ന്യൂഡൽഹി: മൊബൈൽ താരിഫുകളിൽ 12 മുതൽ 27 ശതമാനം വരെ വില വർധിപ്പിച്ച് ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ. 2024 ജൂലൈ മൂന്ന് മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഉപഭോക്താക്കൾ അൺലിമിറ്റഡായി സൗജന്യ 5 ജി സേവനം ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
സ്പെക്‌ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത്. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ഉടൻ തന്നെ മൊബൈൽ താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് വ്യവസായ വിദഗ്‌ധർ കരുതുന്നത്.
"5 ജിയിലും എഐ സാങ്കേതികവിദ്യകളിലും നടത്തുന്ന നിക്ഷേപത്തിലൂടെ വ്യവസായ നവീകരണവും സുസ്ഥിര വളർച്ചയും വർധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്." റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് എം അംബാനി പറഞ്ഞു. ഏറെക്കുറെ എല്ലാ പ്ലാനുകളിലും കമ്പനി മൊബൈൽ താരിഫ് നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.
15 രൂപയുടെ ഒരു ജിബി ഡാറ്റ ആഡ്-ഓൺ-പാക്കിന് 19 രൂപയായി ഉയർത്തി. 399 രൂപയുടെ 75 ജിബി പോസ്റ്റ്‌പെയ്‌ഡ് ഡാറ്റ പ്ലാനിന് ഇപ്പോൾ 449 രൂപയാണ് വില. 84 ദിവസത്തെ വാലിഡിറ്റിയുള്ള 666 രൂപയുടെ അൺലിമിറ്റഡ് പ്ലാനിൻ്റെ വിലയും ജിയോ 20 ശതമാനം വർധിപ്പിച്ച് 799 രൂപയാക്കി. വാർഷിക റീചാർജ് പ്ലാനുകളുടെ വിലകൾ 20-21 ശതമാനം വർധിപ്പിക്കുകയും ചെയ്‌തു.
1,559 രൂപയിൽ നിന്ന് 1,899 രൂപയായും 2,999 രൂപയിൽ നിന്ന് 3,599 രൂപയായും ഉയർത്തി. എല്ലാ രണ്ട് ജിബിക്ക് മുകളിലുള്ള പ്ലാനുകൾക്ക് റീചാർജ് ചെയ്‌ത് കഴിഞ്ഞാൽ അൺലിമിറ്റഡ് 5 ജി ഡാറ്റ സേവനം ലഭ്യമാകും. നിലവിൽ 239 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യുന്ന വരിക്കാർക്ക് അൺലിമിറ്റഡ് 5 ജി സേവനം ഉപയോഗിക്കാനാകും. ബാക്കിയുള്ള ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത 5 ജി സേവനം ലഭിക്കുന്നതിനായി 61 രൂപ വൗച്ചർ ഉപയോഗിച്ച് അവരുടെ പ്ലാൻ റീചാർജ് ചെയ്യണം.
നേരത്തെ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്‌ക്കൊപ്പം 2021 ഡിസംബറിൽ ജിയോ മൊബൈൽ സേവന നിരക്കുകൾ ഉയർത്തിയിരുന്നു. മൊബൈൽ സേവന നിരക്കുകളിലെ വർധനവിന് പുറമെ ജിയോ രണ്ട് പുതിയ ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചു. ജിയോ സേഫും ജിയോ ട്രാൻസ്ലേറ്റും. ഇത് ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് തികച്ചും സൗജന്യമാണ്.
പ്രതിമാസം 199 രൂപ വിലയുള്ള ജിയോസേഫ് ഉപയോഗിച്ച് കോളിങ്, മെസേജിങ്, ഫയൽ ട്രാൻസ്‌ഫർ മുതലായവ ചെയ്യുവാൻ സാധിക്കും. വോയ്‌സ് കോളുകൾ, വോയ്‌സ് സന്ദേശങ്ങൾ, ടെക്‌സ്‌റ്റ്, ഇമേജുകൾ എന്നിവ വിവർത്തനം ചെയ്യുന്നതിനായി ജിയോ ട്രാൻസ്ലേറ്റ് ഉപയോഗിക്കാവുന്നതാണ്.