ലണ്ടന്‍: ആപ്പിളിന്‍റെ ഐഫോണ്‍ വ്യവസായ കോട്ടയില്‍ വിള്ളലുകള്‍ വീഴ്‌ത്തിക്കൊണ്ട് ഉപയോക്താക്കള്‍ പുത്തന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുന്നു. ആപ്പിളിന്‍റെ ഐഫോണിലുണ്ടാകുന്ന സുരക്ഷാ വീഴ്‌ചയാണ് ഉപയോക്താക്കളെ ഇവരില്‍ നിന്ന് അകറ്റുന്നത്. ഫോണുകളില്‍ ശേഖരിക്കുന്ന വ്യക്തി-സാമ്പത്തിക വിവരങ്ങള്‍ ഹാക്കര്‍മാര്‍ വന്‍തോതില്‍ മോഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്(Iphone).
2008ല്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ അവതരിപ്പിച്ച ശേഷമുള്ള ഏറ്റവും വലിയ മാറ്റമാണ് ഇന്ന് മാത്രം യൂറോപ്പില്‍ നടന്നത്. യൂറോപ്പിലെ ഉപയോക്താക്കള്‍ക്ക് ഐഫോണ്‍ ആപ്പുകള്‍ ആപ്പിളിന്‍റേതല്ലാത്ത സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും(Apple).
തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ക്കും മറ്റ് ബ്രൗസര്‍ എഞ്ചിനുകള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഐഒഎസില്‍ അനുമതി നല്‍കി യൂറോപ്യന്‍ യൂണിയനില്‍ പുതിയ അപ്ഡേറ്റ് ആപ്പിള്‍ അവതരിപ്പിച്ചു. ഐമെസേജ് ആപ്പിലെ സുരക്ഷാ പിന്തുണ മെച്ചപ്പെടുത്തുകയും പുതിയ ഇമോജികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്(Europe).
യൂറോപ്യന്‍ യൂണിയന്‍റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്‌ട് (ഡിഎംഎ) നിയമം പാലിക്കുന്നതിന്‍റെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയനില്‍ മാത്രമായി ആപ്പിള്‍ വിവിധ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ വിപണിയില്‍ കുത്തകാധിപത്യം കയ്യാളുന്നത് ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം ഒരുക്കിയത്.
തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ക്ക് അനുമതി ലഭിച്ചതോടെ ആപ്പിളിന്‍റെ ആപ്പ് സ്റ്റോര്‍ അല്ലാതെ മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ആന്‍ഡ്രോയ്ഡില്‍ നേരത്തെ തന്നെ ഈ സംവിധാനം നിലവിലുണ്ട്.
ആപ്പിള്‍ ആപ്പ് സ്റ്റോറിലെ വിവിധ ഫീസുകള്‍ മറികടക്കാനും ഇത് െഡവലപ്പര്‍മാരെ സഹാിയക്കും. ആപ്പ് സ്റ്റോറില്‍ ആപ്പിന്‍റെ ഡൗണ്‍ലോഡിന്‍റെ എണ്ണം പത്ത് ലക്ഷം കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് ഒന്നിന് അന്‍പത് ശതമാനം ഫീസാണ് ആപ്പിള്‍ ഈടാക്കുന്നത്. ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ആപ്പിള്‍ ഡെവലപ്പര്‍മാരില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്.
മറ്റ് ആപ്പ് സ്റ്റോറുകള്‍ ഐഫോണില്‍ അനുവദിക്കാത്തതിനാല്‍ ആപ്പിള്‍ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ഡെവലപ്പര്‍മാര്‍ നിര്‍ബന്ധിതരായിരുന്നു. ആപ്പിളിന്‍റെയും ഗൂഗിളിന്‍റെയും എല്ലാം ഈ മേല്‍ക്കോയ്മ തകര്‍ത്താണ് യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്‌ട് നിര്‍ബന്ധമാക്കിയ മാറ്റങ്ങള്‍, ബിഗ് ടെക്കിന്‍റെ ഡിജിറ്റല്‍ ഗേറ്റ് കീപ്പര്‍മാര്‍ ഉപഭോക്താക്കള്‍ക്കും വ്യവസായികള്‍ക്കും ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ നേടിയ നിയന്ത്രണത്തില്‍ അയവു വരുത്തുമെന്നാണ് യൂറോപ്യന്‍ റെഗുലേറ്റര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
മ്യൂസിക് സ്ട്രീമിംഗ് വിപണിയിലെ മത്സരം തടസപ്പെടുത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ റെഗുലേറ്റര്‍മാര്‍ ആപ്പിളിന് ഏകദേശം 200 കോടി ഡോളര്‍ പിഴ ചുമത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടികള്‍ പ്രാബല്യത്തില്‍ വരുന്നത്.
അതേസമയം യൂറോപ്പിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ആപ്പിള്‍ ആഞ്ഞടിച്ചു. ഇത് അവരെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമെന്നും ആപ്പിള്‍ ചൂണ്ടിക്കാട്ടി. പുത്തന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ അശ്ലീലദൃശ്യങ്ങള്‍, അനധികൃത മയക്കുമരുന്ന് തുടങ്ങിയ ആശങ്കകള്‍ വര്‍ദ്ധിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
Also Read: മടക്ക് ഫോണിറക്കാൻ ആപ്പിളും ; ഐഫോൺ ഫോൾഡ് അധികം വൈകില്ലെന്ന് റിപ്പോർട്ട്