ന്യൂഡൽഹി: ആരോഗ്യമേഖലയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും. ഡിജിറ്റൽ ആരോഗ്യം, ആരോഗ്യ സംരക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗം, വയോജന പരിപാലനം, സാംക്രമികേതര രോഗങ്ങളെ നേരിടൽ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കാനാണ് നീക്കം. ജനീവയിൽ നടക്കുന്ന 77-ാമത് ലോകാരോഗ്യ അസംബ്ലി (ഡബ്ല്യുഎച്ച്എ) സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
2018ല്‍ ഒപ്പുവെച്ച സഹകരണ മെമ്മോറാണ്ടത്തില്‍ ഉന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടതായാണ് വിവരം. കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജനീവ കോണ്‍ഫറൻസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ഡിജിറ്റൽ ആരോഗ്യം, ആരോഗ്യ സംരക്ഷണത്തിലെ എഐ ഉപയോഗം, വയോജന പരിചരണം, സാംക്രമികേതര രോഗങ്ങൾ എന്നിവയിലേക്കുള്ള സഹകരണ മേഖലകൾ വിപുലീകരിക്കുന്നതിന് പുറമേ, ജപ്പാനിലെ അവസരങ്ങൾക്കായി നഴ്‌സിങ് പ്രൊഫഷണലുകൾക്ക് ജാപ്പനീസ് ഭാഷയിൽ പരിശീലനം നൽകുവാനും നിലവിലുള്ള പരിപാടി ശക്തിപ്പെടുത്താനും ഇരുപക്ഷവും തീരുമാനിച്ചു. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമന്വയവും പരസ്‌പര ധാരണകളും കണക്കിലെടുത്ത് "ഇന്ത്യ-ജപ്പാൻ ഡിജിറ്റൽ പങ്കാളിത്തം" (IJDP) ആരംഭിച്ചത്.
അതേസമയം, മങ്കി പേക്‌സ് (Mpox) (2024-2027) തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി ലോകാരോഗ്യ സംഘടന നിബന്ധനകളും കോണ്‍ഫറൻസില്‍ പുറത്തിറക്കി. രോഗം വ്യാപിക്കുന്നത് പരമാവധി തടയാനായി മുൻകരുതല്‍ നടപടികള്‍ കൃത്യമായി സ്വീകരിക്കുക എന്നതാണ് രോഗനിയന്ത്രണത്തിന് ഉചിതമാര്‍ഗമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ALSO READ : ഒറ്റയ്‌ക്കാണോ? കൂട്ടിന് എഐ ഉണ്ട്; ഏകാന്തതയ്‌ക്കെതിരെ നിര്‍മ്മിത ബുദ്ധി ഫലപ്രദമെന്ന് പഠനം