ന്യൂഡല്‍ഹി : പേടിഎം പേയ്‌മെൻ്റ്സ് ബാങ്ക് ലിമിറ്റഡിന്‍റെ പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖർ ശർമ രാജിവെച്ചു, ബാങ്കിന്‍റെ ബോർഡ് പുനഃസംഘടിപ്പിച്ചു.(Vijay Shekhar Sharma Steps Down As PPBL Chairman; Board Reconstituted) . പുതിയ ചെയർമാനെ നിയമിക്കുന്നതിനുള്ള നടപടികൾ പിപിബിഎൽ ഉടൻ ആരംഭിക്കുമെന്ന് തിങ്കളാഴ്‌ച (26-02-2024) ഫയലിംഗില്‍ അറിയിച്ചു.
പേടിഎം പേയ്‌മെന്‍റ് ബാങ്കിൻറെ പ്രവർത്തനങ്ങൾക്ക് ആർബിഐ തുടർച്ചയായ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ നാടകീയമായ വഴിത്തിരിവ്. ഫെബ്രുവരി 29 ന് ശേഷം ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നതിൽ നിന്ന് കഴിഞ്ഞ മാസം, ഒരു റെഗുലേറ്ററി നടപടിയിൽ റിസർവ് ബാങ്ക് PPBL-നെ വിലക്കിയിരുന്നു. ഈ സമയപരിധി മാർച്ച് 15 വരെ നീട്ടി.
മുൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദേബേന്ദ്രനാഥ് സാരംഗി, മുൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്നിവരെ നിയമിച്ച് അതിൻ്റെ അസോസിയേറ്റ് സ്ഥാപനമായ പേടിഎം പേയ്‌മെൻ്റ്സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎൽ) ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചതായി വൺ 97 കമ്മ്യൂണിക്കേഷൻസ് തിങ്കളാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡയിലെ അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഓഫീസർ രജനി സെഖ്രി സിബൽ എന്നിവർ അടുത്തിടെ സ്വതന്ത്ര ഡയറക്‌ടർമാരായി ചേർന്നു, എന്നും പ്രസ്‌താവനയില്‍ പറയുന്നു.
One97 Communications Ltd (OCL) ആണ് പേടിഎം ബ്രാൻഡിൻ്റെ ഉടമ. PPBL-ൻ്റെ പെയ്‌ഡ് - അപ്പ് ഷെയർ ക്യാപിറ്റലിൻ്റെ 49 ശതമാനം One97 കമ്മ്യൂണിക്കേഷൻസ് കൈവശം വയ്ക്കുന്നു. വിജയ് ശേഖർ ശർമ്മയ്ക്ക് ബാങ്കിൽ 51 ശതമാനം ഓഹരിയുണ്ട്. നോമിനിയെ നീക്കം ചെയ്‌തുകൊണ്ട് സ്വതന്ത്രരും എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരും മാത്രമുള്ള ഒരു ബോർഡ് തിരഞ്ഞെടുക്കാനുള്ള പിപിബിഎല്ലിൻ്റെ നീക്കത്തെ പിന്തുണയ്ക്കുന്നതായി ഒസിഎൽ അറിയിച്ചു.
"ഈ നേതൃമാറ്റം സാധ്യമാക്കുന്നതിനായി വിജയ് ശേഖർ ശർമ്മ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ബോർഡിൽ നിന്നും രാജിവച്ചതായി കമ്പനിയെ പ്രത്യേകം അറിയിച്ചിട്ടുണ്ട്. പുതിയ ചെയർമാനെ നിയമിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പിപിബിഎൽ അറിയിച്ചു," എന്ന് ഫയലിംഗിൽ പറയുന്നു.
ശ്രീനിവാസൻ ശ്രീധറിന്‍റെ 40 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ബാങ്കിംഗിൽ ഒരു മികച്ച കരിയറാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം ഇപ്പോൾ ജൂബിലൻ്റ് ഫാർമോവയിൽ സ്വതന്ത്ര ഡയറക്‌ടറായി സേവനമനുഷ്‌ഠിക്കുകയാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു. എക്‌സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ഹൗസിംഗ് ബാങ്ക് എന്നിവയിൽ അദ്ദേഹം നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
തമിഴ്‌നാട് കേഡറിലെ വിരമിച്ച ഐഎഎസ് (1977 ബാച്ച്)ഉദ്യോഗസ്ഥനായ സാരംഗി, പബ്ലിക് അഡ്‌മിനിസ്ട്രേഷനിലും കോർപ്പറേറ്റ് ഗവേണൻസിലും പരിചയസമ്പന്നയാണ്, കൂടാതെ ഇപ്പോൾ സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്, വോൾട്ടാസ് ലിമിറ്റഡ് എന്നിവയുൾപ്പെടെ നിരവധി കമ്പനികളുടെ ബോർഡുകളിൽ സ്വതന്ത്ര ഡയറക്‌ടറായി സേവനമനുഷ്‌ഠിക്കുന്നു.
ഹരിയാന കേഡറിലെ (1986 ബാച്ച്) വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ സിബൽ,38 വർഷം ഇന്ത്യാ ഗവൺമെൻ്റിൽ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിൽ, അവർ പൊതുമേഖലയിൽ ഒരു സ്വതന്ത്ര മോണിറ്ററായും കോർപ്പറേറ്റുകളിൽ സ്വതന്ത്ര ഡയറക്‌ടറായും സേവനമനുഷ്‌ഠിക്കുന്നു.
ബോർഡിൽ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൻ്റെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശ്രീ അരവിന്ദ് കുമാർ ജെയിൻ ഇൻഡിപെൻഡൻ്റ് ഡയറക്‌ടറും, പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ എംഡിയും സിഇഒയുമായ സുരീന്ദർ ചൗളയും ഉണ്ട്. PPBL ൻ്റെ യാത്രയിൽ ഒരു സുപ്രധാന ചുവടുവെയ്പ്പ് അടയാളപ്പെടുത്തിയതായി അഭിപ്രായപ്പെട്ട പേടിഎം പേയ്‌മെൻ്റ് ബാങ്ക് സിഇഒ സുരീന്ദർ ചൗള നിയമനങ്ങളെ സ്വാഗതം ചെയ്‌തു.
"അവരുടെ വിശിഷ്‌ട വൈദഗ്ധ്യം ഞങ്ങളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് ഞങ്ങളെ നയിക്കുന്നതിൽ നിർണായകമാകും" എന്നും സുരീന്ദർ ചൗള പറഞ്ഞു.