ന്യൂഡല്‍ഹി : ശ്വാസത്തിലൂടെ മദ്യത്തിന്‍റെ അളവ് തിരിച്ചറിയാനുള്ള ഉപകരണം വികസിപ്പിച്ചെടുത്ത് ജോധ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടികൂടാന്‍ ഏറെ സഹായകമാകുന്ന ഉപകരണമാണിത് (measuring alcohol content in the breath).
ആസ്‌തമ, പ്രമേഹം, ഹൃദയാഘാതം, ഉറക്കപ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനും ഈ ഉപകരണത്തിനാകും. വ്യക്തികളുടെ ശ്വാസത്തിന്‍റെ ഗതി വിഗതികളെയും അവയിലെ ജൈവ സാന്നിധ്യത്തെയും നിരീക്ഷിച്ചാണ് രോഗനിര്‍ണയം സാധ്യമാകുകയെന്ന് ജോധ്പൂര്‍ ഐഐടി വ്യക്തമാക്കി. ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ശ്വാസതടസം അടക്കമുള്ളവ തിരിച്ചറിയാന്‍ ഈ ഉപകരണത്തിന് ശേഷിയുണ്ട് (IIT Jodhpur).
അന്തരീക്ഷ മലിനീകരണം മനുഷ്യരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഈ ഘട്ടത്തില്‍ ചെലവ് കുറഞ്ഞ ആരോഗ്യ നിരീക്ഷണ ഉപകരണങ്ങളുടെ ആവശ്യകത വര്‍ധിച്ച് ഇരിക്കുകയാണ്( human breath sensor). നിലവിലുള്ള ശ്വാസ പരിശോധികളെ അപേക്ഷിച്ച് ഏറെ ചെലവ് കുറഞ്ഞതാണ് തങ്ങള്‍ വികസിപ്പിച്ചെടുത്ത ഉപകരണമെന്നും ജോധ്പൂര്‍ ഐഐടിയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു.
ഫ്യൂവല്‍ സെല്‍, അഥവ മെറ്റല്‍ ഓക്സൈഡ് സാങ്കേതികതയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. നിലവിലുള്ള ബ്രെത്ത് അനലൈസറുകള്‍ ഏറെ വലുതും ധാരാളം സമയമെടുക്കുന്നതുമാണെന്നും ഊര്‍ജ ഉപഭോഗം കൂടുതലാണെന്നും ജോധ്പൂര്‍ ഐഐടിയിലെ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സാക്ഷി ധനേക്കര്‍ പറയുന്നു. തങ്ങള്‍ വികസിപ്പിച്ച ഉപകരണം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു.
സാധാരണ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാനാകുന്ന ഉപകരണമാണിതെന്ന് ജോധ്പൂര്‍ ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥി നിഖില്‍ വദേര പറഞ്ഞു. സാമ്പിളില്‍ മദ്യസാന്നിധ്യമുണ്ടെങ്കില്‍ ഇതിന്‍റെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുമെന്നും വദേര ചൂണ്ടിക്കാട്ടി. പിന്നീട് ഇത് മദ്യത്തിന്‍റെ അളവ് അനുസരിച്ച് ചില മാറ്റങ്ങള്‍ സൂചിപ്പിക്കുന്നു. ഇലക്‌ട്രോണിക് നോസ് സാങ്കേതികതയിലൂന്നിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതും പ്രവര്‍ത്തനങ്ങളും എഐ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ്.
പുതിയ ഉപകരണം വികസിപ്പിക്കുന്നതിനായി ബയോടെക്നോളജി ഇഗ്നിഷന്‍ ഗ്രാന്‍റ് സ്‌കീം, ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍റ്സ് കൗണ്‍സില്‍, സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡ്, സൂക്ഷ്‌മ- ചെറുകിട - ഇടത്തരം വ്യവസായ മന്ത്രാലയം തുടങ്ങിയവ സംയുക്തമായാണ് പണം ചെലവിട്ടത്.