ചെന്നൈ: ആഴക്കടല്‍ പര്യവേക്ഷണത്തിനായുള്ള സമുദ്രയാന്‍ പദ്ധതിയുടെ ഹാര്‍ബര്‍ ട്രയല്‍ ഉടന്‍ നടത്തുമെന്ന് എന്‍ഐഒടി (National Institute of Ocean Technology (NIOT). സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കാനുള്ള അന്തര്‍വാഹിനിയായ 'MATSYA 6000' ന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് മത്സ്യ 6000ന്‍റെ നിര്‍മാതാക്കള്‍.
4800 കോടി രൂപ ചെലവിലാണ് സമുദ്രയാന്‍ പദ്ധതി നടപ്പാക്കുന്നത്. ഹാര്‍ബര്‍ ട്രയല്‍ ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ ചെന്നൈയില്‍ നടത്തുമെന്ന് എന്‍ഐഒടി ഡയറക്‌ടര്‍ ജിഎ രാമദാസ് പറഞ്ഞു. മനുഷ്യനെ കടലിന്‍റെ 6000 മീറ്റര്‍ താഴ്‌ചയിലെത്തിക്കുകയാണ് സമുദ്രയാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ട്രയല്‍ നടത്തുമ്പോള്‍ 500 മീറ്റര്‍ താഴ്‌ചയിലേക്ക് മാത്രമെ മത്സ്യ 6000നെ കടത്തിവിടുകയൂള്ളൂവെന്നും ജിഎ രാമദാസ് പറഞ്ഞു.
മൂന്ന് പേരാണ് ട്രയല്‍ സമയത്ത് അന്തര്‍വാഹിനിയില്‍ ഉണ്ടാകുക. സമുദ്രത്തിന്‍റെ ആഴങ്ങളിലെത്തുന്ന സംഘത്തിന് വെള്ളത്തിന് അടിയിലെ ധാതു വിഭവങ്ങളെല്ലാം നേരില്‍ കാണാന്‍ സാധിക്കും. ചെന്നൈയിലെ പള്ളിക്കരണെയിലെ എന്‍ഐഒടി കാമ്പസില്‍ മത്സ്യ 6000ത്തിന്‍റേതിന് സമാനമായി രൂപകല്‍പന ചെയ്‌ത അന്തര്‍വാഹിനി പ്രദര്‍ശത്തിന് ഉണ്ടാകും.
ജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ അത് പ്രദര്‍ശിപ്പിക്കുമെന്നും രാമദാസ് പറഞ്ഞു. ഏകദേശം 6.6 മീറ്റര്‍ നീളവും 210 ടണ്‍ ഭാരവുമുള്ള അന്തര്‍വാഹിനിക്ക് 48 മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളത്തിനടിയില്‍ ഗവേഷണം നടത്താന്‍ സാധിക്കും. മനുഷ്യനെയും വഹിച്ച് ആഴക്കടലിലെത്തുന്ന അന്തര്‍വാഹിനി പൂര്‍ണമായും ടൈറ്റാനിയം ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് ടൈറ്റാനിയത്തിന് കാഠിന്യം വളരെ കൂടുതലാണ്.
അന്തര്‍വാഹിനിയുടെ പൈലറ്റായി മുന്‍ നാവികനെയാണ് നിയമിച്ചിരിക്കുന്നത്. ഇത് കൂടാതെ എന്‍ഐഒടിയിലെ രണ്ട് ശാസ്‌ത്രജ്ഞര്‍ക്കും അദ്ദേഹം പരിശീലനം നല്‍കുമെന്നും രാമദാസ് വ്യക്തമാക്കി. ആഴക്കടല്‍ നിരീക്ഷണത്തിനായുള്ള സ്‌പേയ്‌സ്, സമുദ്രം പര്യവേക്ഷണത്തിനായുള്ള രണ്ട് മാനിപ്പുലേറ്ററുകൾ, ധാതു സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള ട്രേ, ആഴക്കടലിന്‍റെയും വിഭവങ്ങളുടെയും ഫോട്ടോ എടുക്കുന്നതിനുള്ള ക്യാമറ, ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ മത്സ്യ 6000-ൽ ഉണ്ടാകും. സമുദ്രയാൻ പദ്ധതി ഈ വർഷം തന്നെ ഊർജം പ്രാപിക്കുമെന്നും 2026 ഓടെ സമഗ്രമായ ഗവേഷണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും എന്‍ഐഒടി വൃത്തങ്ങൾ അറിയിച്ചു.
ആഴക്കടലിലെ വിഭവങ്ങൾ കണ്ടെത്തുകയും അവയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൻഐഒടി സയന്‍റഫിക് ഗവേഷകൻ എൻആർ രമേഷ് പറഞ്ഞു. സമുദ്ര വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിലൂടെ എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്നറിയാനും ഗവേഷണം നടത്തും. ഇത് പ്രവർത്തനക്ഷമമാകുന്നതിന് മുമ്പ് നിരവധി നടപടികൾ പൂർത്തീകരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.