ഹൈദരാബാദ്: ചരിത്ര സന്ദര്‍ശനത്തിനായി യുക്രെയ്‌നിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ചർച്ചയായിരുന്നു. പോളണ്ടില്‍ നിന്നും പ്രത്യേക ട്രെയിനിൽ പത്ത് മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിലാണ് മോദി യുക്രെയ്‌നിൽ എത്തുന്നത്. 'റെയില്‍ ഫോഴ്‌സ് വണ്‍' എന്നറിയപ്പെടുന്ന അതീവ സുരക്ഷ ക്രമീകരണങ്ങളുള്ള ഈ ആഡംബര ട്രെയിനിനെ കുറിച്ച് കൂടുതൽ അറിയാം.
ആഡംബര സൗകര്യങ്ങൾക്കും ലോകോത്തര സേവനങ്ങൾക്കും പേരുകേട്ടതാണ് റെയിൽ ഫോഴ്‌സ് വൺ ട്രെയിൻ. ഉക്രെയ്‌നിൻ്റെ തലസ്ഥാനമായ കീവിൽ 7 മണിക്കൂർ ചെലവഴിക്കാൻ മോദി ട്രെയിൻ ഫോഴ്‌സ് വണ്ണിൽ 10 മണിക്കൂറോളം യാത്ര ചെയ്‌തത് ശ്രദ്ധേയമാണ്. റഷ്യയുമായുള്ള യുദ്ധത്തെ തുടർന്ന് യുക്രെയ്‌നിലെ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ വ്യോമ മാർഗമുള്ള യാത്ര സാധ്യമല്ല. റോഡിലൂടെയുള്ള യാത്രയിലും സുരക്ഷ പ്രശ്‌നങ്ങളുണ്ട്. ഇത് കണക്കിലെടുത്താണ് പ്രത്യേക ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്‌തത്.
റെയിൽ ഫോഴ്‌സ് വണ്ണിനെക്കുറിച്ച് കൂടുതൽ അറിയാം:
2014ൽ വിനോദസഞ്ചാരം ലക്ഷ്യം വെച്ചാണ് റെയിൽ ഫോഴ്‌സ് വൺ സർവീസ് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഈ ട്രെയിൻ സർവീസ് ലോകനേതാക്കൾക്കും പത്രപ്രവർത്തകർക്കും നയതന്ത്രജ്ഞർക്കും യാത്ര ചെയ്യാനുള്ള മാർഗമായി മാറിയിരിക്കുകയാണ്. രാത്രിയിൽ മാത്രം യാത്ര നടത്തുന്നതും സാവധാനത്തിൽ സഞ്ചരിക്കുന്നതുമായ ആഡംബര ട്രെയിനാണ് റെയിൽ ഫോഴ്‌സ് വൺ. പോളണ്ടിൽ നിന്നും കീവിലേക്കുള്ള 600 കിലോമീറ്റർ ദൂരം താണ്ടാൻ റെയിൽ ഫോഴ്‌സ് വണ്ണിൽ 10 മണിക്കൂർ എടുക്കും.
ക്രിമിയയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച റെയിൽ ഫോഴ്‌സ് വൺ ക്രിമിയ റഷ്യ പിടിച്ചടക്കിയതിനു ശേഷമാണ് വിഐപി നേതാക്കൾക്ക് യുക്രെയ്‌നിലെത്തുന്നതിനുള്ള സഞ്ചാരമാർഗമായി മാറിയത്. വളരെ മനോഹരമായ ആധുനിക ഇന്‍റീരിയർ ഡിസൈനാണ് ട്രെയിനിനുള്ളിൽ ഉള്ളത്.
ഒരു ആഡംബര ഹോട്ടലിന് സമാനമാണ് റെയിൽ ഫോഴ്‌സ് വൺ. ആഡംബര സോഫകൾ, ടെലിവിഷനുകൾ, പ്രധാനപ്പെട്ട മീറ്റിംഗുകൾക്കായി ടേബിളുകൾ, ഉറങ്ങാനും വിശ്രമിക്കാനും സൗകര്യം, വിപുലമായ സുരക്ഷ സംവിധാനങ്ങൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല റെയിൽ ഫോഴ്‌സ് വണ്ണിൽ സഞ്ചരിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് തുടങ്ങിയ നേതാക്കൾ കീവ് സന്ദർശന വേളയിൽ യാത്ര ചെയ്‌തത് റെയിൽ ഫോഴ്‌സ് വണ്ണിലാണ്.
![PM MODI UKRAINE VISIT NARENDRA MODI IN UKRAINE നരേന്ദ്ര മോദി യുക്രെയ്‌ൻ സന്ദർശനം റെയില്‍ ഫോഴ്‌സ് വണ്‍ ട്രെയിൻ](https://etvbharatimages.akamaized.net/etvbharat/prod-images/24-08-2024/22283092_biden.jpg)
Also Read: 'ഇന്ത്യയിലേക്ക് വരൂ'; വോളോഡിമര്‍ സെലന്‍സ്‌കിയെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി