ഹൈദരാബാദ്: അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കുന്നതിനുള്ള ഇലോൺ മസ്‌ക്കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകം ഇന്ന്(സെപ്‌റ്റംബർ 28) വിക്ഷേപിക്കും. രണ്ട് യാത്രികരുമായാണ് പേടകം വിക്ഷേപിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10:47 ന് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് വിക്ഷേപണം.
പേടകത്തിന്‍റെ വിക്ഷേപണം സെപ്‌റ്റംബർ 26ന് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഹെലൻ ചുഴലിക്കാറ്റ് കാരണം വിക്ഷേപിക്കാനായില്ല. തുടർന്ന് സെപ്‌റ്റംബർ 28നേക്ക് മാറ്റിവെക്കുകയായിരുന്നു. ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും രക്ഷാദൗത്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ് സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 മിഷൻ.
LIVE: Managers from NASA and @SpaceX discuss the targeted Sept. 28 launch of our #Crew9 mission to the @Space_Station, and the @SLDelta45 provides an update on the weather forecast. https://t.co/TZ2V5MTG1M
— NASA (@NASA) September 27, 2024
ക്രൂ-9 ദൗത്യം:
നാസ ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലക്‌സാണ്ടർ ഗോർബുനോവ് എന്നിനരെയാണ് പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. ഇവർ 5 മാസം വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരും. തുടർന്ന് 2025 ഫെബ്രുവരിയിൽ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും പേടകത്തിൽ തിരികെയെത്തിക്കും. സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകത്തിൽ ആകെ നാല് സീറ്റുകളാണ് ഉള്ളത്. ഇതിൽ രണ്ട് സീറ്റുകൾ സുനിതയ്‌ക്കും വിൽമോറിനുമായി ഒഴിച്ചിടും.
ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുവരും സഞ്ചരിച്ച ബോയിങിൻ്റെ സ്റ്റാർലൈനർ പേടകത്തിൽ തിരിച്ചുവരവ് സുരക്ഷിതമല്ലെന്ന് നാസ പ്രഖ്യാപിച്ചതിനെ തുടർന്ന് മടക്കയാത്ര നീളുകയാണ്. ഇരുവരെയും തിരികെയെത്തിക്കാനാവാതെ സ്റ്റാർലൈനർ പേടകം ഭൂമിയിലെത്തിയിരുന്നു.
ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് ജൂൺ 5 നാണ് ബോയിങിന്‍റെ സ്റ്റാർലൈനർ വിക്ഷേപിച്ചത്. ജൂൺ 6 നാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. 10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടതായിരുന്നു സുനിതയും വിൽമോറും. എന്നാൽ ഹീലിയം ചോർച്ചയും മറ്റ് സാങ്കേതിക തകരാറുകളും കാരണമാണ് പേടകത്തിന്‍റെ മടങ്ങിവരവ് പ്രതിസന്ധിയിലായത്.
പേടകത്തിൽ ഇരുവരുടെയും മടങ്ങിവരവ് അപകടകരമാണെന്ന് നാസ വിലയിരുത്തിയതിനാലാണ് യാത്ര അടുത്ത വർഷത്തേക്ക് മാറ്റിയത്. ഇതിനെ തുടർന്നാണ് സഞ്ചാരികളില്ലാതെ പേടകം തിരികെ മടങ്ങിയത്. സെപ്റ്റംബർ 6 നാണ് ബോയിങിന്‍റെ സ്റ്റാർലൈനർ ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാൻഡ് സ്‌പേസ് ഹാർബറിൽ സുരക്ഷിതമായി ലാൻഡിങ് നടത്തിയത്.
Also Read: ബഹിരാകാശത്ത് രണ്ടാം തവണയും പിറന്നാളാഘോഷം: ചരിത്രം കുറിച്ച് സുനിത വില്യംസ്