ന്യൂഡല്‍ഹി : ലോകത്ത് എല്ലായിടവും ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം വേഗത്തിലാക്കാന്‍ യുപിഐ സംവിധാനം കൊണ്ടു വരാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദം. ഇപ്പോഴിതാ ഇതിന്‍റെ ആദ്യ പടിയായി പശ്ചിമേഷ്യന്‍ രാജ്യമായ യുഎഇയില്‍ യുപിഐ പേമെന്‍റ് സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു.
എന്‍പിസിഐ രാജ്യാന്തര ഇന്‍റര്‍നാഷണല്‍ പേമെന്‍റ്സ് ലിമിറ്റഡും പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും വലിയ ഡിജിറ്റല്‍ വാണിജ്യ കമ്പനിയായ നെറ്റ്‌വര്‍ക്ക് ഇന്‍റര്‍നാഷണലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് കൊണ്ട് ഇന്ത്യന്‍ യാത്രികര്‍ക്കും യുഎഇയിലെ ഇന്ത്യക്കാര്‍ക്കും കച്ചവട സ്ഥാപനങ്ങളിലും മറ്റും ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകും.
യുഎഇയിലെ വ്യാപാരികളും ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതായി എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ സിഇഒ റിതേഷ് ശുക്ല പറഞ്ഞു. ഇത് ഇന്ത്യാക്കാര്‍ക്ക് മാത്രമല്ല മറിച്ച് രാജ്യാന്തര തലത്തിലെ ഡിജിറ്റല്‍ ഇടപാടുകളെയും ഇത് പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024ല്‍ ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌ത ഇന്ത്യക്കാരുടെ എണ്ണം 98 ലക്ഷത്തിലെത്തി. യുഎഇയില്‍ മാത്രം 53 ലക്ഷം ഇന്ത്യക്കാരാണ് എത്തിയത്. അത് കൊണ്ട് തന്നെ ഇന്ത്യന്‍ സര്‍ക്കാരും ഇന്ത്യന്‍ റിസര്‍വ് ബാങ്കും എന്‍പിസിഐ ഇന്‍റര്‍നാഷണലും ആഗോളതലത്തില്‍ യുപിഐയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ്. നേപ്പാള്‍, ശ്രീലങ്ക, മൗറീഷ്യസ്, യുഎഇ, സിംഗപ്പൂര്‍, ഫ്രാന്‍സ്, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം തന്നെ യുപിഐയ്ക്ക് ഔദ്യോഗികമായി അംഗീകാരമുണ്ട്.
ജൂണില്‍ മാത്രം 1390 കോടി ഇടപാടുകള്‍ യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്നതായി എന്‍പിസിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷം തോറും 49 ശതമാനം വര്‍ധനവാണ് ഈ രംഗത്ത് ഉണ്ടാകുന്നത്. നിത്യേന ശരാശരി 4630 ലക്ഷം ഇടപാടുകള്‍ നടക്കുന്നുണ്ട്.
ഏകദേശം 66,903 കോടി രൂപയുടെ ഇടപാട്. റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നതും വിദേശരാജ്യങ്ങളില്‍ യുപിഐ ഇടപാടുകള്‍ ആരംഭിച്ചതും യുപിഐ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായി.
Also read: ക്യാഷ്ബാക്കുകളുടെ പെരുമഴ; കൈനിറയെ ഓഫറുകളുമായി യുപിഐ ക്രെഡിറ്റ് കാർഡുകൾ