ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായി ആശയങ്ങൾ തേടി നാസ. 'ലൂണ റീസൈക്കിൾ ചലഞ്ച്' എന്ന പേരിൽ നടത്തുന്ന ചലഞ്ചിൽ മികച്ച ആശയങ്ങൾ നൽകുന്നവർക്ക് 25 കോടി രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ബഹിരാകാശത്ത് മാലിന്യ പ്രശ്‌നം വെല്ലുവിളിയാവാത്ത വിധത്തിൽ കുറഞ്ഞ ഊർജം ഉപയോഗിച്ച്, ചെലവ് കുറച്ച്, കാര്യക്ഷമമായ റീസൈക്ലിങ് നടത്തുന്നതിനുള്ള മാർഗം കണ്ടെത്തുക എന്നതാണ് നാസ ലക്ഷ്യമിടുന്നത്.
ബഹിരാകാശ പര്യവേക്ഷണത്തിൽ ഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായിരിക്കും മാലിന്യ സംസ്‌ക്കരണം. അതിനാൽ തന്നെ ബഹിരാകാശ ദൗത്യങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിന് മാർഗം കണ്ടെത്തുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ബഹിരാകാശ ദൗത്യത്തിലെ സുസ്ഥിരഭാവിയാണ് നാസ നോക്കികാണുന്നത്. ലഭിക്കുന്ന ആശയങ്ങൾ ഭൂമിയിലെ മാലിന്യങ്ങൾ കുറയ്‌ക്കുന്നതിന് പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കും.
എന്താണ് നാസയുടെ ലൂണ റീസൈക്കിൾ ചലഞ്ച്?
ഭാവിയിൽ നടത്താനിരിക്കുന്ന ബഹിരാകാശ പരീക്ഷണങ്ങളെ മുൻകൂട്ടി കണ്ടാണ് നാസ ലൂണ റീസൈക്കിൾ ചലഞ്ച് നടത്തുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യത്തിന്‍റെ പുനരുപയോഗം പരമാവധിയാക്കുക എന്നതാണ് നാസ ലക്ഷ്യമിടുന്നത്. രണ്ട് ട്രാക്കുകളായാണ് ചലഞ്ച് നടപ്പാക്കുന്നത്. പ്രോട്ടോടൈപ്പ് ബിൽഡ് ട്രാക്ക്, ഡിജിറ്റൽ ട്വിൻ ട്രാക്ക് എന്നിങ്ങനെ രണ്ട് വിഭാഗമായാണ് ചലഞ്ച്. മത്സരിക്കാനാഗ്രഹിക്കുന്ന ടീമുകൾക്ക് രണ്ടിലും പങ്കെടുക്കാവുന്നതാണ്. രണ്ട് ട്രാക്കിലും വ്യത്യസ്‌ത സമ്മാനങ്ങളും ഉണ്ടായിരിക്കും.
1. പ്രോട്ടോടൈപ്പ് ബിൽഡ് ട്രാക്ക്:
ചന്ദ്രോപരിതലത്തിലെ ഖര മാലിന്യങ്ങളുടെ പുനരുപയോഗവുമായി ബന്ധപ്പെട്ട ഹാർഡ്‌വെയറും സിസ്റ്റവും രൂപകൽപ്പന ചെയ്യുന്നതിലും, വികസിപ്പിക്കുന്നതിലും ആവശ്യമായ ആശയങ്ങളാണ് പ്രോട്ടോടൈപ്പ് ബിൽഡ് ട്രാക്കിൽ സ്വീകരിക്കുക. റീസൈക്ലിങിന് ശേഷം ഒന്നോ അതിലധികമോ ഉത്‌പന്നങ്ങൾ ലഭിക്കുന്ന തരത്തിലുള്ള ആശയങ്ങൾ മത്സരാർത്ഥികൾക്ക് കൊണ്ടുവരാവുന്നതാണ്.
2. ഡിജിറ്റൽ ട്വിൻ ട്രാക്ക്:
ചന്ദ്രനിലെ ഖരമാലിന്യത്തെ റീസൈക്കിൾ ചെയ്‌ത് ഒന്നോ അതിലധികമോ ഉത്‌പന്നങ്ങൾ നിർമിക്കുന്നതിനുള്ള സംവിധാനത്തിന്‍റെ ഒരു സമ്പൂർണ വിർച്വൽ പകർപ്പ് രൂപകൽപ്പന ചെയ്യുക എന്നതാണ് ഈ ചലഞ്ചിൽ മത്സരിക്കുന്നവർ ചെയ്യേണ്ടത്. സമയവും ചെലവും ലാഭിക്കുന്ന മാർഗങ്ങളിലാണ് ഡിജിറ്റൽ ട്വിൻ ട്രാക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചലഞ്ചിനായി കഴിഞ്ഞ സെപ്‌റ്റംബർ 30 മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. 2025 മാർച്ച് 31 വരെയാണ് ആശയങ്ങൾ സമർപ്പിക്കുന്നതിനായി സമയം അനുവദിച്ചിരിക്കുന്നത്. 2025 മെയ് മാസത്തിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.