ഹൈദരാബാദ് : അപൂർവമായി മാത്രം സംഭവിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകും. വടക്കേ അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ ഗ്രഹണം നേരിൽ കാണാനാകുക. ഇന്ത്യയിൽ നിന്ന് ഗ്രഹണം കാണാനാകില്ല.
ഏപ്രിൽ എട്ട് ഇന്ത്യൻ സമയം രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് ഗ്രഹണം അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ട് അനുഭവപ്പെടും. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്ന് ദൃശ്യമാകുക.
എന്താണ് സൂര്യഗ്രഹണം? : ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയും സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ പ്രതിഭാസം ആണ് സൂര്യഗ്രഹണം. ഇതോടെ ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് മുതല്‍ അഞ്ച് സൂര്യഗ്രഹണം വരെ നടക്കാറുണ്ട്.
സൂര്യഗ്രഹണം എങ്ങനെ കാണാം? : നട്ടുച്ച സമയത്തുള്ള ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്‍റെ കാഴ്‌ച ശക്തി നഷ്‌ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു കൂടിയാണ് സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്നു പറയുന്നത്.
സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുത്. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. താത്‌കാലികമായ കാഴ്‌ചക്കുറവ് മുതല്‍ സ്ഥിരമായ അന്ധതയ്ക്ക് വരെ അത് കാരണമായേക്കാം. സൂര്യഗ്രഹണം കാണുന്നതിന് വേണ്ടിയുള്ള കണ്ണടകള്‍ ഉപയോഗിക്കണം. സാധാരണ കൂളിങ് ഗ്ലാസുകള്‍ പാടില്ല.
സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസുകള്‍ ആണ് വേണ്ടത്. ഐഎസ്ഒ 123122 രാജ്യാന്തര ഗുണനിലവാരം ഉള്ളതായിരിക്കണം. എന്നാല്‍ അത്തരം വ്യാജ കണ്ണടകള്‍ പുറത്തിറങ്ങാന്‍ ഇടയുണ്ട്.
ഗ്രഹണം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവര്‍ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍ട്ടറുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ പിന്‍ഹോള്‍ പ്രൊജക്‌ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സൂര്യന്‍റെ ഒരു ചിത്രം അടുത്തുള്ള ഒരു പ്രതലത്തിലേക്ക് പ്രതിഫലിപ്പിക്കും. അതുവഴി, സൂര്യരശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കാതെ കാണാനാകും.
സമ്പൂർണ സൂര്യഗ്രഹണ സമയം : കൊളംബിയ, വെനസ്വേല, അയര്‍ലന്‍ഡ്, പോര്‍ട്ടല്‍, ഐസ്‌ലന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്നും കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും ഭാഗികമായി ഗ്രഹണം കാണാം. മെക്‌സിക്കോയിലെ പസഫിക് തീരത്ത് പ്രാദേശിക സമയം ഏകദേശം 11.07ന് പൂർണ ഗ്രഹണത്തിൻ്റെ ആദ്യ ദൃശ്യം ലഭിക്കും. ഏകദേശം പുലർച്ചെ 1.30ന് മെയിൻ തീരത്ത് നിന്ന് ഗ്രഹണം പുറപ്പെടും.
ഏപ്രിൽ 8ന് ഇന്ത്യന്‍ സമയം രാത്രി 09.12ന് പൂർണ ഗ്രഹണം ആരംഭിക്കും. 2024 ഏപ്രിൽ 9-ന് പുലർച്ചെ 2.22-ന് ഗ്രഹണം അവസാനിക്കും. പൂർണ ഗ്രഹണം ഏകദേശം ഒന്നര മണിക്കൂർ വരെ നീണ്ടുനിൽക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്.
വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഗ്രഹണം ദ്യശ്യമാകുമെങ്കിലും അമേരിക്കയിലെ ടെക്‌സസ് മുതല്‍ മെയിന്‍ വരെയുളള സംസ്ഥാനങ്ങളില്‍ മാത്രമായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. അന്‍റാര്‍ട്ടിക് മേഖലയിലും പൂര്‍ണമായും ദൃശ്യമാകും എന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഇന്ത്യയില്‍ നിന്ന് ഗ്രഹണം കാണാന്‍ സാധിക്കില്ല. ഇന്ത്യയിലുള്ളവര്‍ക്ക് നാസയുടെ തത്സമയ സ്ട്രീമിങ്ങിലൂടെ ഗ്രഹണം കാണാം. പൂർണ സൂര്യഗ്രഹണം കാണാൻ ഇന്ത്യയിലുള്ളവർ ഇനിയും ഏറെ കാലം കാത്തിരിക്കണം. കൃത്യമായി പറഞ്ഞാൽ 2031 മേയ് 21നുള്ള സൂര്യഗ്രഹണം മാത്രമേ ഇന്ത്യയിൽ നിന്ന് വീക്ഷിക്കാനാകൂ എന്നാണ് നാസയുടെ വിശദീകരണം.
കാഴ്‌ചയുടെ വിരുന്നൊരുക്കാന്‍ നാസ : സൂര്യഗ്രഹണം ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ദൃശ്യമാകില്ല. എന്നാല്‍ ലോകത്തെ എല്ലാവര്‍ക്കും ഇത് ദൃശ്യമാകാന്‍ വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് നാസ നടത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് തത്സമയ ഓണ്‍ലൈന്‍ സ്ട്രീമിങ്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് നിരവധി വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം ജനങ്ങളിലേക്ക് എത്തിക്കും.
ഇതിനൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുമായി നടത്തുന്ന ചര്‍ച്ചകള്‍, ഗ്രഹണവുമായി ബന്ധപ്പെട്ട് നാസ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, മറ്റ് ബഹിരാകാശ സംഭവങ്ങള്‍ എന്നിവയും സംപ്രേഷണം ചെയ്യും. ഗ്രഹണ സമയത്ത് ടെലസ്‌കോപ്പില്‍ നിന്ന് നേരിട്ടുള്ള ദൃശ്യങ്ങളും ഉണ്ടായിരിക്കും. നാസയുടെ ടെലിവിഷന്‍ ചാനല്‍, യൂട്യൂബ്, നാസാപ്ലസ്, നാസ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഗ്രഹണം കാണാം.