നിരന്തരം മലിനമായ വായുവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയാഘാത സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. അന്തരീക്ഷ ഗുണനിലവാര സൂചിക(എക്യുഐ-AQI) മാത്രമല്ല പ്രശ്നമെന്നും മലിനീകരണത്തിന് സുരക്ഷിതം എന്നൊരു അതിര്‍ത്തി നിര്‍ണയിക്കാനാകില്ലെന്നും പഠനം പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് (No safe threshold for pollution).
ശൈത്യകാലമെത്തുന്നതോടെ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും മലിനീകരണ സൂചിക ഗുരുതരമാകാറുണ്ട്. ഇത് നമ്മെ ആകെ അങ്കലാപ്പിലാക്കുന്നു. ഈ ഘട്ടത്തില്‍ അന്തരീക്ഷവുമായി കൂടുതല്‍ സമയം ഇടപെടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതങ്ങളാണ് നമ്മിലുണ്ടാക്കുന്നത്. ഉയര്‍ന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം മാത്രമല്ല, നിരന്തരം കുറഞ്ഞ തോതിലുള്ള അന്തരീക്ഷ മലിനീകരണവും നമ്മില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. കുറഞ്ഞതോ നിയന്ത്രിത അളവിലുള്ളതോ ആയ അന്തരീക്ഷ മലിനീകരണം നിരന്തരം അനുഭവിക്കേണ്ടി വരുന്നതിലൂടെ നമ്മുടെ രക്തക്കുഴലുകള്‍ക്ക് നാശമുണ്ടാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത് (Continuous exposure to polluted air).
അന്തരീക്ഷ മലിനീകരണവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം
നിരന്തം കുറഞ്ഞ തോതിലുള്ള മലിനമായ വായു നമ്മുടെ ഉള്ളിലെത്തുന്നതിലൂടെ രക്തക്കുഴലുകള്‍ക്ക് സാരമായ നാശമുണ്ടാകുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നുവെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ദ്ധനുമായ പ്രൊഫ.കെ ശ്രീനാഥ് റെഡ്ഡി പറയുന്നു. കുറച്ച് ദിവസം മലിനമായ വായു ശ്വസിക്കുന്നതോ തുടര്‍ച്ചയായി കുറഞ്ഞ തോതില്‍ മലിനമായ വായു ശ്വസിക്കുന്നതോ ഇതില്‍ വേര്‍തിരിവില്ലെന്നാണ് ഗവേഷകരുടെ പക്ഷം. ഇതിന് പരിഹാരമൊന്നേയുള്ളൂ ലോകാരോഗ്യ സംഘടനയുടെ വായുഗുണനിലവാരം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക(Air Quality Index).
അന്തരീക്ഷ മലിനീകരണം മൂലമുള്ള ഹൃദ്രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുന്നു. പിഎം 2.5 ന്‍റെ സാന്നിധ്യമാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദസ്പന്ദനം അസാധാരണമാകുന്ന നിലയിലും ഹൃദയാഘാതമുണ്ടായും ആശുപത്രിയിലെത്തുന്ന രോഗികളില്‍ പിഎം 2.5ന്‍റെ സാന്നിധ്യം തിരിച്ചറിയുന്നുണ്ട്. ഒരു ക്യുബിക് വിസ്‌തീര്‍ണത്തില്‍ കേവലം അഞ്ച് ഗ്രാം എന്നതോതില്‍ മാത്രമേ മലിനീകരണം പാടുള്ളൂ എന്ന ലോകാരോഗ്യ സംഘടനയുടെ അന്തരീക്ഷ ഗുണനിലവാര നിര്‍ദ്ദേശം പാലിക്കാന്‍ നാം ശ്രമിച്ചാല്‍ ഇതിനൊരു പരിധി വരെ പരിഹാരമുണ്ടാക്കാനായേക്കും.
എന്താണ് പിഎം അല്ലെങ്കില്‍ എസ്‌പിഎം 2.5?
രണ്ടരമീറ്റര്‍ വ്യാസത്തില്‍ ഉണ്ടാകുന്ന മലിനീകാരികളുടെ സാന്നിധ്യമാണ് പിഎം 2.5 ലൂടെ വിവക്ഷിക്കുന്നത്. ഇത് കാലങ്ങളായി നമുക്ക് അറിയാവുന്ന കാര്യവുമാണ്. ഇവ നമ്മുടെ ശ്വാസ കോശത്തിലൂടെ ശരീരത്തിനുള്ളില്‍ കടക്കാനാകുന്നത്രയും ചെറുതുമാണ്. ഇവയ്ക്ക് നമ്മുടെ രക്തചംക്രമണ വ്യവസ്ഥയിലേക്കും കടന്ന് കയറാനാകും. ഇത് നമുക്ക് ധാരാളം ആരോഗ്യ പ്രശ്നങ്ങളും സമ്മാനിക്കുന്നു. മൂക്കെരിച്ചില്‍, ശ്വാസം മുട്ടല്‍, ഹൃദയമിടിപ്പിലെ പ്രശ്നങ്ങള്‍, രക്തം കട്ടപിടിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ഇവ ക്രമേണ ഗുരുതര ഹൃദ്രോഗങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ഇത്തരം സൂക്ഷ്മ മലിനീകാരികളാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന മുഖ്യ പാരിസ്ഥിതിക ഘടകങ്ങള്‍. പിഎം 2.5 ശരീരത്തിലേക്ക് അമിതമായി എത്തുന്നതോടെ ഹൃദ്രോഗ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ഇത്തരം രോഗങ്ങള്‍ മൂലം ആശുപത്രിയിലെത്തുന്നവരുടെയും മരണത്തിലേക്ക് വഴുതി വീഴുന്നവരുടെയും എണ്ണവും വര്‍ദ്ധിക്കുന്നു.
എക്യുഐ ഉയര്‍ന്നാല്‍ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പലപ്പോഴും പറയാറുള്ളതെന്ന് ഡോ.റെഡ്ഡി ചൂണ്ടിക്കാട്ടുന്നു. എക്യുഐലെവല്‍ നാനൂറ് കടക്കുമ്പോഴേക്കും നാം ഭയചകിതരാകുന്നു. എക്യുഐ നൂറിനും നൂറ്റമ്മതിനുമിടയിലായാല്‍ നമുക്ക് ആശങ്കയേതുമില്ല. എന്നാല്‍ യാഥാര്‍ത്ഥ്യമതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞ നിലയിലുള്ള അന്തരീക്ഷ മലിനീകരണവും നമ്മില്‍ ശ്വാസമുട്ടല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഉയര്‍ന്ന അളവിലുള്ള അന്തരീക്ഷ മലിനീകരണം ഹൃദയത്തിലെ രക്തക്കുഴലുകളുടെ പ്രശ്നങ്ങള്‍ക്കും ഹൃദയത്തിന്‍റെ ഉയര്‍ന്ന തോതിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ മലിനമായ അന്തരീക്ഷവുമായി നാം എത്രകാലം ഇടപെടുന്നു എന്നതും ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മിതമായ തോതിലുള്ളതോ കുറഞ്ഞ തോതിലുള്ളതോ ആയ മലിനമായ അന്തരീക്ഷവുമായി നാം ആറോ എട്ടോ മാസം ഇടപെടുന്നതിലൂടെ രക്തക്കുഴലുകള്‍ക്ക് പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ആയി മാറാനുള്ള സാധ്യതയും ഏറെയാണെന്നും ഡോ. റെഡ്ഡി ചൂണ്ടിക്കാട്ടുന്നു.
600 -700 എക്യുഐ ഒന്നോ രണ്ടോ ദിവസം അനുഭവിക്കുന്നതിലൂടെ രക്തം കട്ടപിടിക്കാനോ ഹൃദയാഘാതത്തിനോ സാധ്യതയുണ്ടാകുന്നു. ശരിക്കും ചെറിയതോതില്‍ ദീര്‍ഘകാലമായുണ്ടാകുന്ന മലിനീകരണമാണ് രക്തക്കുഴലുകളെ പതിയെ പതിയെ നശിപ്പിക്കുകയും പെട്ടെന്ന് ഹൃദയാഘാതവും പക്ഷാഘാതവും പോലുള്ള അവസ്ഥകളിലേക്ക് കൂടുതല്‍ എത്തിക്കുകയും ചെയ്യുന്നത്.
അതായത് രക്തസമ്മര്‍ദ്ദം140/90ല്‍ എത്തുന്നത് അപകടകരമാണ്. അതിനര്‍ത്ഥം 130/85 അപകടകരമല്ലെന്ന് അല്ലെന്നും റെഡ്ഡി ചൂണ്ടിക്കാട്ടുന്നു. ്യഥാര്‍ത്ഥത്തില്‍ 130/85 കൂടുതല്‍ അപകടകരമായ സ്ഥിതി വിശേഷമാണ്.
അതുപോലെ തന്നെ നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടെങ്കില്‍ നിങ്ങളുടെ രക്തക്കുഴലുകള്‍ക്ക് കുഴപ്പങ്ങളുണ്ടായിത്തുടങ്ങിയിട്ടുണ്ടാകാം. മിതമായ തോതിലുള്ള വായുമലിനീകരണം കൂടിയാകുമ്പോള്‍ രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ കുഴപ്പങ്ങള്‍ സംഭവിക്കുന്നു.
അതായത് വായുമലിനീകരണത്തിന് സുരക്ഷിതമെന്നൊരു ഇടമില്ലെന്നാണ് ഈ പഠനം അടിവരയിട്ട് പറയുന്നത്. അന്തരീക്ഷ മലിനീകരണം പരാമാവധി കുറയ്ക്കുക മാത്രമാണ് നമ്മെക്കൊണ്ട് ചെയ്യാനാകുക. പാര്‍ട്ടിക്യുലേറ്റ് മാറ്റര്‍(പിഎം2.5) ആണ് അന്തരീക്ഷ മലിനീകരണത്തിലെ സുപ്രധാന ഘടകം. ഇത് ഹൃദ്രോഗസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒരു വര്‍ഷത്തിലേറെ പിഎം2.5വുമായ സമ്പര്‍ക്കത്തില്‍ വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാം. ഒന്നോരണ്ടോ ദിവസം അമിതമായ അന്തരീക്ഷ മലിനീകരണത്തെക്കാളും കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നത് ദീര്‍ഘകാലത്തെ ചെറിയ തോതിലുള്ള മലിനീകരണമാണെന്നും പഠനം ആവര്‍ത്തിച്ച് പറയുന്നു.
പുറത്തിറങ്ങുമ്പോള്‍ മാസ്ക് വച്ചും മറ്റും നമുക്ക് മലിനീകരണത്തോട് ചെറിയ തോതില്‍ പോരാടാം. അന്തരീക്ഷത്തില്‍ പുകയുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കാം. മലിനീകരണമുള്ള മേഖലകളിലേക്ക് പോകാതിരിക്കാം. കൂടുതല്‍ വായുസഞ്ചാരമുള്ള ഇടങ്ങള്‍ തെരഞ്ഞെടുക്കാം. ഇതിനെല്ലാം ഉപരി അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ നമുക്ക് ആകാവുന്നത്ര പരിശ്രമിക്കാം.