ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്‌റ്റ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ജാഗ്രത നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ക്രൈം സിൻഡിക്കേറ്റുകൾ അതിർത്തി കടന്ന് നടത്തുന്ന സംഘടിത ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യമാണ് 'ഡിജിറ്റൽ അറസ്‌റ്റ്'. രാജ്യത്തുടനീളം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്‌ടപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ ക്രൈം സിൻഡിക്കേറ്റുകളും തട്ടിപ്പുകാരും ഡിജിറ്റൽ അറസ്‌റ്റിലൂടെ ആളുകളെ എങ്ങനെ വഞ്ചിക്കുന്നു എന്നതിനെ കുറിച്ച് സമഗ്രമായ സ്‌റ്റോറി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇടിവി ഭാരത് പ്രസിദ്ധീകരിച്ചിരുന്നു.
ഇത്തരം കോളുകൾ ലഭിച്ചാൽ സഹായത്തിനായി സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ൽ പൗരന്മാർ ഉടൻ തന്നെ സംഭവം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. പൊലീസ്, സിബിഐ, റിസർവ് ബാങ്ക് എന്നിവ ഉള്‍പ്പടെയുള്ള ഏജന്‍സികളാണെന്ന വ്യാജേന കോള്‍ ചെയ്‌ത് തട്ടിപ്പ് നടത്തിയതായി നിരവധി പരാതികള്‍ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻസിആർപി) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിയമവിരുദ്ധമായ പാര്‍സല്‍, മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ അല്ലെങ്കില്‍ എന്തെങ്കിലും നിരോധിത വസ്‌തുക്കൾ അടങ്ങിയ പാഴ്‌സൽ അയച്ചിട്ടുണ്ടെന്നോ അല്ലെങ്കിൽ അതിന്‍റെ സ്വീകർത്താവ് താങ്കളാണെന്നോ പറഞ്ഞ് ഒരു വ്യക്തിയെ വിളിച്ച് അറിയിക്കുന്നതാണ് തട്ടിപ്പിന്‍റെ രീതിയെന്ന് മന്ത്രാലയം പറയുന്നു. അതല്ലെങ്കില്‍ പരിചയമുള്ളവരോ പ്രിയപ്പെട്ടവരോ ഏതെങ്കിലും കുറ്റകൃത്യത്തിലോ അപകടത്തിലോ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിളിച്ച് അറിയിക്കും. കേസില്‍ വിട്ടുവീഴ്‌ച ചെയ്യുന്നതിന് പണം ആവശ്യപ്പെടും.
ചില സന്ദർഭങ്ങളിൽ ഇരകളാകുന്നവര്‍ ഡിജിറ്റൽ അറസ്‌റ്റിന് വിധേയരാകും. തട്ടിപ്പ് പൂര്‍ണമാകുന്നത് വരെ ഇരയ്ക്ക് സംശയം തോന്നാത്ത വിധത്തില്‍ സ്കൈപ്പ് അല്ലെങ്കിൽ മറ്റ് വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമുകൾ വഴി ബന്ധം നിലനിര്‍ത്തുകയും ചെയ്യും. തട്ടിപ്പുകാര്‍ പൊലീസ് സ്‌റ്റേഷനുകളുടെയും സർക്കാർ ഓഫീസുകളുടെയും മാതൃക ഉള്‍പ്പടെ എല്ലാ വിധ സെറ്റപ്പുകളും വീഡിയോ കോളില്‍ ഒരുക്കുമെന്നും മന്ത്രാലയം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആയിരത്തിലധികം സ്കൈപ്പ് ഐഡികള്‍ I4C ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാർ ഉപയോഗിക്കുന്ന സിം കാർഡുകൾ, മൊബൈൽ ഉപകരണങ്ങൾ, മ്യൂൾ അക്കൗണ്ടുകൾ എന്നിവ ബ്ലോക്ക് ചെയ്യാനും I4C ശ്രമിക്കുന്നുണ്ട്. I4Cയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'സൈബർഡോസ്‌ത്' വഴിയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയും വിവിധ അലേർട്ടുകൾ ഇതിനോടകം നൽകിയിട്ടുണ്ട്.