ഹൈദരാബാദ് : രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കടുത്ത ഉഷ്‌ണ തരംഗം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധ വയ്‌ക്കേണ്ടവയാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍. അന്തരീക്ഷത്തിലെ അമിത ചൂട് സ്‌മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ചൂടാകാന്‍ കാരണമാകും. ഉപകരണങ്ങള്‍ അമിതമായി ചൂടായാല്‍ പ്രവര്‍ത്തന വേഗത കുറയും.
ഇത്തരം ഉപകരണങ്ങളില്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ട ആന്തരിക താപനിലയുണ്ട്. അതിനുമുകളില്‍ ചൂടായി കഴിഞ്ഞാല്‍ പൊട്ടിത്തെറിക്കാന്‍ പോലും സാധ്യതയുണ്ട്. എപ്പോഴും പോക്കറ്റിലും ബാഗിലുമൊക്കെയായി കൊണ്ടുനടക്കുന്ന സ്‌മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലാകും. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌മാര്‍ട്ട് ഫോണുകള്‍, ഐ ഫോണുകള്‍ ആയാലും ആന്‍ഡ്രോയിഡ് ഫോണുകളായാലും ചൂടാകുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇവയാണ്.
- ഫോണില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ അമിതമായി ഹീറ്റാകുന്നു. കൂടാതെ ചൂടുള്ള അന്തരീക്ഷത്തില്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതും അമിതമായി ഫോണ്‍ ചൂടാകാന്‍ കാരണമാകും.
- ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ഹീറ്റാകാന്‍ കാരണമാകും. നിരന്തരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണിന്‍റ ബാറ്ററി ഓവര്‍ ടൈം പ്രവര്‍ത്തിക്കും. ഇത് ഫോണ്‍ അമിതമായി ചൂടാകാന്‍ കാരണമാകും.
- ബാക്ക്‌ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണ്‍ അമിതമായി ചൂടാകാന്‍ കാരണമാകുന്നു. ഫോണില്‍ നിന്ന് കാഷെ ക്ലീന്‍ ചെയ്യാന്‍ എപ്പോഴും ഓര്‍മിക്കുക.
- ഫോണ്‍ അമിതമായി ചൂടാകാനുള്ള മറ്റൊരു കാരണം അധികമായി ചാര്‍ജ് ചെയ്യുകയോ ആവര്‍ത്തിച്ച് ചാര്‍ജ് ചെയ്യുകയോ ചെയ്യുന്നതാണ്
ഫോണ്‍ എങ്ങനെ 'തണുപ്പിക്കാം':
- ഫോണ്‍ ടേണ്‍ ഓഫ് ചെയ്യുകയോ റീ സ്റ്റാര്‍ട്ട് ചെയ്യുകയോ വേണം
ചൂടായതിന് ശേഷം ഫോണ്‍ ഹാങ്ങ് ആവുകയോ സ്ലോ ആവുകയോ ചെയ്‌താല്‍ അല്‍പ നേരം ടേണ്‍ ഓഫ് ചെയ്‌ത് വയ്‌ക്കുകയോ റീ സ്റ്റാര്‍ട്ട് ചെയ്യുകയോ വേണം. ചൂടായ ഫോണ്‍ തുടരെ ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
- സ്‌ക്രീൻ ബ്രൈറ്റ്‌നസ് കുറയ്‌ക്കുക
സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കൂട്ടിവയ്‌ക്കുന്നത് ബാറ്ററി അമിതമായി പ്രവര്‍ത്തിക്കാന്‍ കാരണമാകും. ഇത് ഫോണ്‍ ഹീറ്റാകാന്‍ ഇടയാക്കും. ഫോണ്‍ കൂളാകുന്നതുവരെ ബ്രൈറ്റ്‌നസ് കുറച്ചുവയ്‌ക്കുക.
- മൊബൈല്‍ കേസും കവറും അഴിച്ച് മാറ്റുക
ഹീറ്റിങ് കുറയ്‌ക്കാനുള്ള മെക്കാനിസം ഫോണില്‍ തന്നെ ഉണ്ട്. എന്നാല്‍ നാം ഉപയോഗിക്കുന്ന ഫോണ്‍ കവറുകളും കേസുകളും ഫോണിനെ കൂടുതല്‍ ചൂടാക്കുകയാണ് ചെയ്യുക. അതിനാല്‍ കേസോ കവറോ ഉണ്ടെങ്കില്‍ അവ അഴിച്ച് വയ്‌ക്കുന്നത് ഫോണ്‍ ഹീറ്റാകുന്നത് കുറയ്‌ക്കാന്‍ സഹായിക്കും.
- ഇന്‍റര്‍നെറ്റും ബ്ലൂടൂത്തും ഓഫാക്കുക
ഇന്‍റര്‍നെറ്റ്, ഹോട്‌സ്‌പോട്ട്, ബ്ലൂടൂത്ത് എന്നിവ ഓണ്‍ ചെയ്‌ത് വച്ചാല്‍ ഫോണ്‍ പെട്ടെന്ന് ഹീറ്റാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ആവശ്യം കഴിഞ്ഞ് അവ ഓഫ് ചെയ്‌ത് വയ്‌ക്കുക.
- യഥാര്‍ഥ ചാര്‍ജറുകള്‍ ഉപയോഗിക്കുക
ഫോണിന്‍റെ യഥാര്‍ഥ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതാണ് ഫോണ്‍ സുരക്ഷിതമായിരിക്കാന്‍ എപ്പോഴും നല്ലത്. ചാര്‍ജറിനോ ഫാണിന്‍റെ ചാര്‍ജിങ് പോര്‍ട്ടലിനോ തകരാറില്ലെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.