ഹൈദരാബാദ് : പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ സോഷ്യല്‍ മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് (WhatsApp new features). വാട്‌സ്‌ആപ്പില്‍ ഇനി ആര്‍ക്കും മറ്റുള്ളവരുടെ ഫോട്ടോകളോ മറ്റ് വിവരങ്ങളോ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയില്ല. ഡിസ്‌പ്ലേ ഫിക്‌ച്ചേഴ്‌സ് എന്നാണ് ഇത്തരം സ്‌ക്രീന്‍ ഷോട്ടുകള്‍ അറിയപ്പെടുന്നത്. സ്‌ക്രീന്‍ ഷോട്ടുകള്‍ക്ക് തടയിടാനുള്ള നീക്കത്തിലാണിപ്പോള്‍ വാട്‌സ്‌ആപ്പ്.
ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുകയെന്നതാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്‌ആപ്പ് ലക്ഷ്യമിടുന്നത്. ഉപയോക്തക്കളുടെ സമ്മതമില്ലാതെ മറ്റുള്ളവര്‍ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നതാണ് ഇത്തരമൊരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്താനുള്ള വാട്‌സ്‌ആപ്പിന്‍റെ നീക്കം.
ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ പുതിയ ഫീച്ചര്‍ വാട്‌സ്‌ആപ്പില്‍ ലഭ്യമായി തുടങ്ങും. പുതിയ ഫീച്ചര്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കും. 2019ല്‍ വാട്‌സ്‌ആപ്പ് ഇത്തരമൊരു നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. ആ തീരുമാനത്തിന്‍റെ ബാക്കിയെന്ന നിലയിലാണ് വാട്‌സ്‌ആപ്പിന്‍റെ പുതിയ നീക്കം.
വാട്‌സ്‌ആപ്പില്‍ കാണുന്ന ചിത്രങ്ങളും ഫോട്ടകളും സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയായ WABetaInfo അതിനെ തടയും. മാത്രമല്ല സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് സന്ദേശം ലഭിക്കും. സ്‌നാപ് ചാറ്റ്, പേടിഎം, ഗൂഗിള്‍ പേ പോലുള്ള പേമെന്‍റ് ആപ്പുകള്‍ക്ക് സമാനമായിരിക്കും ഇനി വാട്‌സ്‌ആപ്പും.
നിരന്തരമായി ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മെസേജിങ് ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പ്. അടുത്തിടെ മറ്റൊരു ഫീച്ചര്‍ വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്കായി പുറത്തിറക്കിയിരുന്നു. വാട്‌സ്‌ആപ്പ് ചാനലിന്‍റെ ഉടമസ്ഥവാകാശം മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുന്ന ഫീച്ചറാണ് അടുത്തിടെ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്.
നേരത്തെ ചാനല്‍ ആരംഭിച്ചയാള്‍ക്ക് മാത്രമായിരുന്നു ഉടമസ്ഥവാകാശം. എന്നാല്‍ ഈ അവകാശം നമ്മള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി കൈമാറാന്‍ സാധിക്കും. ചാനല്‍ വഴി എന്തെല്ലാം വിവരങ്ങള്‍ കൈമാറണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ ചാനല്‍ കൈമാറപ്പെടുന്നയാളില്‍ നിക്ഷിപ്‌തമായിരിക്കും. വാട്‌സ്‌ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള ഫീച്ചറുകള്‍ അടങ്ങിയിട്ടുള്ളത്.
ചാനല്‍ കൈമാറ്റത്തിലൂടെ അത് ഏറ്റെടുക്കുന്നയാള്‍ക്ക് ചാനല്‍ ഡിലീറ്റ് ചെയ്യാന്‍ അടക്കം സാധിക്കും. ഏതാനും തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. വൈകാതെ തന്നെ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കാണ് കമ്പനിയുടെ നീക്കം. ഫെബ്രുവരി 19നാണ് പുതിയ ഫീച്ചര്‍ സംബന്ധിച്ചുള്ള ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.