ഹൈദരാബാദ്: ദിവസേനയുള്ള പാചകത്തിന് അത്യന്താപേക്ഷിതമാണല്ലോ എൽപിജി ഗ്യാസ് സിലിണ്ടർ. ഒറ്റ സിലിണ്ടർ മാത്രമുള്ള ഇടത്തരം കുടുംബങ്ങളിൽ എൽപിജി ഗ്യാസ് പെട്ടന്ന് തീർന്നാൽ അത് ബുദ്ധിമുട്ടായിരിക്കും. സിലിണ്ടറിലെ ഗ്യാസ് പൂർണമായും കഴിയുന്നതിന് മുൻപ് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. സിലിണ്ടറിൽ അവശേഷിക്കുന്ന വാതകത്തിന്‍റെ അളവ് അറിയാനായാൽ ഗ്യാസ് മുൻകൂട്ടി ബുക്ക് ചെയ്യാനാകും.
ഈ ചിന്തയാണ് മധുരയിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മിത്രനെ 'സിലിണ്ടർ ഡിപ്ലിഷൻ' എന്നറിയപ്പെടുന്ന മുന്നറിയിപ്പ് ഉപകരണം കണ്ടുപിടിക്കുന്നതിലേക്ക് നയിച്ചത്. ഉപകരണത്തിൽ സിലിണ്ടർ വച്ചാൽ എൽപിജിയുടെ ഭാരം നിശ്ചിത ലെവലിൽ നിന്ന് കുറയുമ്പോൾ സിഗ്നൽ ലൈറ്റ് പ്രകാശിക്കുകയും ബസർ മുഴങ്ങുകയും ചെയ്യും. സിലിണ്ടറിൻ്റെ ഭാരം കുറയുമ്പോൾ ലൈറ്റ് പ്രകാശിക്കുകയും ബസർ മുഴങ്ങുകയും ചെയ്യേണ്ട രീതിയിലാണ് ഉപകരണത്തിൽ സ്പ്രിംഗ് ഘടിപ്പിച്ചത്.
വാതകം കഴിയുന്നതിന് പത്ത് ദിവസം മുൻപ് തന്നെ ഉപകരണത്തിൽ നിന്നും ബസർ മുഴങ്ങുമെന്നാണ് മിത്രൻ അവകാശപ്പെടുന്നത്. അധ്യാപകൻ അബ്‌ദുൾ റസാഖിന്‍റെ സഹായത്തോടെയാണ് മിത്രൻ സിലിണ്ടർ ഡിപ്ലിഷൻ എന്ന മുന്നറിയിപ്പ് ഉപകരണം രൂപകൽപന ചെയ്‌തത്.
"ഞങ്ങളുടെ വീട്ടിൽ ഒരു ഗ്യാസ് സിലിണ്ടറേ ഉള്ളൂ. അതിനാൽ തന്നെ ഗ്യാസ് തീർന്നാൽ പുതിയ സിലിണ്ടർ വീട്ടിലെത്തുന്നത് വരെ അമ്മ പാചകം ചെയ്യാൻ ബുദ്ധിമുട്ടാറുണ്ട്. അപ്പോഴാണ് ഇത് പരിഹരിക്കുന്നതിനായി ഒരു മാർഗത്തെ കുറിച്ച് ഞാൻ ആലോചിക്കുന്നത്. പിന്നീട് ഒരു സർക്യൂട്ട് ഡ്രാഫ്റ്റ് വരച്ച് സ്‌കൂളിൽ കാണിച്ചു. തുടർന്ന് അധ്യാപകന്‍റെ സഹായത്തോടെ ഉപകരണം രൂപകൽപന ചെയ്യുകയായിരുന്നു"എട്ടാം ക്ലാസ് വിദ്യാർഥിയായ മിത്രൻ പുതിയ ഉപകരണത്തിന്‍റെ കണ്ടുപിടിത്തത്തെ കുറിച്ച് പറയുന്നതിങ്ങനെ. ഉപകരണം വാണിജ്യാടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്‌യുമ്പോൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുമെന്നും മിത്രൻ കൂട്ടിച്ചേർത്തു.
Also Read: മതിയായ ആവശ്യക്കാരില്ല: ലെജൻഡ്‌സ് സേവനങ്ങൾ അവസാനിപ്പിച്ചതായി സൊമാറ്റോ