വാഷിങ്ടൺ: ബഹിരാകാശ യാത്രികൻ്റെ സ്യൂട്ടിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് ദൗത്യം റദ്ദാക്കി നാസ. ബഹിരാകാശ സ്യൂട്ടിൻ്റെ കൂളിങ് സിസ്റ്റത്തിൽ നിന്നാണ് വെള്ളം ചോർന്നതെന്ന് കണ്ടെത്തി. നാസയുടെ ബഹിരാകാശ യാത്രികരായ ട്രേസി സി ഡൈസണും മൈക്ക് മൈക്ക് ബറാട്ടും മാറ്റ് ഡൊമനിക്കും ബഹിരാകാശ യാത്രയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.
എയർ ലോക്ക് വിടാനൊരുങ്ങുന്നതിനിടെയാണ് സ്‌പേസ് സ്യൂട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപെട്ടത്. ഡൈസൺ തൻ്റെ സ്‌പേസ് സ്യൂട്ട് ബാറ്ററി പവറിലേക്ക് മാറ്റിയപ്പോൾ ചോർച്ച കണ്ടെത്തുകയായിരുന്നു. കൂളിങ് യൂണിറ്റിലെ ചോർച്ചയാണെന്ന് തിരിച്ചറിഞ്ഞതോടെ ബഹിരാകാശ ദൗത്യം ഒഴിവാക്കുകയായിരുന്നു.
സ്‌പേസ് യാത്രക്കാർ ജോലി ചെയ്യുമ്പോൾ അവരുടെ താപനില സുഖകരമാക്കുന്നതിനായാണ് സ്യൂട്ടിൽ കൂളിങ് യൂണിറ്റ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ഏകദേശം ഏഴ് മണിക്കൂർ നേരമായിരുന്നു ബഹിരാകാശ ദൗത്യം ആസൂത്രണം ചെയ്‌തിരുന്നത്. എന്നാൽ അര മണിക്കൂറിന് ശേഷം ദൗത്യം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഈ മാസം ആദ്യവും സമാനമായ സംഭവമുണ്ടായിരുന്നു. മറ്റൊരു ബഹിരാകാശ യാത്രികനും സ്‌പേസ് സ്യൂട്ട് ധരിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നും ബഹിരാകാശ യാത്ര മാറ്റിവച്ചിരുന്നു.