ന്യൂയോർക്ക്: മനുഷ്യ തലച്ചോറിൽ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് എന്ന കമ്പനി. ഏറെ പരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു മനുഷ്യന്‍റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചത്. ബ്രെയിൻ-ചിപ്പ് സ്ഥാപിച്ച രോഗി സുഖം പ്രാപിച്ചു വരുന്നതായും ആദ്യ പരീക്ഷണം പ്രതീക്ഷ നൽകുന്നതാണെന്നും ഇലോൺ മസ്‌ക് എക്‌സിൽ പ്രതികരിച്ചു. എന്നൽ രോഗിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2016 ആണ് ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്ക് സ്ഥാപിച്ചത്. മനുഷ്യന്‍റെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കും ഇടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ന്യൂറാലിങ്കിന് തുടക്കമിട്ടത്. മനുഷ്യരിൽ ബ്രെയിൻ ചിപ്പ് സ്ഥാപിക്കുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിലാണ് മസ്‌കിന്‍റെ കമ്പനിയ്ക്ക് അനുമതി ലഭിച്ചത്. ഇതിനായി തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് പരീക്ഷണത്തിന് വിധേയരാക്കാൻ തയ്യാറായ രോഗികളെ ന്യൂറാലിങ്ക് ക്ഷണിക്കുകയും കമ്പനി വെബ്സൈറ്റിൽ റജിസ്ട്രേഷൻ ഫോം ലഭ്യമാക്കുകയും ചെയ്‌തിരുന്നു.
ഒരു വലിയ നാണയത്തിൻ്റെ വലുപ്പമുള്ള ചിപ്പുകളാണ് തലച്ചോറിൽ പരീക്ഷിച്ചത്. ഇതിന്‍റെ നേർത്ത അൾട്രാ വയറുകൾ തലച്ചോറിലേക്ക് നേരിട്ട് പോകുന്നു. തലച്ചോറിൻ്റെ ചലങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്ത് വയറുകൾ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുമെന്ന് സെപ്റ്റംബറിൽ ന്യൂറലിങ്ക് പ്രഖ്യാപിച്ചിരുന്നു. ആളുകൾക്ക് അവരുടെ ചിന്തകൾ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടർ കൾസറോ കീബോർഡോ നിയന്ത്രിക്കാനുള്ള കഴിവ് ലഭ്യമാക്കുക എന്നതാണ് മസ്‌തിഷ്‌ക കമ്പ്യൂട്ടർ ഇൻ്റർഫേസ് എന്ന് വിളിക്കപ്പെടുന്നതിൻ്റെ പ്രാരംഭ ലക്ഷ്യം.
ടെലിപതി എന്നാണ് ആദ്യ ന്യൂറലിങ്ക് ഉപകരണത്തെ വിളിക്കുന്നതെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. ചിന്തകളിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ കമ്പ്യൂട്ടറുകൾ എന്നിവ നിയന്ത്രിക്കാൻ പ്രാപ്‌തമാക്കും. ഇതിന്‍റെ ആദ്യ ഉപയോക്താക്കൾ കൈകാലുകളുടെ ചലന ശേഷി നഷ്‌ടപ്പെട്ടവർ ആയിരിക്കുമെന്നും മസ്‌ക് വ്യക്തമാക്കി.
അതേസമയം ഈ ഉപകരണത്തിന്‍റെ ആത്യന്തികമായ പ്രവർത്തനം എത്രത്തോളം ഉണ്ടാകുമെന്നോ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയില്ല.