ഈ വർഷത്തെ ഭൗതിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോൺ ജെ ഹോപ്പ്‌ഫീൽഡ്, ജെഫ്രി ഹിന്‍റൺ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. മെഷീൻ ലേണിങ് രംഗത്ത് നൽകിയ സംഭാവനയാണ് ഇവരെ പുരസ്‌ക്കാരത്തിന് അർഹരാക്കിയത്. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കിലൂടെ മെഷീൻ ലേണിങ് സാധ്യമാക്കിയതിനാണ് പുരസ്‌കാരം.
വിവരങ്ങളിൽ നിന്ന് ചിത്രങ്ങളും മറ്റ് പാറ്റേണുകളും നിർമിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നതിന് ജോൺ ഹോപ്പ്‌ഹീൽഡ് ഒരു മെമ്മറി നിർമിച്ചിരുന്നു. ഡാറ്റകളിലെ സവിശേഷതകൾ മനസിലാക്കി ഇമേജുകളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതിനായി ജെഫ്രി ഹിന്‍റൺ ഒരു പ്രത്യേക രീതിയും കണ്ടുപിടിച്ചിട്ടുണ്ട്. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന പഠനങ്ങളാണ് ഇരുവരും നടത്തിയത്.
BREAKING NEWS
— The Nobel Prize (@NobelPrize) October 8, 2024
The Royal Swedish Academy of Sciences has decided to award the 2024 #NobelPrize in Physics to John J. Hopfield and Geoffrey E. Hinton “for foundational discoveries and inventions that enable machine learning with artificial neural networks.” pic.twitter.com/94LT8opG79
തലച്ചോറിൻ്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയത്. 1980 മുതൽ കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് സുപ്രധാന പരീക്ഷണങ്ങൾ നടത്തിയവരാണ് ജോൺ ജെ ഹോപ്പ്‌ഫീൽഡ്, ജെഫ്രി ഹിന്‍റണും. കഴിഞ്ഞ വർഷത്തെ ഭൗതിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത് പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹൂലിയർ എന്നീ ശാസ്‌ത്രജ്ഞർക്കായിരുന്നു. ഇലക്‌ട്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ് അംഗീകാരം.
നൊബേൽ സമ്മാനം എന്തിന്?
നമ്മൾ ചെറുപ്പം മുതൽ പല കാര്യങ്ങളും നമ്മൾ പഠിച്ചെടുക്കുന്നത് പോലെ, കമ്പ്യൂട്ടറിലേക്ക് വരുന്ന ഇൻപുട്ടുകളെ എങ്ങനെ പഠിപ്പിക്കണമെന്ന് നൊബേൽ സമ്മാനജേതാക്കളായ ജോൺ ഹോപ്പ്‌ഫീൽഡും ജെഫ്രി ഹിന്‍റണും കമ്പ്യൂട്ടറുകളെ പഠിപ്പിച്ചു. ഫോട്ടോഗ്രാഫുകളിലെ മുഖങ്ങളെ തിരിച്ചറിയാനും മനുഷ്യരെപ്പോലെ മറ്റുള്ളവർ എന്തു സംസാരിക്കുന്നുവെന്ന് മനസിലാക്കാനും കഴിയുന്ന രീതിയിൽ ഇവർ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിച്ചു.
മസ്‌തിഷ്‌ക കോശങ്ങളുടെ ഒരു ശൃംഖല പ്രവർത്തിക്കുന്നത് പോലെ 'ആർടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക്' എന്ന പേരിൽ കൃത്രിമ ന്യൂറൽ നെറ്റ്‌വർക്ക് കണ്ടുപിടിച്ചതിനാണ് ഇരുവർക്കും നൊബേൽ സമ്മാനം നൽകിയത്. ഫോട്ടോഗ്രാഫിലെ പാറ്റേണുകളെ ഓർത്തെടുക്കുന്നതിനുള്ള ഒരു നെറ്റ്‌വർക്കാണ് ജോൺ ഹോപ്പ്‌ഫീൽഡ് വികസിപ്പിച്ചെടുത്തത്.
അതേസമയം ഈ നെറ്റ്‌വർക്കിനെ കൂടുതൽ വികസിപ്പിച്ചെടുത്തത് ജെഫ്രി ഹിന്‍റൺ ആണ്. ആരും പഠിപ്പിക്കാതെ തന്നെ സ്വയം വിവരങ്ങളെ മനസിലാക്കാൻ ശേഷിയുള്ളതാക്കി കമ്പ്യൂട്ടറുകളെ മാറ്റിയത് ഇദ്ദേഹമാണ്. ഇപ്പോൾ എഐ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് വലിയ ജോലികൾ ചെയ്യാൻ കമ്പ്യൂട്ടറുകൾക്കാവും. ഇത്തരത്തിലുള്ള ഐടി വിപ്ലവത്തിന് തുടക്കമിട്ടതിന്‍റെ സംഭാവനയ്‌ക്കാണ് ജോൺ ഹോപ്പ്‌ഫീൽഡിനും ജെഫ്രി ഹിന്‍റണിനും ഈ വർഷത്തെ ഭൗതിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം നൽകിയത്.
വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരം 2024:
ഇന്നലെ(ഒക്‌ടോബർ 7)യാണ് ഈ വർഷത്തെ നൊബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചത്. വൈദ്യശാസ്‌ത്രത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്‌ടർ അംബ്രോസ്, അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റോവ്കിൻ എന്നിവർക്കാണ് ലഭിച്ചത്. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിനും ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്‍റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനും ആണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
Also Read: വൈദ്യശാസ്ത്ര നോബൽ 2024: പുരസ്‌കാരം പങ്കിട്ട് വിക്‌ടർ അംബ്രോസും ഗാരി റോവ്കിനും