെട്ടന്ന് വികസിക്കുകയും മറ്റ് സ്ഥലത്തേക്ക് ചലിക്കുകയും ചെയ്യുന്നു. ഈ സമയത്താണ് ഇടി മുഴങ്ങുന്നത്. മിന്നലുണ്ടാകുമ്പോൾ വായുവിന്‍റെ സാന്ദ്രത കുറയുകയും ഇവിടേക്ക് സമീപത്ത് നിന്നുള്ള വായു കടന്ന് വരുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഇതും ഇടിക്ക് കാരണമാകുന്നു.

ഇടിമിന്നലുള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ള സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് പലപ്പോഴും നിങ്ങൾ കേൾക്കാറുണ്ട്. എന്നാൽ മിന്നലുള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. കാരണം മൊബൈൽ ഫോണിൽ സിഗ്നലുകൾക്കായി ഉപയോഗിക്കുന്നത് റേഡിയോ തരംഗങ്ങളെയാണ്. ഇവയിലൂടെ വൈദ്യുതി കടന്നുപോകില്ല. അതിനാൽ മിന്നലുള്ള സമയങ്ങളിൽ കോൾ ചെയ്യുന്നതിനോ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിനോ കുഴപ്പമില്ല.

എന്നാൽ ചാർജ് ചെയ്‌തുകൊണ്ട് ഫോൺ ഉപയോഗിക്കാൻ പാടില്ല. കാരണം വയറുകളിലൂടെ മിന്നലിലെ വൈദ്യുതി കടന്നുവരാനിടയുണ്ട്. അതേസമയം ഇടിമിന്നലുള്ള സമയങ്ങളിൽ വൈദ്യുതി കടന്നുവരാൻ സാധ്യതയുള്ളതിനാൽ വയറുമായി ബന്ധിപ്പിച്ച ടെലിഫോൺ ഉപയോഗിക്കാൻ പാടില്ല.

ഇടിയാണോ മിന്നലാണോ ആദ്യം ഉണ്ടാകുന്നത്?

മിന്നലും ഇടിമുഴക്കവും ഏതാണ്ട് ഒരേസമയത്താണ് സംഭവിക്കുന്നത്. എന്നാൽ ഇടിമുഴക്കം കേൾക്കുന്നതിന് മുമ്പാണ് ഭൂമിയിൽ മിന്നൽ കാണപ്പെടുന്നത്. ഇതിന് കാരണം പ്രകാശം ശബ്‌ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്നതാണ്. മിന്നലിന്‍റെ പ്രകാശം സെക്കൻഡിൽ ഏകദേശം 300,000,000 മീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. അതേസമയം ഇടിയുടെ ശബ്‌ദം സെക്കൻഡിൽ 340 മീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.

മുന്‍കരുതലുകള്‍:

ഞൊടിയിടയില്‍ സെക്കന്‍റിന്‍റെ പത്തിലൊന്ന് സമയം കൊണ്ടാണ് മിന്നലിലെ ഈ വൈദ്യുത പ്രവാഹമുണ്ടാകുന്നത്. ഈ സമയം ദശലക്ഷക്കണക്കിന് വൈദ്യുതോര്‍ജമാണ് ഒറ്റയടിക്ക് ഭൂമിയിലേക്ക് പ്രവഹിക്കുന്നത്. ഒപ്പം സെക്കന്‍റുകള്‍ക്കുള്ളില്‍ വന്‍തോതില്‍ ചൂടും സൃഷ്‌ടിക്കപ്പെടുന്നു. ഏതാണ്ട് മുപ്പതിനായിരം ഡിഗ്രി ചൂട് ഈ ഘട്ടങ്ങളില്‍ സൃഷ്‌ടിക്കപ്പെടുന്നതായാണ് ശാസ്‌ത്ര ലോകം പറയുന്നത്. മിന്നല്‍പ്പിണരിന്‍റെ ഈ മാരകത നമുക്ക് തടുക്കാനാവില്ല. അതിനാൽ തന്നെ ആകാശം മേഘാവൃതമാകുന്നത് കണ്ടാല്‍ തന്നെ മുൻകരുതലെടുക്കുക. മിന്നലിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കി മുന്‍കൂര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുക.

  • മിന്നലില്‍ നിന്നും രക്ഷ നേടുന്നതിന് സുരക്ഷിത ഇടങ്ങളിലേക്ക് മാറുക. മിന്നലുണ്ടാകുമ്പോള്‍ നിങ്ങള്‍ വീടിന് പുറത്താണ് ഉള്ളതെങ്കിൽ തൊട്ടടുത്തുള്ള കെട്ടിടത്തിന്‍റെ ഉള്‍വശത്തേക്ക് മാറി നില്‍ക്കുക. എന്നാല്‍ ചെറു കെട്ടിടങ്ങള്‍, ടവറുകള്‍, ഏറുമാടങ്ങള്‍, കുടിലുകള്‍ എന്നിവ ഒട്ടും സുരക്ഷിതമല്ല. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്.
  • തുറസായ സ്ഥലങ്ങള്‍, കുന്നുകള്‍, മലകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളിൽ നിൽക്കരുത്.
  • വലിയ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. അഥവാ മരത്തിന് ചുവട്ടിലാണെങ്കിൽ തന്നെ ചില്ലകളിൽ നിന്നും പരമാവധി മാറിനിൽക്കുക. മിന്നല്‍ രൂക്ഷമായി തുടരുകയാണെങ്കില്‍ കാല്‍മുട്ടുകളും കൈകളും താടിയും ചേര്‍ത്ത് നിലത്ത് ഇരിക്കുക.
  • വൈദ്യുത ലൈനുകള്‍, ഉയരം കൂടിയ ലോഹക്കമ്പികള്‍ എന്നിവയ്‌ക്കടുത്ത് നില്‍ക്കരുത്.
  • ടിവി ആന്‍റിന, കൊടിമരം, ലോഹപൈപ്പുകള്‍ എന്നിവയില്‍ നിന്നും അകലം പാലിക്കുക.
  • തടാകങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, പുഴകൾ, മറ്റ് ജലാശയങ്ങൾ എന്നിവ മിന്നല്‍ പതിക്കാന്‍ സാധ്യത ഏറെയുള്ള ഇടങ്ങളാണ്. അതിനാൽ ഇവിടേക്ക് പോകരുത്.
  • മിന്നലുണ്ടാകുമ്പോള്‍ മോട്ടോര്‍ സൈക്കിളോ, സൈക്കിളോ ഉപയോഗിക്കരുത്.
  • മിന്നല്‍ സമയത്ത് ലോഹങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കൈവരികള്‍, വേലികള്‍ എന്നിവയോട് ചേര്‍ന്ന് നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കാറുകള്‍, ലോഹ നിര്‍മ്മിതമായ മറ്റു വാഹനങ്ങള്‍, റെയില്‍വേ ട്രാക്ക് എന്നിവയോട് അടുത്തു നില്‍ക്കുന്നതും ഒഴിവാക്കുക.
  • കനത്ത മിന്നലുണ്ടാകുമ്പോള്‍ കാല്‍പ്പാദങ്ങളും മുട്ടുകളും ചേര്‍ത്തു പിടിച്ച് കൈകള്‍ കൊണ്ട് മുട്ടിനുചുറ്റും വലയം ചെയ്‌ത് പിടിച്ച് താടി മുട്ടിനുമുകളില്‍ ഉറപ്പിച്ചു വച്ച് നിലത്ത് ഇരിക്കണം.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ കെട്ടിടങ്ങളുടെ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
  • മിന്നലുള്ള സമയങ്ങളിൽ കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽഫോൺ ഉപയോഗിക്കാം. എന്നാൽ ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കരുത്.
  • മിന്നലുള്ള സമയങ്ങളിൽ വൈദ്യുതി ഇല്ലെങ്കിലും അനുബന്ധ ഉപകരണങ്ങളിൽ സ്‌പർശിക്കരുത്.

മിന്നലേറ്റു കഴിഞ്ഞാലുള്ള ചികിത്സ : നേരിട്ട് മിന്നലേറ്റുണ്ടാകുന്ന മരണങ്ങള്‍ താരതമ്യേന കേരളത്തില്‍ കുറവാണ്. പൊള്ളലേറ്റുണ്ടാകുന്ന മരണങ്ങളും അപൂര്‍വം. മിക്ക കേസുകളിലും ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കണ്ടുവരുന്നത്. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി മിന്നലേറ്റ മിക്കവരേയും നമുക്ക് രക്ഷിക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം.

രോഗിയെ മലര്‍ത്തിക്കിടത്തി നെഞ്ചിന് നടുവിലായുള്ള പരന്ന അസ്ഥിയില്‍ ഇടതു കൈപ്പത്തി ചേര്‍ത്തു വയ്‌ക്കുക. ഇടതു കൈപ്പത്തിക്കു മുകളിലായി വലതു കൈപ്പത്തിയും വയ്‌ക്കുക. കൈമുട്ടുകള്‍ നിവര്‍ത്തിപ്പിടിച്ച് നെഞ്ചില്‍ ശക്തിയായി അമര്‍ത്തിക്കൊണ്ടേയിരിക്കുക. പതിനഞ്ച് തവണയെങ്കിലും ഇത്തരത്തില്‍ അമര്‍ത്തിക്കഴിയുമ്പോഴേക്ക് രോഗിക്ക് ശ്വാസഗതി വീണ്ടെടുക്കാനായേക്കും.

നാഡി മിടിപ്പ് വീണ്ടെടുക്കാനായാല്‍ മര്‍ദം നല്‍കുന്നത് നിര്‍ത്തുക. അവരെ സ്വയം ശ്വസിക്കാന്‍ അനുവദിക്കാം. ഇല്ലായെങ്കില്‍ വായിലൂടെ കൃത്രിമ ശ്വാസവും നല്‍കാം. ഇടതു കൈ കൊണ്ട് രോഗിയുടെ മൂക്ക് അടച്ചു പിടിച്ച് മറ്റേ കൈകൊണ്ട് തല അല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് വായില്‍ക്കൂടി ശക്തിയായി ഊതുക. ശ്വാസഗതി വീണ്ടെടുക്കുന്നതു വരെയോ അല്ലെങ്കില്‍ വൈദ്യ സഹായം കിട്ടുന്നതു വരെയോ ഇത് തുടരണം.

ജീവനെടുക്കുന്ന ഇടിമിന്നൽ:

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്‌ടം സൃഷ്‌ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുകളിൽ പറഞ്ഞ മുൻകരുതലുകൾ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. കൂടാതെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ നിരീക്ഷിക്കുകയും പാലിക്കുകയും ചെയ്യുക.

Also Read: തലസ്ഥാനത്തെ ആകാശത്ത് 'നിശബ്‌ദ വെടിക്കെട്ട്'; കാരണമിതെന്ന് വിദഗ്‌ധന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.