ഭുവനേശ്വർ (ഒഡീഷ): രാജ്യത്തെ എല്ലാ മേഖലയിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗം ദിനംപ്രതി വർധിച്ചുവരികയാണ്. ഇപ്പോൾ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലും എഐ പ്രവേശിച്ചിരിക്കുന്നു. എഐ പ്രൊഫസറെ നിയമിക്കുന്ന രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാകാൻ ഒരുങ്ങുകയാണ് ഒഡീഷയിലെ സംബാൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ്. വിദ്യാർഥികളെ പഠിപ്പിക്കാനായി എഐ പ്രൊഫസറെ സ്ഥാപനത്തിൽ നിയമിക്കും.
സംബാൽപൂർ ഐഐഎമ്മിന്‍റെ പത്താം വാർഷികോഘോഷത്തോടനുബന്ധിച്ചാണ് പുതിയ എഐ പ്രൊഫസറെ നിയമിക്കാനൊരുങ്ങുന്നത്. ഇതോടെ ക്ലാസുകളിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യത്തെ സ്ഥാപനമായിരിക്കും സംബാൽപൂർ ഐഐഎം. പുതിയ പദ്ധതിക്കായി ഐഐഎം സംബാൽപൂരിനെ പിന്തുണയ്ക്കാൻ ഒരു അമേരിക്കൻ കമ്പനിയും ഉണ്ടാകും.
പഠനം എങ്ങനെയായിരിക്കും?
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിൽ മറ്റ് പ്രൊഫസറുകളോ ഫാക്കൽറ്റികളോ ഉണ്ടായിരിക്കില്ല. സാങ്കേതികവിദ്യ ഒരു മനുഷ്യ പ്രൊഫസറിന്‍റെ ആവശ്യം ഇല്ലാതാക്കും എന്നാണ് ഇതിനർത്ഥം. വിദ്യാർഥികളുടെ പഠനശേഷി വർധിപ്പിക്കുന്നതിന് പുതിയ എഐ പ്രൊഫസർ സഹായകമാകുമെന്നാണ് സമ്പൽപൂർ ഐഐഎം ഡയറക്‌ടർ മഹാദേവ് പജാരി ജയ്‌സ്വാൾ അഭിപ്രായപ്പെടുന്നത്.
പുതിയ സാങ്കേതികവിദ്യ വരുന്നതോടെ വീഡിയോ വഴിയാകും ക്ലാസുകൾ നടക്കുക. ക്ലാസിനു ശേഷം വിദ്യാർഥികൾക്ക് മനസിലായോ എന്ന് പരിശോധിക്കാൻ എഐ പ്രൊഫസർ ക്വിസുകളിലൂടെയും ടെസ്റ്റുകളിലൂടെയും നിരീക്ഷിക്കും. മനസിലാവാത്ത കാര്യങ്ങൾ വീണ്ടും പഠിപ്പിക്കാനും എഐ പ്രൊഫസറെ കൊണ്ട് സാധിക്കും.
അഞ്ച് എഐ പ്രൊഫസർമാരെ നിയമിക്കാനാണ് ഐഐഎം നിലവിൽ പദ്ധതിയിടുന്നത്. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പിന്നീട് എല്ലാ പ്രോഗ്രാമുകളിലേക്കും വ്യാപിപ്പിക്കുമെന്നും ജയ്‌സ്വാൾ അറിയിച്ചു. പത്ത് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും സമ്പൽപൂർ ഐഐഎം ഡയറക്‌ടർ കൂട്ടിച്ചേർത്തു.
49 വിദ്യാർഥികളുമായി ആരംഭിച്ച മാനേജ്‌മെന്‍റ് സ്ഥാപനമായ സംബാൽപൂർ ഐഐഎം ഇപ്പോൾ പത്ത് വർഷം പൂർത്തിയാക്കുകയാണ്. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഐഐഎം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പത്താം വാർഷികത്തോടനുബന്ധിച്ച് പുതുചരിത്രം കുറിക്കാനൊരുങ്ങുകയാണ് സംബാൽപൂർ ഐഐഎം.