ന്യൂഡല്‍ഹി : 18 ഒടിടി പ്ലാറ്റ് ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ (Central Government Blocks 18 OTT Platforms). അശ്ലീല കണ്ടന്‍റ് സൂചിപ്പിച്ചാണ് ഇത്തരത്തിലുള്ള ആപ്പുകൾ കേന്ദ്രം നിരോധിച്ചത്. 19 വെബ് സൈറ്റുകളും 10 മൊബൈല്‍ ആപ്പുകളും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമാണ് നിരോധിച്ചത്.
സർഗ്ഗാത്മകമായ ആവിഷ്‌കാരത്തിൻ്റെ മറവിൽ അശ്ലീലം പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്. മലയാളത്തിലെ ആദ്യത്തെ അഡൾട്ട് ഓൺലി പ്ലാറ്റ്‌ഫോമായ യെസ്‌മയ്‌ക്കും കേന്ദ്രത്തിന്‍റെ പൂട്ട് വീണു. 2000 ലെ ഐടി ആക്റ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും അശ്ലീല ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്‌തതിനാണ് നടപടി.
നിരോധിച്ച ഒടിടികള്‍ : ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അണ്‍കട്ട് അഡ്ഡാ, ട്രൈ ഫ്ലിക്‌സ്, നിയോണ്‍ എക്‌സ് വിഐപി, ബെഷാറാംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, മൂഡ് എക്‌സ്, മോജി ഫിക്‌സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്.
അശ്ലീല ഉള്ളടക്കങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പരിപാടികളും നഗ്നതാപ്രദര്‍ശനവും പരസ്യമായ ലൈംഗികതാപ്രദര്‍ശനവും നടത്തിപ്പോന്ന പ്ലാറ്റ് ഫോമുകള്‍ക്കാണ് പൂട്ട് വീണത്. നിരോധിച്ച ഒടിടി പ്ലാറ്റ് ഫോമുകളിലൊന്നിന് ഒരു കോടിയിലേറെ ഡൗണ്‍ലോഡ്‌സ് ഉണ്ടായിരുന്നു. മറ്റ് രണ്ട് പ്ലാറ്റ് ഫോമുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ അമ്പത് ലക്ഷത്തിലേറെ ഡൗണ്‍ലോഡ്‌സും ഉണ്ടായിരുന്നു.
ആകര്‍ഷകമായ ട്രെയ്‌ലറുകളും ബാഹ്യ ലിങ്കുകളും നല്‍കി സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ആളുകളെ സൈറ്റുകളിലേക്കും ആപ്പുകളിലേക്കും വശീകരിച്ചുപോന്നത്. പൂട്ടിയ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കാകെ 32 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് സോഷ്യല്‍ മീഡിയയിലുണ്ടെന്ന് വാര്‍ത്താവിതരണ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.