ഹൈദരാബാദ്: ഇൻസ്റ്റാഗ്രാമിലെ ഗാനങ്ങൾ എളുപ്പത്തിൽ സ്‌പോട്ടിഫൈയിലേക്ക് സേവ് ചെയ്യുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഇനി മുതൽ ഇൻസ്റ്റാഗ്രാം റീലിലോ പോസ്റ്റിലോ കേട്ട ഗാനങ്ങൾ ഒറ്റ ക്ലിക്കിൽ തന്നെ സ്‌പോട്ടിഫൈ ആപ്പിലേക്ക് സേവ് ചെയ്യാനാകും. ഇതിനായി നിങ്ങളുടെ മ്യൂസിക് സ്ട്രീമിങ് ആപ്പിലേക്ക് പോവുകയോ, പാട്ട് സെർച്ച് ചെയ്യുകയോ ആവശ്യമില്ലാത്ത തരത്തിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ റീൽ കാണുന്നതിനിടയിലോ, മറ്റുള്ളവരുടെ സ്റ്റോറിയോ പോസ്റ്റോ കാണുമ്പോഴോ പലർക്കും ചില പാട്ടുകൾ ഇഷ്‌ട്ടപ്പെടാറുണ്ടാകും. എന്നാൽ ഈ പാട്ട് നിങ്ങളുടെ മ്യൂസിക് ലിസ്റ്റിലോ ലൈബ്രറിയിലോ ലഭ്യമാകണമെങ്കിൽ, നിങ്ങളുടെ മ്യൂസിക് സ്ട്രീമിങ് ആപ്പ് തുറന്ന് പാട്ട് തിരഞ്ഞ് കണ്ടുപിടിച്ച് സേവ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് തന്നെ എളുപ്പത്തിൽ സ്‌പോട്ടിഫൈയിലേക്ക് പാട്ട് സേവ് ചെയ്യാനാകും. പുതിയതും ട്രെൻഡിങുമായ ഗാനങ്ങൾ എളുപ്പത്തിൽ സേവ് ചെയ്യുന്നതിന് ഇത് സഹായകമാവും.
find a song on Instagram ➡️ save to your @Spotify 🎧 pic.twitter.com/dP0ycYR3rI
— Instagram (@instagram) October 17, 2024
പാട്ടുകൾ എങ്ങനെ ചേർക്കാനാകും?
സുഹൃത്തിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കേട്ട ഗാനം നിങ്ങൾക്ക് സേവ് ചെയ്യണമെന്ന് കരുതുക. സ്റ്റോറിയുടെ മുകൾവശത്തായി കൊടുത്തിരിക്കുന്ന പാട്ടിന്‍റെ വിവരത്തിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഇതേ പാട്ടിൽ ചെയ്‌തിരിക്കുന്ന നിരവധി കണ്ടന്‍റുകൾ ഉള്ള ഒരു സ്‌ക്രീൻ നിങ്ങൾക്ക് കാണാനാകും. ഇതേ സ്ക്രീനിൽ 'use audio' എന്ന ഓപ്‌ഷന് താഴെയായി വലത് വശത്ത് പുതിയതായി 'add' എന്ന ഓപ്‌ഷനും നൽകിയിട്ടുണ്ട്. ഈ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ ഇൻസ്റ്റാഗ്രാം റീൽ, പോസ്റ്റ്, സ്റ്റോറി എന്നിവയിൽ നിങ്ങൾ കേട്ട ഒരു ഗാനം സ്‌പോട്ടിഫൈയിലേക്ക് നേരിട്ട് സേവ് ചെയ്യാൻ സാധിക്കും.
ഈ ഫീച്ചർ ലഭ്യമാകാൻ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അപ്‌ഡേറ്റ് ചെയ്യുക. മാത്രമല്ല, ഈ ഓപ്‌ഷൻ ലഭ്യമാകണമെങ്കിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാമും സ്‌പോട്ടിഫൈയുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇതിനായി 'add' ഓപ്‌ഷൻ തെരഞ്ഞെടുത്ത ശേഷം 'link spotify' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. എന്നാൽ സ്‌പോട്ടിഫൈയിലേക്ക് പാട്ടുകൾ സേവ് ചെയ്യാൻ മാത്രമേ പുതിയ ഓപ്‌ഷൻ വഴി സാധ്യമാകൂ. ഇന്‍റർനെറ്റ് ഉപയോഗിച്ച് നിങ്ങൾ സേവ് ചെയ്‌ത പാട്ടുകൾ എപ്പോൾ വേണമെങ്കിലും കേൾക്കാൻ സാധിക്കും.