ലഖ്‌നൗ: രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചുള്ള റോഡ് നിർമാണത്തിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശ് (UP Govt Strengthens Road Infrastructure By Plastic Waste). റോഡുകളുടെ നിർമ്മാണത്തിനും ബലപ്പെടുത്തലിനുമാണ് പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കുന്നത്.
പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ബിറ്റുമെൻ എന്നിവയാണ് കൂടുതലായി നിർമാണത്തിനു ഉപയോഗിക്കുന്നത്. ഇത്തരത്തിൽ റോഡ് നിർമിക്കുന്നത്തിലൂടെ ലാഭം ഉണ്ടാക്കാം എന്നതിന് പുറമെ ഈട് നില്‍ക്കുകയും ചെയ്യുന്നു. ഈ ഒരു നിർമാണ രീതി രാജ്യത്തിനൊട്ടാകെ മാതൃകയാണ്. മാത്രമല്ല ഇതിലൂടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ ശരിയായ രീതിയിൽ സംസ്‌കരിക്കുക എന്നതിന് ഒരു ഉദാഹരണം കൂടിയാണ്.
യു പി ഗവൺമെൻ്റിൻ്റെ ഈ ഒരു സംരംഭം ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ രീതിയിലൂടെ മൊത്തം 813 കിലോമീറ്റർ റോഡുകൾ നിർമിക്കുകയും ബലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്ന കണക്കുകൾ.
ഈ പ്രക്രിയയിലൂടെ 466 റൂട്ടുകളിലേക്കുള്ള പാതകളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ശരാശരി ഒരു ദിവസം ഒരു റോഡും ഓരോ മൂന്നു ദിവസത്തിൽ ഒരു പാലവും നിർമിക്കുന്നു. ലോക ബാങ്ക് ബ്ലോഗുകളുടെ റിപ്പോർട്ട് പ്രകാരം പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടുള്ള റോഡ് നിർമാണത്തിൽ ഇന്ത്യയാണ് മുന്നിൽ. 2500 കിലോമീറ്ററിലധികം റോഡുകളാണ് ഇന്ത്യയിൽ ഇത്തരത്തിൽ നിർമിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക ഉൾപ്പെടെ 15 രാജ്യങ്ങളാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡുകൾ നിർമിക്കുന്ന രീതി പിന്തുടരുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ 813 കിലോമീറ്റർ റോഡുകളാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയത്. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് ഉത്തർപ്രദേശ്. റോഡുകളിലെ 567 ബ്ലാക്ക് സ്പോട്ടുകൾ നീക്കം ചെയ്യുന്നതിനായി 2023-24 സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയാണ് യുപി സർക്കാർ അനുവദിച്ചു നൽകിയത്. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 9 കിലോമീറ്ററോളം റോഡുകൾ വീതി കൂട്ടുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ പ്രതിദിനം 11 കിലോമീറ്റർ എന്ന നിരക്കിലാണ് പുതിയ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
നിലവിൽ 27397 കിലോമീറ്റർ ഗ്രാമീണ റോഡുകളാണ് യോഗി സർക്കാരിന്‍റെ ഭരണകാലത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഇതിനു പുറമെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി മൊത്തം 181 റോഡ് നിർമ്മാണ പ്രവൃത്തികളും പൂർത്തീകരിച്ചു. മുഖ്യമന്ത്രി സമഗ്ര ഗ്രാമ വികാസ് യോജനയ്ക്ക് കീഴിലായിരുന്നു ഇതിന്‍റെ നിർമാണം. 2023-24 വർഷങ്ങളിൽ ഇതുവരെ 44382 കിലോമീറ്റർ റോഡുകളാണ് കുഴി രഹിതമാക്കിയത്. 26976 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.