അമരാവതി: ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിഎസ് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് 5.35നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 51.7 മീറ്റർ ഉയരമുള്ള GSLV-F14 സ്‌പേസ്‌പോർട്ടിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്.
2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ജിഎസ്‌എല്‍വിയുടെ സഹായത്തോടെ ഐഎസ്‌ആര്‍ഒ നടത്തുന്ന പതിനാറാമത്തെ വിക്ഷേപണമാണിത്. കാലാവസ്ഥ പ്രവചനത്തില്‍ കൂടുതല്‍ കൃത്യത വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്‌ആര്‍ഒ ഇന്‍സാറ്റ് 3ഡിഎസ് വിക്ഷേപിച്ചത്.
ഉപഗ്രഹത്തിന്‍റെ വിക്ഷേപണം അടക്കമുള്ള മുഴുവന്‍ ചെലവും വഹിച്ചത് എര്‍ത്ത് സയന്‍സ് മന്ത്രാലയമാണ്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3 ഡിആര്‍ എന്നിവയുടെ പിന്‍ഗാമി കൂടിയാണ് വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡിഎസ്. ജനുവരി 1ന് പിഎസ്എൽവി-സി 58/എക്സ്പോസാറ്റ് ദൗത്യം വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന് ശേഷം 2024ൽ ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ ദൗത്യമാണിത്.
Also Read: 'കാലാവസ്ഥ പ്രവചനത്തില്‍ കൃത്യത': വിക്ഷേപണത്തിന് തയ്യാറായി ഇൻസാറ്റ്-3ഡിഎസ്